അഹമ്മദാബാദ് ജേതാക്കള്‍

കൊച്ചി: ബംഗളുരു ടോര്‍പീഡോസിനെ 3-2 നു തോല്‍പ്പിച്ച് അഹമ്മദബാദ് ഡിഫന്‍ഡേഴ്‌സ് പ്രൈം വോളിബോള്‍ ലീഗ് രണ്ടാം സീസണിലെ ചാമ്പ്യനായി. കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരം വാശിയേറിയതായി. സ്‌കോര്‍: 15-7, 15-10, 18-20, 13-15, 15-10. പ്രഥമ സീസണിലെ റണ്ണര്‍ അപ്പായിരുന്നു അഹമ്മദബാദ് ഡിഫന്‍ഡേഴ്‌സ്. കിരീട നേട്ടം കോച്ച് ദക്ഷിണാമൂര്‍ത്തിയുടെ കിരീടത്തില്‍ പൊന്‍തൂവലായി. മുപ്പതിലധികം താരങ്ങളെ രാജ്യാന്തര പ്രശസ്തിയിലേക്കു കൊണ്ടു വന്ന കോച്ചാണു ദക്ഷിണാമൂര്‍ത്തി. ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലില്‍ കാലിക്കറ്റ് ഹീറോസിനെ തോല്‍പ്പിച്ചാണ് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിന്റെ മുന്നേറ്റം. 3-1 നായിരുന്നു അഹമ്മദാബാദ് ഫൈനലില്‍ കടന്നത്.

ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനെ അട്ടിമറിച്ചാണു ടോര്‍പീഡോസ് ഫൈനലില്‍ കടന്നത്. മികച്ച പ്രകടനം കാഴ്ചവച്ച അങ്കമുത്തുവാണു ഫൈനലിലെ താരമായത്. എല്‍.എം. മനോജും നന്ദഗോപാലും ചേര്‍ന്നു നടത്തിയ നീക്കങ്ങള്‍ അഹമ്മദബാദിനു വെല്ലുവിളിയായി. ഐബിന്‍, പങ്കജ് എന്നിവരുടെ ആക്രമണങ്ങളും അഹമ്മദബാദിനു പ്രതികൂലമായി. നായകന്‍ മുത്തുസ്വാമി അപ്പാവു, അങ്കമുത്തു, ഡാനിയേല്‍, മനോജ് എന്നിവര്‍ കളം പിടിച്ചതോടെ ടോര്‍പീഡോസ് പിന്നാക്കം പോയി. ടോര്‍പീഡോസ് കോച്ച് ഗ്രേസണും വിട്ടു കളയാന്‍ ഒരുക്കമല്ലായിരുന്നു. ഇരു ടീമുകളും സ്‌പൈക്കുകളോടെ ഒപ്പത്തിനൊപ്പമാണു കളി തുടങ്ങിയത്. ബംഗളുരു പതുക്കെ കളംപിടിച്ചു. പങ്കജ് മിന്നുന്ന സ്‌പൈക്കുമായി ലീഡൊരുക്കി. അഹമ്മദാബാദ് ഗംഭീരമായി തിരിച്ചെത്തി. ഡാനിയല്‍ മൊതാസെദിയുടെ വമ്പന്‍ ബ്ലോക്കുകള്‍ അഹമ്മദാബാദിനെ മുന്നില്‍ കൊണ്ടുവന്നു. ഒന്നാം സെറ്റില്‍ അഹമ്മദാബാദ് 8-5 ന് മുന്നിലെത്തി. ജിഷ്ണുവിന്റെ സ്‌പൈക്ക് അഹമ്മദാബാദിന്റെ പ്രതിരോധം തകര്‍ത്തെങ്കിലും മൊയെതാസെദിയുടെ മികവ് ബംഗളൂരിവിനെ തടഞ്ഞു. ഇറാന്‍ താരത്തിന്റെ സെര്‍വ് ബംഗളൂരുവിന്റെ പ്രതിരോധത്തില്‍ തട്ടിത്തറിച്ചതോടെ സെറ്റ് അഹമ്മദാബാദ് സ്വന്തമാക്കി. രണ്ടാം സെറ്റിലും മികച്ച തുടക്കമായിരുന്നു അഹമ്മദാബാദിന്. അങ്കമുത്തുവിന്റെ സ്‌പൈക്കിന് ട്രിപ്പിള്‍ ബ്ലോക്കുമായി ബംഗളുരു തടയിടയാന്‍ ശ്രമിച്ചു.

സന്തോഷിന്റെ സ്‌പൈക്ക് ബംഗളൂരുവിന്റെ പ്രതിരോധം ചിതറിച്ചതോടെ അഹമ്മദാബാദ് ലീഡ് ഉയര്‍ത്തി. മനോജും സന്തോഷും ചേര്‍ന്നുള്ള ബ്ലോക്കുകളും ബംഗളൂരുവിനെ തളര്‍ത്തി. നായകന്‍ പങ്കജിന്റെ സ്‌പൈക്കില്‍ ബംഗളൂരു തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും ഡിഫന്‍ഡേഴ്‌സിന്റെ മിന്നുന്ന നീക്കങ്ങളില്‍ പിടിച്ചുനില്‍ക്കാനായില്ല. തകര്‍പ്പനൊരു റാലിക്കൊടുവില്‍ മുത്തുസ്വാമിയൊരുക്കിയ അവസരത്തില്‍ അങ്കമുത്തു സ്മാഷ് ചെയ്തതോടെ രണ്ടാം സെറ്റ് അഹമ്മദാബാദ് കൈക്കലാക്കി. മൂന്നാം സെറ്റില്‍ തുടര്‍ച്ചയായി ആറ് പോയിന്റുകള്‍ നേടി ബംഗളൂരു മുന്നേറി. ആക്രണാത്മകമായി കളിച്ച അവര്‍ അഹമ്മദാബാദിന് ഒരു അവസരവും നല്‍കിയില്ല. സേതുവിന്റെ സൂപ്പര്‍ പോയിന്റിലൂടെ നേട്ടം വര്‍ധിപ്പിച്ചു.

മത്സരത്തില്‍ ബംഗളൂരു നിയന്ത്രണം നിലനിര്‍ത്തി. ബംഗളൂരു ലീഡ് വര്‍ധിപ്പിച്ചുകൊണ്ടിരുന്നു. മൊയെതാസെദിയുടെ മനോഹര സ്‌പൈക്കില്‍ അഹമ്മദാബാദ് ലീഡ് കുറയ്ക്കാന്‍ ശ്രമിച്ചു. 11-8 എന്ന നിലയില്‍ അപ്പോഴും ബംഗളൂരു നിയന്ത്രണം നേടി. ബംഗളൂരു സെറ്റ് പോയിന്റിന് അരികെയത്തി. സന്തോഷിന്റെ സ്പൈക്കില്‍ അഹമ്മദാബാദ് തിരിച്ചുവന്നു. അലിറെസ അബലൂച്ചിന്റെ പിഴവില്‍ ബംഗളുരു പിന്നിലായി. മറുവശത്ത് മൊയെതാസെദിയുടെ കൈയില്‍ തട്ടി പന്ത് പുറത്തുപോയതോടെ അഹമ്മദാബാദ് ലീഡ് കൈവിട്ടു. പിഴവിന് തകര്‍പ്പന്‍ സ്‌പൈക്കിലൂടെ മൊയെതാസെദി മറുപടി നല്‍കി. അഹമ്മദാബാദ് വീണ്ടും മാച്ച് പോയിന്റ് അരികെയെത്തി. ബംഗളൂരു വിട്ടുകൊടുത്തില്ല. സേതുവിന്റെ മികവില്‍ ബംഗളൂരു സ്‌കോര്‍ 18-17 ല്‍ എത്തിച്ചു. കളി ആവേശകരമായി മുന്നേറി. സൂപ്പര്‍ പോയിന്റ് അവസരത്തില്‍ അങ്കമുത്തുവിന് വലിയ പിഴവ് സംഭവിച്ചതോടെ അഹമ്മദാബാദ് പിന്നിലായി. അങ്കമുത്തുവിന്റെ സ്പൈക്ക് തടഞ്ഞ് മുജീബ് ബംഗളുരൂവിന്റെ പ്രതീക്ഷ സജീവമാക്കി. മുജീബിന്റെ സൂപ്പര്‍ സര്‍വ് ബംഗളൂരുവിന് നാലാം സെറ്റ് നല്‍കി. നിര്‍ണായകമായ അഞ്ചാം സെറ്റില്‍ അങ്കമുത്തുവിന്റെ സ്‌പൈക്കുകളിലൂടെ അഹമ്മദാബാദ് ലീഡ് നേടി. അവരുടെ ബ്ലോക്കിങ്ങും മികച്ചതായി. സേതുവിന്റെ പ്രതിരോധ മികവിലൂടെ ബംഗളൂരു ലീഡ് കുറയ്ക്കാന്‍ തുടങ്ങി. സന്തോഷിന്റെ സൂപ്പര്‍ സര്‍വില്‍ കളിപിടിച്ച അവര്‍ ജയവും കിരീടവും സ്വന്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →