തിരുവനന്തപുരം: ഇന്ത്യന്‍ ക്ലാസ്സിക്കല്‍ നൃത്ത-നാട്യകലകളുടെ വളര്‍ച്ചയില്‍ ജീവിതമര്‍പ്പിച്ച മുതിര്‍ന്ന പ്രതിഭകളെ ആദരിക്കുന്നതിനായി സാംസ്‌ക്കാരിക വകുപ്പിനുവേണ്ടി ഗുരുഗോപിനാഥ് നടനഗ്രാമം ഏര്‍പ്പെടുത്തിയ 2022ലെ ഗുരുഗോപിനാഥ് ദേശീയ നാട്യപുരസ്‌ക്കാരത്തിന് നാമനിര്‍ദ്ദേശങ്ങളും അപേക്ഷകളും ക്ഷണിച്ചു. മൂന്നുലക്ഷം രൂപ, ഫലകം, പ്രശസ്തിപത്രം എന്നിവയടങ്ങുന്നതാണ് പുരസ്‌ക്കാരം. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച ശാസ്ത്രീയ നൃത്ത-നാട്യകലകളിലെ സമഗ്ര സംഭാവനയാണ് പുരസ്‌ക്കാരത്തിനുള്ള പ്രധാന പരിഗണന. നൃത്താചാര്യന്‍ ഗുരുഗോപിനാഥിന്റെ പേരില്‍ കേരളത്തിലെ നൃത്ത-നാട്യ പ്രതിഭകള്‍ക്ക് നല്‍കിവന്ന പുരസ്‌ക്കാരം 2018ലാണ് ദേശീയ പുരസ്‌ക്കാരമായി ഉയര്‍ത്തിയത്.
പുരസ്‌ക്കാരത്തിനായി സ്വയം അപേക്ഷിക്കാത്തവര്‍ക്കുവേണ്ടി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നാമനിര്‍ദ്ദേശങ്ങളയയ്ക്കാം. പുരസ്‌ക്കാരത്തിന് ഒരിക്കല്‍ തിരഞ്ഞെടുത്ത നൃത്തരൂപം പിന്നീട് പരിഗണിക്കപ്പെടുക മൂന്നു വര്‍ഷത്തിന് ശേഷമായിരിക്കും. അപേക്ഷകളും നാമനിര്‍ദ്ദേശങ്ങളും ഫെബ്രുവരി 21നകം സെക്രട്ടറി, ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം- 695013 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: +91-471-2364771.



