ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ഡോക്യുമെന്ററിയുടെ പേരില്‍ ബി.ബി.സിക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്തയാണു ബി.ബി.സിക്കെതിരേ സുപ്രീം കോടതിയെ സമീപിച്ചത്.
ഹര്‍ജി പൂര്‍ണമായും തെറ്റിദ്ധാരണാജനകമാണെന്നു കോടതി ചൂണ്ടിക്കാട്ടി. ഒരു ഡോക്യുമെന്ററി എങ്ങനെയാണു രാജ്യത്തെ ബാധിക്കുക? ഇത് എങ്ങനെയാണു വാദത്തിനെടുക്കുക? രാജ്യത്തു പൂര്‍ണമായും സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തണമെന്നാണോ ഹര്ജിക്കാരന് ആവശ്യപ്പെടുന്നതെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം.എം. സുന്ദരേശ് എന്നിവരുള്‍പ്പെട്ട ബെഞ്ച് ചോദിച്ചു.
ബി.ബി.സി. മനഃപൂര്‍വം ഇന്ത്യയുടെ പ്രതിഛായ മോശമാക്കുകയാണെന്നു ഹര്‍ജിക്കാരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക പിങ്കി ആനന്ദ് ആരോപിച്ചു. വിവാദ ഡോക്യുമെന്ററിക്കു പിന്നിലുള്ള ഗൂഢാലോചന ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ആഗോളതലത്തില്‍ ഇന്ത്യയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വളര്‍ച്ചയ്ക്കെതിരായ ഗൂഢാലോചനയുടെ ഫലമാണു ബി.ബി.സി. ഡോക്യുമെന്ററി. രാജ്യത്തിന്റെ സാമൂഹികാന്തരീക്ഷം തകര്‍ക്കാനുള്ള ഹിന്ദുവിരുദ്ധ പ്രചാരണമാണു ബി.ബി.സിയുടേതെന്നും ഹര്ജിക്കാരന് ആരോപിച്ചു.

