റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രേദശ് മുന്‍മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവ് അന്തരിച്ചു. 82 വയസായിരുന്നു. ശ്വാസ തടസത്തിനൊപ്പം വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായ യാദവ്,ഗുഡ് ഗാവിലെ മേദാന്ത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. യുപി മുന്‍ മുഖ്യമന്ത്രിയും എസ്പി അധ്യക്ഷനുമായ അഖിലേഷ് യാദവിന്റെ പിതാവാണ്. നിലവില്‍ മെയ്ന്‍പുരിയില്‍നിന്നുള്ള ലോക്‌സഭാംഗമായ യാദവ്, യുപി മന്ത്രി, കേന്ദ്ര പ്രതിരോധ മന്ത്രി പദവികളും വഹിച്ചു. മൂന്ന് തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി. ദേവ ഗൗഡ മന്ത്രി സഭയിലാണ് പ്രതിരോധ മന്ത്രി പദവി വഹിച്ചത്.

യുപിയിലെ ഇറ്റാവ ജില്ലയിലുള്ള സായ്‌ഫെയ് ഗ്രാമത്തില്‍ സുഘര്‍ സിങ് യാദവിന്റെയും മൂര്‍ത്തി ദേവിയുടെയും മകനായി 1939 നവംബര്‍ 22നാണ് ജനനം.നട്ടു സിംഗ് എന്ന സോഷ്യലിസ്റ്റ് നേതാവിന്റെ സ്വാധീനത്താല്‍ റാം മനോഹര്‍ ലോഹ്യയുടെയും രാജ് നാരായണിന്റെയും ശിഷ്യനായി രാഷ്ട്രീയത്തിലിറങ്ങി. 1967ല്‍ ആദ്യമായി യുപി നിയമസഭയിലെത്തി. 1975ല്‍ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായ മുലായം 19 മാസം തടവില്‍ക്കിടന്നു. 1977ല്‍ ആദ്യമായി മന്ത്രിയായി.1980ല്‍ ലോക്ദള്‍ പാര്‍ട്ടിയുടെ അധ്യക്ഷനായി. പിന്നീട് ഈ പാര്‍ട്ടി ജനതാദളിന്റെ ഭാഗമായി. ലോക്ദള്‍ പിളര്‍ന്നതോടെ ക്രാന്തികാരി മോര്‍ച്ച പാര്‍ട്ടിയുമായി മുലായം രംഗത്തെത്തി. ചരണ്‍ സിംഗിന്റെ ദളിത് മസ്ദൂര്‍ കിസാന്‍ പാര്‍ട്ടി അധ്യക്ഷനുമായി. 1989ല്‍ ആദ്യമായി യുപി മുഖ്യമന്ത്രിയായി. കേന്ദ്രത്തില്‍ വി.പി. സിങ് സര്‍ക്കാര്‍ താഴെ വീണതോടെ ചന്ദ്രശേഖറിന്റെ ജനതാദള്‍ (സോഷ്യലിസ്റ്റ്) പാര്‍ട്ടിയുമായി ചേര്‍ന്ന് കോണ്‍ഗ്രസിന്റെ പിന്തുണയോടെ മുഖ്യമന്ത്രിയായി തുടര്‍ന്നു. പിന്നീട് കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടുകൂടി സര്‍ക്കാര്‍ താഴെ വീണു.ഇതിനിടെ സമാജ് വാദി പാര്‍ട്ടി രൂപീകരിച്ചു. 1993ല്‍ ബിഎസ്പിയുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടു.

കോണ്‍ഗ്രസിന്റെയും ജനതാദളിന്റെയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ചു. 1995ല്‍ സഖ്യകക്ഷികള്‍ പിന്മാറിയതോടെ സര്‍ക്കാര്‍ വീണു.1996ല്‍ 11ാം ലോക്‌സഭയില്‍ മെയ്ന്‍പുരിയെ പ്രതിനിധീകരിച്ചിരുന്നു. അന്നത്തെ സഖ്യ സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായി. 1998ല്‍ കേന്ദ്രസര്‍ക്കാര്‍ നിലംപതിച്ചപ്പോള്‍ പിന്നീട് സാംഭാല്‍ മണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലെത്തി. 1999ല്‍ സംഭാലില്‍നിന്നും കന്നൗജില്‍നിന്നും ലോക്‌സഭയിലേക്കു മത്സരിച്ചു ജയിച്ചു. 2003 സെപ്റ്റംബറില്‍ ബിജെപി ബിഎസ്പി സര്‍ക്കാര്‍ താഴെവീണപ്പോള്‍ കിട്ടിയ അവസരം പാഴാക്കാതെ സ്വതന്ത്രരുടെയും ചെറുപാര്‍ട്ടികളുടെയും പിന്തുണയോടെ മൂന്നാം വട്ടവും മുഖ്യമന്ത്രിയായി. 2007ലെ തിരഞ്ഞെടുപ്പില്‍ ബിഎസ്പിയോട് തോല്‍ക്കുന്നതുവരെ അദ്ദേഹം മുഖ്യമന്ത്രിയായി തുടര്‍ന്നു. മല്‍തി ദേവിയും സാധന ഗുപ്തയുമായിരുന്നു ഭാര്യമാര്‍. മല്‍തി ദേവി 2003ലും സാധന ഗുപ്ത ഈ വര്‍ഷം ജൂലൈയിലുമാണ് അന്തരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *