നീലഗിരി വനമേഖലയിൽ കഴുകന്മാരുടെ എണ്ണം തിട്ടപ്പെടുത്താൻ സർവേ നടത്തുന്നു

സുൽത്താൻബത്തേരി: നീലഗിരി വനമേഖലയിലെ കഴുകൻമാരുടെ കണക്കെടുപ്പ്. വി ദ​ഗ്ധരായ വോളണ്ടിയർമാരുടെ സഹായത്തോടെയാണ് കണക്കെടുപ്പ് നടത്തുന്നത്. ദക്ഷിണേന്ത്യയിൽ മുതുമല, സത്യമംഗലം, മുത്തങ്ങ, ബന്ദിപ്പൂർ, നാഗർഹോള തുടങ്ങിയ പ്രദേശങ്ങളിൽ പോയ വർഷങ്ങളിൽ നടത്തിയ കണക്കെടുപ്പിൽ കണ്ടെത്താൻ കഴിഞ്ഞത് നൂറിൽ താഴെ മാത്രം കഴുകന്മാരെയാണ്.

വൈറ്റ് റബ്ഡ് വൾച്ചർ, കിങ് വൾച്ചർ, ലോങ് ബിൽഡ് വൾച്ചർ തുടങ്ങിയ ഇനങ്ങളാണ് ഈ പ്രദേശങ്ങളിൽ സാധാരണയായി കാണപ്പെടുന്നത്. ദക്ഷിണേന്ത്യയിൽ കഴുകന്മാരുടെ പ്രചനന കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ട ഇടമാണ് മുതുമല ടൈഗർ റിസർവ്വ്. ഇവിടുത്തെ മായർപള്ളത്ത് കൂവ്, സീഗൂർ എന്നീ വനമേഖലകളിലാണ് കഴുകൻ കൂടുകൾ കണ്ടെത്താനായത്. കഴുകന്മാരുടെ എണ്ണം തിട്ടപ്പെടുത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മുപ്പത് സംഘങ്ങളാണ് സർവ്വെയിൽ ഏർപ്പെട്ടിരിക്കുന്നത്. വരുന്ന ഏതാനും ദിവസങ്ങൾ കൂടി വനത്തിനുള്ളിലൂടെ സഞ്ചരിച്ചുള്ള സർവ്വെ പ്രവർത്തനങ്ങൾ തുടരും. ഇതിന് ശേഷം എടുത്ത ഫോട്ടോകളും മറ്റും വെച്ചുള്ള പഠനമായിരിക്കും നടക്കുക. മൂന്ന് സംസ്ഥാനങ്ങളിലെയും സർവ്വേ പൂർത്തിയായതിന് ശേഷമേ കഴുകന്മാരുടെ എണ്ണം പുറത്തുവിടൂവെന്ന് തമിഴ്‌നാട് വനം വകുപ്പ് അറിയിച്ചു.

നീലഗിരി, ബന്ദിപൂർ, വയനാട് വനമേഖലകളിൽ കടുവ, പുള്ളിപുലി എന്നിവയുടെ എണ്ണം മുൻവർഷങ്ങളെ അപേക്ഷിച്ച് വർധിച്ചുവരികയാണ്. ഇത് കഴുകൻ, കഴുതപ്പുലി എന്നിവയുടെ വർധവിനും കാരണമായിട്ടുണ്ടെന്നാണ് കണ്ടെത്തൽ. കടുവയും പുലിയുമൊക്കെ ഭക്ഷിച്ച് ഉപേക്ഷിക്കുന്ന ഇരകളുടെ അവശിഷ്ടങ്ങൾ വനത്തിൽ യഥേഷ്ടം ലഭിക്കാൻ തുടങ്ങിയതോടെയാണ് കഴുകൻമാരുടെ എണ്ണം വർധിക്കാനിടയായത്. വനത്തിൽ ഏറെയും വിജനമായ പ്രദേശത്ത് തമ്പടിച്ചാണ് സർവ്വെ സംഘത്തിന്റെ നിരീക്ഷണം.

ബൈനോക്കുലർ വഴി കഴുകൻമാരുടെ സാന്നിധ്യം ഉറപ്പുവരുത്തിയതിന് ശേഷം ഇവയുടെ ഫോട്ടോകളും വീഡിയോയും സംഘം എടുക്കും. എണ്ണത്തിന് പുറമെ കഴുകന്റെ നിറം, വലിപ്പം, ഏത് സമയത്ത് കാണപ്പെടുന്നു തുടങ്ങിയ കാര്യങ്ങളും രേഖപ്പെടുത്തും. നീലഗിരി വനമേഖലയിൽ വൈറ്റ് റബ്ഡ് വിഭാഗത്തിൽപ്പെട്ട കഴുകൻമാരുടെ കൂടുകളാണ് ഇതുവരെ കണ്ടെത്തിവയിൽ കൂടുതൽ. കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കുള്ളിൽ നടന്ന കണക്കെടുപ്പിൽ നാൽപ്പത്തിയഞ്ച് മുതൽ അമ്പത് കൂടുകൾ വരെ കണ്ടെത്തിയെന്ന് അധികൃതർ പറഞ്ഞു. ഇത്തവണ കൂടുകളുടെ എണ്ണവും കഴുകന്മാരുടെ എണ്ണവും വർധിച്ചേക്കാമെന്നാണ് സർവ്വേ സംഘം നൽകുന്ന വിവരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →