വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസുടമ അരുണും അറസ്റ്റിൽ

പാലക്കാട്: വടക്കഞ്ചേരി ബസ് അപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന് പിന്നാലെ ബസ് ഉടമയായ അരുണും അറസ്റ്റിൽ. പ്രേരണാകുറ്റം ചുമത്തിയാണ് അരുണിനെ അറസ്റ്റ് ചെയ്തത്. ബസ് അമിത വേഗതയിലാണെന്ന മുന്നറിയിപ്പ് വന്നിട്ടും അവഗണിച്ചതിനാണ് അറസ്റ്റ്. ബസ് അമിത വേഗം സംബന്ധിച്ച് പല തവണ ഉടമയുടെ ഫോണിലേക്ക് സന്ദേശം അയച്ചിരുന്നുവെന്ന് ഗതാഗത കമ്മീഷണർ എസ്.ശ്രീജിത്ത് ഐ.പി.എസും പറഞ്ഞിരുന്നു. ഇതിന് പുറമെ ഡ്രൈവർ ജോമോനെ രക്ഷിപ്പെടാൻ സഹായിച്ചുവെന്ന കുറ്റവും ഇയാൾക്കെതിരേയുണ്ട്.

2022 ഒക്ടോബർ 5 ബുധനാഴ്ച അർധരാത്രിയോടെയാണ് വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലത്ത് ദേശീയപാതയിൽ അപകടം നടന്നത്. വിദ്യാർത്ഥികളടക്കം ഒൻപതുപേരാണ് അപകടത്തിൽ മരിച്ചത്. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിലെ വിദ്യാർഥികളുമായി ഊട്ടിയിലേക്ക് വിനോദയാത്ര പോകുകയായിരുന്ന ലൂമിനസ് (അസുര) എന്നുപേരുള്ള ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സി. ബസിനുപിന്നിൽ ഇടിച്ചുകയറുകയായിരുന്നു. അപകടം നടക്കുന്ന സമയത്ത് മണിക്കൂറിൽ 97.7 കിലോമീറ്റർ വേഗത്തിലായിരുന്നു ജോമോൻ ബസ് ഓടിച്ചിരുന്നത്. ഇവിടെ നാലുവരിപ്പാതയിൽ ബസുകളുടെ അനുവദനീയവേഗം മണിക്കൂറിൽ 70 കിലോമീറ്ററാണ്.

നിർമാണസമയത്തുതന്നെ എൻജിനുമായി ഘടിപ്പിക്കുന്ന വേഗനിയന്ത്രണ സംവിധാനമുള്ള ടൂറിസ്റ്റ് ബസാണിത്. എന്നാൽ, ഈ ക്രമീകരണത്തിൽ മാറ്റംവരുത്തിയതാണ് ബസിന് ഇത്രയും വേഗത്തിൽ പോകാൻ അവസരമൊരുക്കിയതെന്ന് മോട്ടോർവാഹനവകുപ്പ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്നുമാസത്തിനിടെ 19 തവണ ജോമോൻ വേഗപരിധി ലംഘിച്ചുവെന്ന് പാലക്കാട് എസ്.പി ആർ. വിശ്വനാഥ് അറിയിച്ചിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →