ബംഗളൂരു: 20-ാം കൊലപാതകക്കേസില്‍ സൈനൈഡ് മോഹന്‍ ജീവപര്യന്തം തടവ്. കാസര്‍കോട് ജില്ലയിലെ കുണ്ടാര്‍ സ്വദേശിനിയായ 25കാരിയെ ബംഗളൂരുവില്‍ സയനൈഡ് നല്കി കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. 2009 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാസര്‍കോട് നഗരത്തിലെ വനിതാ ഹോസ്റ്റല്‍ ജീവനക്കാരിയായിരുന്ന യുവതിയുമായി അടുപ്പം സ്ഥാപിക്കുകയും വീട് സന്ദര്‍ശിച്ച് വിവാഹവാഗ്ദാനം നല്കി വിശ്വാസ്യത നേടിയെടുത്തശേഷം ബംഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടുപോവുകയുമായിരുന്നു. ഒരു ലോഡ്ജ് മുറിയില്‍ താമസിച്ച് യുവതിയുടെ ആഭരണങ്ങള്‍ കൈക്കലാക്കിയശേഷം ബസ് സ്റ്റാന്റിലെ ശുചിമുറിയില്‍ ഗര്‍ഭനിരോധന ഗുളികയാണെന്നു പറഞ്ഞ് സയനൈഡ് നല്‍കുകയായിരുന്നു.
അവിവാഹിതകളായ യുവതികളെ പ്രണയം നടിച്ച് വശീകരിക്കുകയും വിവാഹവാഗ്ദാനം നല്കി വിവിധ സ്ഥലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി സയനൈഡ് നല്കി കൊലപ്പെടുത്തുകയാണ് മോഹന്റെ രീതി. യുവതികളുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടശേഷം തന്ത്രപൂര്‍വം ആഭരണങ്ങള്‍ കൈക്കലാക്കും. തുടര്‍ന്ന് ഗര്‍ഭനിരോധന ഗുളികയെന്ന പേരില്‍ സയനൈഡ് നല്‍കും. ഇരകള്‍ സയനൈഡ് കഴിച്ചുവെന്ന് ഉറപ്പുവരുത്തിയാലുടന്‍ സ്ഥലംവിടുന്ന മോഹന്‍ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ അടുത്ത ഇരയുമായി ലോഹ്യത്തിലാവും.
ദക്ഷിണ കന്നഡ, കാസര്‍കോട് ജില്ലകളില്‍നിന്നുള്ള യുവതികളാണ് മോഹന്റെ ഇരകളായി തീര്‍ന്നവരില്‍ ഏറെയും. മോഹന്‍ വിചാരണ നേരിട്ട 20 കേസുകളില്‍ അഞ്ചെണ്ണത്തില്‍ വധശിക്ഷയും പത്തെണ്ണത്തില്‍ ജീവപര്യന്തവുമാണ് ലഭിച്ചത്. ഇതില്‍ നാലു കേസുകളിലെ വധശിക്ഷ പിന്നീട് ജീവപര്യന്തമായി കുറച്ചിരുന്നു. അഞ്ചു കേസുകളില്‍ തെളിവുകളുടെ അഭാവത്തില്‍ മോഹനെ വെറുതെവിടുകയും ചെയ്തിരുന്നു.

