ന്യൂഡല്‍ഹി: അന്താരാഷ്ട്ര വേദികളില്‍ വളരെ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് യുഎന്‍. നിലവില്‍ യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ അംഗത്വമുള്ളതിനാല്‍ ഇന്ത്യയ്ക്ക് വിവിധ മേഖലകളിലേ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാനും സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കുമെന്നും യുഎന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റ് തിജ്ജനി മുഹമ്മദ്-ബംദെ പറഞ്ഞു.യുഎന്‍ രക്ഷാസമിതി താല്‍ക്കാലികാംഗമായി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതികവിദ്യയുടെ കാര്യത്തില്‍, ആളുകളുടെ കാര്യത്തില്‍, ആശയങ്ങളുടെ കാര്യത്തില്‍ എല്ലാം ഇന്ത്യ ലോകത്ത് മുന്നിട്ട് നില്‍ക്കുന്നു. കൂടാതെ മറ്റ് പല അന്താരാഷ്ട്ര സംഘടനകളിലും ശക്തമായ സാന്നിധ്യമാണ്. അതിനാല്‍ വിദേശ രാജ്യങ്ങളില്‍ പോലും ഇന്ത്യയ്ക്കുള്ള പിന്തുണ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
192 അംഗരാജ്യങ്ങളില്‍ 184 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് യുഎന്‍ രക്ഷാസമിതിയില്‍ താല്‍ക്കാലികാംഗമായി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത്.ഏഷ്യ പസിഫിക് രാജ്യങ്ങള്‍ക്കുള്ള ക്വോട്ടയിലാണ് 2 വര്‍ഷം കാലാവധിയുള്ള അംഗത്വം. ഈ വിഭാഗത്തില്‍ ഇന്ത്യ മാത്രമേ മത്സര രംഗത്തുണ്ടായിരുന്നുള്ളൂ. അഫ് ഗാനി സ്ഥാനും സ്ഥാനത്തിന് ആഗ്രഹിച്ചിരുന്നെങ്കിലും ഇന്ത്യയ്ക്കു വേണ്ടി പിന്മാറി. ചുരുങ്ങിയത് 128 വോട്ട് കിട്ടിയാലേ തിരഞ്ഞെടുപ്പു സാധുവാകൂ. അതു കൊണ്ടാണ് ഒറ്റ മത്സരാര്‍ഥിയായിട്ടും വോട്ടെടുപ്പു നടത്തിയത്. എട്ടാം തവണയാണ് ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കുന്നത്.

