കീവ്: വടക്കന്‍ യുക്രൈനില്‍ നിന്ന് റഷ്യയുടെ അപ്രതീക്ഷിത പിന്മാറ്റം. 48 മണിക്കൂറിനുള്ളില്‍ 3,000ചതുരശ്ര കിലോമീറ്റര്‍ ഭൂമി തിരിച്ചുപിടിച്ചതായി യുക്രൈന് അവകാശപ്പെട്ടു. യുദ്ധം തുടങ്ങിയശേഷം റഷ്യയ്ക്കേറ്റ തിരിച്ചടിയാണിതെന്നും യുക്രൈന് അവകാശപ്പെട്ടു. യുദ്ധോപകരണങ്ങള്‍ ഉള്‍പ്പെടെ സംഭരിച്ചിരുന്ന വടക്കന്‍ യുക്രൈയ്നിലെ ഇസിയം നഗരത്തില്‍നിന്ന് റഷ്യന്‍ സൈന്യം പിന്മാറിയതോടെയാണ് യുക്രൈന് സേനയുടെ മുന്നേറ്റത്തിനു തുടക്കം. ഹര്‍കീവ് പ്രവിശ്യയിലുള്ള തന്ത്രപ്രധാനമായ നഗരമാണ് ഇസിയം. ആയിരത്തോളം റഷ്യന്‍ സൈനികര്‍ ആയുധങ്ങളും യുദ്ധോപകരങ്ങളും ഉപേക്ഷിച്ചാണ് ഇസിയത്തില്‍ നിന്ന് പിന്മാറിയതെന്നാണ് യുക്രൈന്റെ അവകാശവാദം.എന്നാല്‍ ഇസിയത്തില്‍ പോരാട്ടം തുടരുകയാണെന്നു ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. പിന്മാറ്റമല്ല, സൈനിക വിന്യാസത്തിലെ മാറ്റമാണുണ്ടായതെന്നു റഷ്യന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു.
യുക്രൈന് സൈന്യം കുപ്യാന്‍സ്ക് നഗരം തിരിച്ചു പിടിച്ചതിന് തൊട്ടുപിന്നാലെയാണ് ഇസിയത്തില്‍നിന്നുള്ള റഷ്യയുടെ പിന്മാറ്റം. റഷ്യയില്‍ നിന്ന് സേനയ്ക്കാവശ്യമായ സാധനങ്ങള്‍ റെയില്‍ മാര്‍ഗം എത്തിച്ച് വിതരണം ചെയ്തിരുന്ന കേന്ദ്രമാണ് കുപ്യാന്‍സ്ക്. റെയില്‍ പാത യുക്രൈന് നിയന്ത്രണത്തിലായത് റഷ്യക്ക് തിരിച്ചടിയായിരുന്നു.റഷ്യന്‍ നിയന്ത്രണത്തിലുള്ള ഖാര്‍കിവില്‍നിന്നു ഒഴിഞ്ഞുപോകാന്‍ റഷ്യ നിയമിച്ച ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏറ്റുമുട്ടല്‍ ഉണ്ടായാല്‍ ആളപായം കുറയ്ക്കാനാണ് നിര്‍ദേശമെന്നാണ് വിശദീകരണം. ജനങ്ങളെ റഷ്യയിലെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റാമെന്നാണു വാഗ്ദാനം. ഹര്‍കീവിലും ഹഴ്സനിലും യുക്രൈന് വന്‍ മുന്നേറ്റം നടത്തിയതായി പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി പറഞ്ഞു. എന്നാല്‍, യുദ്ധത്തില്‍ തിരിച്ചടി നേരിട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ യുക്രൈനിലുള്ള ചെചന്‍ നേതാവ് റംസാന് കദ്യറോവ് തള്ളി. യുദ്ധത്തില്‍ വിജയം നേടുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

