റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂര്‍: അര്‍ബന്‍ നിധി നിക്ഷേപത്തട്ടിപ്പുവഴി പ്രതികള്‍ സമാഹരിച്ച കോടികള്‍ എങ്ങോട്ടുപോയെന്നു ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം അന്വേഷണമാരംഭിച്ചു. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റന്വേഷണവിഭാഗം കണ്ണൂര്‍ റെയ്ഞ്ച് എസ്.പി: എം.പ്രദീപ് കുമാറിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. ഡിവൈ.എസ്.പി: ടി.മധുസൂദനന്‍ നായരാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.
500 കോടിയോളം രൂപ നിക്ഷേപകരില്‍നിന്നു പ്രതികള്‍ തട്ടിയെടുത്തെന്നാണു പ്രാഥമിക നിഗമനം. നിക്ഷേപകരില്‍നിന്നു തട്ടിയെടുത്ത തുക എങ്ങോട്ടാണ് കടത്തിയതെന്നു നേരത്തെ കേസ് അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണസംഘത്തിന് കണ്ടെത്താനിയിട്ടില്ല. വിദേശ ബാങ്കുകളിലെ ബിനാമി അക്കൗണ്ടുകളിലേക്കു പണം എത്തിയോ എന്നാണ് ഇനി അന്വേഷിക്കുക. ഇതിനായി കേന്ദ്ര ഏജന്‍സികളുടെ സഹായം അനിവാര്യമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. കമ്പനിക്കും ഡയറക്ടര്‍ക്കുമായി 42 ബാങ്ക് അക്കൗണ്ടുള്ളതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അര്‍ബന്‍ നിധിയില്‍നിന്നും അവരുടെ തന്നെ സ്ഥാപനമായ എനി ടൈം മണിയില്‍നിന്നും ഒഴുകിയ കോടികള്‍ ആരുടെ അക്കൗണ്ടിലാണ് എത്തിയതെന്ന വിവരം ഇതുവരെ ലഭിച്ചിട്ടില്ല. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ പലതിലും നിലവില്‍ പണമില്ലാത്ത അവസ്ഥയാണ്. നാമമാത്രമായ തുക മാത്രമേ അക്കൗണ്ടുകളില്‍ ഉള്ളൂ. കസ്റ്റഡിയിലെടുത്ത പ്രതികളോട് ഇക്കാര്യം ചോദിച്ചപ്പോള്‍ പണം എറണാകുളം സ്വദേശിയും മുഖ്യപ്രതികളിലൊരാളുമായ ആന്റണി വകമാറ്റിയെന്ന മൊഴിയാണു നല്‍കിയത്. അതുകൊണ്ടു തന്നെ ആന്റണിയെ അറസ്റ്റ് ചെയ്താല്‍ മാത്രമേ കോടികളെക്കുറിച്ചുള്ള വ്യക്തത കൈവരികയുള്ളൂ.

അര്‍ബന്‍ നിധി നിക്ഷേപത്തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാനായി പോലീസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങി. കമ്പനി ഡയറക്ടര്‍മാരും ഒന്നും മൂന്നും പ്രതികളുമായ തൃശൂര്‍ വരവൂരിലെ കുന്നത്ത് പീടികയില്‍ കെ.എം. ഗഫൂര്‍ (46), മലപ്പുറം ചങ്ങരംകുളം മേലെടത്ത് ഷൗക്കത്തലി (43) എന്നിവരെയാണ് മൂന്നുദിവസത്തേക്കു കസ്റ്റഡിയില്‍ വാങ്ങിയത്. ഇതിനിടെ കേസിലെ നാലാം പ്രതിയും അര്‍ബന്‍ നിധി മാനേജരുമായ പി.വി. പ്രഭീഷ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ കഴിഞ്ഞ ദിവസം കീഴടങ്ങി. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *