മാവേലിക്കര: ബി.ജെ.പി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസന് വധക്കേസില്‍ ജയിലില്‍ കഴിയുന്ന 15 പ്രതികളെ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന്റെ വാദം പൂര്‍ത്തിയായി. പ്രതിഭാഗം വാദം കേള്‍ക്കാനായി കേസ് 12 ലേക്കു മാറ്റി.
അന്വേഷണ ഉദ്യോഗസ്ഥനായ ആലപ്പുഴ ഡിെവെ.എസ്.പി: എന്‍.ആര്. ജയരാജ് ഹാജരാക്കിയിട്ടുള്ള കുറ്റപത്രത്തിലെ എല്ലാ വകുപ്പുകളും തെളിയിക്കുന്നതിനുള്ള രേഖകള്‍ പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കി. ഇതേസമയം പ്രതികള്‍ക്കായി ഇന്നലെയും അഭിഭാഷകര്‍ ഹാജരായില്ല. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു.
വയലാറില്‍ ആര്.എസ്.എസ് പ്രവര്ത്തകന് കൊല ചെയ്യപ്പെട്ടതിന് ശേഷം കൊല്ലപ്പെടേണ്ടവരുടെ പട്ടിക തയാറാക്കാന്‍ പോപ്പുലര്‍ ഫ്രണ്ടുകാരായ പ്രതികള്‍ ഗൂഢാലോചന നടത്തിയതായി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പ്രതാപ്. ജി. പടിക്കല്‍ വാദിച്ചു.അഭിഭാഷകരെ ഹാജരാക്കാന്‍ കൂടുതല്‍ സമയം പ്രതികള്‍ ആവശ്യപ്പെട്ടതിനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എതിര്‍ത്തു. സ്വന്തമായി അഭിഭാഷകര്‍ ഉണ്ടെന്നും അവര്‍ കോടതിയില്‍ ഹാജരാകുമെന്നും പ്രതികള്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് പ്രോസിക്യൂഷന് വാദം പൂര്‍ത്തിയാക്കിയ കോടതി പ്രതി ഭാഗം വാദം കേള്‍ക്കാനായി കേസ് 12 ലേക്കു മാറ്റി. പ്രോസിക്യൂഷന് വേണ്ടി പ്രതാപ്. ജി പടിയ്ക്കല്‍, ശ്രീദേവി പ്രതാപ്, ശില്പ ശിവന്, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.



