ദില്ലി: ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയ സജി ചെറിയാനെതിരായ തെളിവുകൾ ശേഖരിക്കുന്നതിൽ പൊലീസ് ഗുരുതര വീഴ്ച വരുത്തിയെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. സി പി എം ഭീഷണിക്ക് വഴങ്ങി പോലീസ് നട്ടെല്ല് പണയം വെച്ചതിനാലാണ് സജി ചെറിയാന് മന്ത്രിസ്ഥാനം നൽകി വാഴിക്കുന്ന കാഴ്ച കേരളത്തിന് കാണേണ്ടി വരുന്നത്. ഈ കേസ് അട്ടിമറിക്കാൻ ഭരണതലത്തിലും സി പി എം നേതൃതലത്തിലും വൻ ഗൂഢാലോചന നടന്നിട്ടുണ്ട്.
പ്രത്യക്ഷത്തിൽ തെളിവുകളുണ്ടായിട്ടും സജി ചെറിയാനെതിരെ തെളിവില്ലെന്ന പൊലീസിന്റെ കണ്ടെത്തൽ ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നതിന് തുല്യമാണ്. തെളിവുകൾ കോടതിയിലെത്താതെ നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കുകയാണ് സർക്കാരും പൊലീസും. ഭരണഘടനയെ പരിഹസിച്ചും അപമാനിച്ചും സജി ചെറിയാൻ നടത്തിയ പരാമർശം ഇന്നും പൊതുസമൂഹത്തിന് മുന്നിൽ തെളിവായി അവശേഷിക്കുന്നു. അവ കണ്ടെത്തി, സാക്ഷിമൊഴികളുടെ പിൻബലത്തിൽ ഭരണഘടനാ വിരുദ്ധത പ്രസംഗിച്ച വ്യക്തിയെ നീതിന്യായ കോടതിയ്ക്ക് മുന്നിൽ തുറന്നുകാട്ടുന്നതിന് പകരം ആഭ്യന്തരമന്ത്രിയുടെ തിട്ടൂരം പേറുന്ന അടിമകളായാണ് പൊലീസ് പ്രവർത്തിച്ചത്.
സിപിഎം നേതാക്കൾ ചെയ്യുന്ന എല്ലാ നിയമവിരുദ്ധ പ്രവൃത്തികളുടെയും കാവലാളായി പ്രവർത്തിക്കേണ്ട നാണംകെട്ട സേനയായി കേരള പൊലീസ് അധപതിച്ചു. സജി ചെറിയാനെ ഏതുവിധേനെയും സംരക്ഷിച്ച് കേസ് അന്വേഷണം അട്ടിമറിക്കാനുള്ള വഴികളാണ് പോലീസ് തേടിയത്. ജനങ്ങളെ വിഡ്ഢികളാക്കി ആർ എസ് എസ് ആശയങ്ങൾക്ക് പിന്തുണ നൽകുകയാണ് സിപിഎം. ഭരണഘടനയെ അധിക്ഷേപിക്കുന്നതിൽ സി പി എമ്മിനും ആർഎസ്എസിനും ഒരേ മുഖമാണ്. അതിന് തെളിവാണ് സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള സിപിഎം തീരുമാനം. ജനാധിപത്യത്തിൽ വിശ്വാസമില്ലാത്ത സി പി എമ്മിന് ഭരണഘടനയെ പുച്ഛമാണ്. കേരളത്തിൽ ആർ എസ് എസ് അജണ്ടകൾ നടപ്പാക്കാൻ ശ്രമിക്കുന്ന സി പി എം പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞും ഭരണഘടന വിരുദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. നീതിന്യായ വ്യവസ്ഥകളോട് ഒട്ടും താൽപ്പര്യമില്ലാത്ത സി പി എം എന്നും നിയമവിരുദ്ധ പ്രവർത്തനങ്ങളെ പ്രത്സോഹിപ്പിച്ചിട്ടുണ്ട്.
നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന സി പി എമ്മിന് ഒരു ധാർമികതയുമില്ല. ഭരണഘടനയോട് വിശ്വസ്തതയും കൂറും പുലർത്തുമെന്ന സത്യപ്രതിജ്ഞ ചെയ്ത സജി ചെറിയാനാണ് പരസ്യമായി അതിനെ അധിക്ഷേപിക്കുകയും അവിശ്വസിക്കുകയും ചെയ്തത്. അങ്ങനെയുള്ള വ്യക്തിയെ വീണ്ടും മന്ത്രിയാക്കുക വഴി രാജ്യത്തിന്റെ ഭരണഘടനയ്ക്കും അഖണ്ഡതയ്ക്കും ഭീഷണി ഉയർത്തുന്ന സംഘപരിവാർ ആശയങ്ങൾക്ക് സി പി എം നൽകുന്ന അംഗീകാരം കൂടിയാണെന്നും കെ സി വേണുഗോപാൽ പരിഹസിച്ചു.
.ചെയ്ത തെറ്റ് മനസിലാക്കാനോ വിവാദ പരാമർശം പിൻവലിക്കാനോ സജി ചെറിയാൻ ഇന്നുവരെ തയ്യാറായിട്ടില്ല. സംഘപരിവാർ ഭാഷ്യം കടമെടുത്ത് ഭരണഘടനയെ കുന്തവും കൊടച്ചക്രവുമായി വിശേഷിപ്പിച്ച വ്യക്തിയെ വീണ്ടും മന്ത്രിയാക്കുന്ന സിപിഎം സമൂഹത്തിന് നൽകുന്ന സന്ദേശം എന്താണ്? ഭരണഘടനയെ അവഹേളിക്കുന്നതിന് തുല്യമാണ് സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള സി പി എം തീരുമാനം. ഭരണഘടനയുടെ അന്തഃസത്തയെ എല്ലാക്കാലത്തും പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും എതിർക്കുന്ന സംഘപരിവാർ രാഷ്ട്രീയത്തിന്റെ തനിയാവർത്തനം നടത്തിയ വ്യക്തിയെ വീണ്ടും മന്ത്രിയാക്കാൻ സി പി എം തയ്യാറാകുന്നത് ഭയപ്പെടേണ്ട വസ്തുതയാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു

