പൊന്നാനി: ഹാര്‍ബറിനു സമീപം കാന നിര്‍മ്മാണത്തിനിടെ ഗുഹ കണ്ടെത്തിയെന്ന് പ്രചാരണം. തകര്‍ച്ചയിലായ പോര്‍ട്ട് ഓഫീസ് കെട്ടിടത്തിന്റെ തറയുടെ അടിയിലാണ് ഗുഹക്ക് സമാനമായ ഉള്‍വശം കണ്ടത്.
വിവരമറിഞ്ഞ് നിരവധി പേരാണ് ഇവിടെ എത്തുന്നത്. പൊന്നാനി കര്‍മ പാലത്തിന്റെ നിര്‍മ്മാണത്തിന്റെ ഭാഗമായി തിങ്കളാഴ്ച ജെ.സി.ബി. ഉപയോഗിച്ച് കാന നിര്‍മ്മിക്കുന്നതിനിടെയാണ് ഗുഹക്ക് സമാനമായ ഉള്‍വശം കണ്ടെത്തിയത്. കെട്ടിട നിര്‍മ്മിതിയുടെ ഭാഗമായുള്ളതാണോ ഇതെന്നും അല്ലെങ്കില്‍ ഗുഹയാണോ എന്ന സംശയത്തിലുമാണ് നാട്ടുകാര്‍. ആദ്യമായാണ് ഇത്തരമൊരു സംഭവം പ്രദേശത്ത് കണ്ടെത്തിയത്.
പുരാവസ്തുവകുപ്പ് പരിശോധന നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. എന്നാല്‍ പഴയകാലത്ത് തറയ്ക്ക് ബലം കിട്ടാന്‍ വേണ്ടി ആര്‍ച്ച് നിര്‍മ്മിക്കുന്ന രീതി നിലവിലുണ്ടായിരുന്നെന്നും, ഇതാകാം കണ്ടതെന്നും പഴമക്കാര്‍ പറയുന്നു.

