സൈന്യത്തിനു വേണ്ടി ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങള്‍ നിര്‍മിക്കുന്ന വന്‍ പദ്ധതി ഗുജറാത്തില്‍

ന്യൂഡല്‍ഹി: സൈന്യത്തിനു വേണ്ടി ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങള്‍ നിര്‍മിക്കുന്ന വന്‍ പദ്ധതി ഗുജറാത്തില്‍. ടാറ്റയും യൂറോപ്യന്‍ വിമാനനിര്‍മാണക്കമ്പനിയായ എയര്‍ബസും കൈകോര്‍ത്ത് സി-295 ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റുകള്‍ നിര്‍മിക്കും.ഗുജറാത്തിലെ വഡോദരയിലെ നിര്‍മാണ പ്ലാന്റിന്റെ ശിലാസ്ഥാപനം 30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. ഇതാദ്യമായാണ്‌ സൈനിക വിമാനങ്ങള്‍ സ്വകാര്യ കമ്പനി ഇന്ത്യയില്‍ നിര്‍മിക്കുന്നതെന്ന് പ്രതിരോധ സെക്രട്ടറി അജയ് കുമാര്‍ പറഞ്ഞു. സിവിലിയന്‍ ആവശ്യങ്ങള്‍ക്കും ഈ വിമാനങ്ങള്‍ ഉപയോഗിക്കാം.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കെയാണ് പ്രധാനമന്ത്രിയുടെ മാതൃസംസ്ഥാനത്ത് 22,000 കോടി രൂപയുടെ പദ്ധതി വരുന്നത്. ആയിരക്കണക്കിനു തൊഴിലവസരങ്ങള്‍ ഇതിലൂടെ സൃഷ്ടിക്കപ്പെടുമെന്നും പ്രതിരോധവൃത്തങ്ങള്‍ പറഞ്ഞു. െസെനിക സാങ്കേതിക വിദ്യയ്ക്കും ഉപകരണങ്ങള്‍ക്കുമായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നതു കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രധാനമന്ത്രിയുടെ മേക്ക് ഇന്‍ ഇന്ത്യ പ്രചാരണത്തിലെ നിര്‍ണായക നേട്ടമാണിതെന്നും വിലയിരുത്തപ്പെടുന്നു.ലൈറ്റ്-മീഡിയം വിഭാഗത്തില്‍പ്പെടുന്ന പുതുതലമുറ വിമാനമാണ് എയര്‍ബസിന്റെ സി-295 ഗണത്തില്‍പ്പെടുന്നത്.

ബഹുമുഖ ദൗത്യം വിജയകരമായി നിര്‍വഹിക്കാന്‍ പര്യാപ്തമായ ഇവ യുദ്ധമുഖത്തു മാത്രമല്ല, മറ്റ് ആവശ്യങ്ങള്‍ക്കും വിനിയോഗിക്കാന്‍ കഴിയും. രാപകല്‍ ഭേദമന്യേ, ഏതു കാലാവസ്ഥയിലും ഉപയോഗക്ഷമാമാണെന്നതാണു മറ്റൊരു സവിശേഷത. പ്രതികൂലസാഹചര്യങ്ങളില്‍പ്പോലും വിദൂരലക്ഷ്യങ്ങളിലേക്കു കൂടുതല്‍ ഭാരം സുരക്ഷിതമായി വഹിക്കാനും ശേഷിയുണ്ട്. ഒപ്പം മറ്റു വിമാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ധന ഉപഭോഗത്തില്‍ നാലു ശതമാനത്തോളം കുറവുമതിയെന്നതും സി-295 നെ രാജ്യാന്തരതലത്തില്‍ പ്രിയങ്കരമാക്കുന്ന ഘടകമാണ്. എയര്‍ബസില്‍നിന്ന് 56 വിമാനങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞമാസം കേന്ദ്രം അനുമതി നല്‍കിയിരുന്നു. കരാര്‍ പ്രകാരം 16 വിമാനങ്ങള്‍ നേരിട്ടു വാങ്ങും. 40 എണ്ണം ഇന്ത്യയില്‍ നിര്‍മിക്കും. 16 വിമാനങ്ങള്‍ അടുത്ത വര്‍ഷം സെപ്റ്റംബറിനും 2025 ഓഗസ്റ്റിനും ഇടയിലായി രാജ്യത്തെത്തും. ഗുജറാത്തിലെ ആദ്യവിമാനം 2026 സെപ്റ്റംബില്‍ പൂര്‍ത്തിയാകുമെന്നും കരുതപ്പെടുന്നു. രാജ്യാന്തരതലത്തില്‍ ഇതുവരെ 285 വിമാനങ്ങള്‍ക്കാണ് ഓര്‍ഡര്‍ ലഭിച്ചതെന്ന് എയര്‍ബസ് സൈറ്റില്‍ വ്യക്തമാക്കുന്നു. അതില്‍ 203 എണ്ണം കൈമാറിക്കഴിഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →