ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിൽ 2022 ഡിസംബർ മാസം ഒമ്പതിന് യഥാർത്ഥ നിയന്ത്രണരേഖ അതിക്രമിച്ച് കടക്കാൻ ശ്രമിച്ച ചൈനീസ് പട്ടാളക്കാരെ ഇന്ത്യൻ സൈനികർ തുരത്തി. ഏറ്റുമുട്ടലിൽ ഇരുഭാഗത്തും ഏതാനും പേർക്ക് നിസാര പരിക്കേറ്റു. ചൈനീസ് ഭാഗത്താണ് കൂടുതൽ പരിക്കെന്നും അറിയുന്നു. സമാധാനം നിലനിർത്താൻ ഇരുഭാഗത്തേയും കമാൻഡർമാർ ഫ്ലാഗ് മീറ്റിംഗ് നടത്തി.
മുന്നൂറോളം ചൈനീസ് സൈനികരാണ് കടന്നുകയറാൻ ശ്രമിച്ചത്. ഇത് ഇന്ത്യൻ സൈനികർ തടഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്. അടികൊണ്ട് ചൈനീസ് സേന പിൻവാങ്ങിയതോടെ സംഘർഷം അവസാനിച്ചു.
ചൈനയുടെ കണ്ണുള്ള പ്രദേശമായതിനാൽ ഇന്ത്യ ഇവിടെ പട്രോളിങ് ച ശക്തിപ്പെടുത്തിയിരുന്നു. അപ്രതീക്ഷിത നീക്കത്തിലൂടെ കടന്നുകയറാൻ ആയിരുന്നു ശ്രമം. 2020 ജൂണിൽ ഗാൽവന്‍ താഴ്വരയിൽ നടന്ന ഏറ്റുമുട്ടലിനു ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ സംഭവമാണിത്. 2020 ജൂണിലെ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരും നാൽപതിൽ അധികം ചൈനീസ് സൈനികരും കൊല്ലപ്പെട്ടിരുന്നു. എന്നാൽ തങ്ങളുടെ എത്ര സൈനികരാണ് കൊല്ലപ്പെട്ടതെന്ന് വിവരം ചൈന മറച്ചുവച്ചു.
ഈ സംഭവത്തോടെ നയതന്ത്ര ബന്ധം വഷളാകുകയും ഇരു രാജ്യങ്ങളും വൻതോതിൽ സേനാവിന്യാസം നടത്തുകയും ചെയ്തിരുന്നു. സൈനിക നയതന്ത്ര ചർച്ചകളിലൂടെ നഷ്ടമായ ബന്ധം വീണ്ടെടുക്കാൻ ശ്രമിക്കവേയാണ് പുതിയ സംഭവ വികാസം.

