ന്യൂഡല്‍ഹി: സംരക്ഷിത വനമേഖലയ്ക്കുചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല പ്രദേശമായി നിര്‍ണയിച്ച സുപ്രീംകോടതി വിധിയില്‍ കേരളത്തിന്റെ പുന:പരിശോധന ഹര്‍ജി 2022 ഒക്ടോബര്‍ 14ന് സുപ്രീംകോടതി പരിഗണിക്കും. ഹര്‍ജി ഫയല്‍ ചെയ്ചിട്ടും ഇത് ലിസ്റ്റില്‍ വരാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്തിനായി മുതിര്‍ന്ന അഭിഭാഷകന് ജയ്ദീപ് ഗുപ്ത പുന:പരിശോധനാ ഹര്‍ജി സംബന്ധിച്ച് ജസ്റ്റിസ് ബി ആര് ഗവായ് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ പരാമര്‍ശിച്ചത്. ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്നും ബഫര്‍ സോണ്‍ വിധി, സംസ്ഥാനത്തെ ജനങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നും ജയ്ദീപ് ഗുപ്ത കോടതിയെ ധരിപ്പിച്ചു. ഇതോടെയാണ് കോടതി, സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും അടക്കം ഇത് സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കാന്‍ തീരുമാനിച്ചത്.വിധി നടപ്പാക്കുന്നത് ഭരണഘടന നല്കുന്ന ജീവിക്കാനുള്ള അവകാശത്തെ ബാധിക്കും. വിധി വയനാട്, ഇടുക്കി, കുമളി, മൂന്നാര്‍, നെയ്യാര്‍, റാന്നി അടക്കമുള്ള സ്ഥലങ്ങളിലെ ജനങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. കേരളത്തിലെ സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ദശാബ്ദങ്ങളായി വികസിച്ചു വന്ന ജനവാസ മേഖലയാണ് ഉള്ളത്. വിധി നടപ്പാക്കുന്നത് ആദിവാസി മേഖലകളെ അടക്കം ബാധിക്കുമെന്നും ഹര്‍ജിയില്‍ കേരളം വാദിക്കുന്നു. പതിനേഴ് വന്യജീവി സങ്കേതങ്ങളുടെയും ആറ് ദേശീയ സംരക്ഷിത ഉദ്യാനങ്ങളുടെയും ബഫര്‍ സോണ്‍ സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിന് കേരളം നേരത്തെ കൈമാറിയിരുന്നു. എന്നാല്‍, സുപ്രീംകോടതി ഇത് കണക്കിലെടുത്തില്ലെന്നും കേരളം പുനഃപരിശോധനാ ഹര്‍ജിയില്‍ വ്യക്തമാക്കി. .



