പാലക്കാട്: ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എമ്മും ബി.ജെ.പി.യും തമ്മിലുള്ള ആരോപണപ്രത്യാരോപണങ്ങൾ തുടരുന്നു. സി.പി.എം. വിട്ട് ബി.ജെ.പി.യിൽ ചേർന്നവരാണ് പ്രതികളെന്നാണ് സി.പി.എമ്മിന്റെ പ്രധാന ആരോപണം. ആർ.എസ്.എസ്സാണ് കൊലയ്ക്ക് പിന്നിലെന്നും അവർ പറയുന്നു. എന്നാൽ, ആരോപണങ്ങളെല്ലാം ആർ.എസ്.എസ്സും ബി.ജെ.പി.യും നിഷേധിക്കുന്നു.ബി.ജെ.പി. അനുഭാവികളായ എട്ടുപേർ ചേർന്ന് രാഷ്ട്രീയവിരോധത്താൽ ഷാജഹാനെ കൊലപ്പെടുത്തിയെന്നാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയത്. എന്നാൽ, പിടിയിലായ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച് പോലീസ് ഇപ്പോഴും മൗനംപാലിക്കുകയാണ്.
അറസ്റ്റിലായവരുമൊത്ത് പോലീസും ഫൊറൻസിക് സംഘവും തെളിവെടുപ്പ് നടത്തി. മൂന്ന് വാളുകളും മൂന്ന് രാഖികളും കണ്ടെത്തി. വേലംപൊറ്റയിൽ കോരയാറിനടുത്ത് വിളയിൽപൊറ്റയിൽനിന്നാണ് വാളുകൾ കണ്ടെത്തിയത്. ഇവയിലൊന്ന് വളഞ്ഞിരുന്നു. വെട്ടിയപ്പോൾ വളഞ്ഞതാണെന്ന് അറസ്റ്റിലായവർ തെളിവെടുപ്പിനിടെ പോലീസിനോട് പറഞ്ഞു. ശബരീഷും അനീഷും സുജീഷും ഒളിച്ചിരുന്ന മലമ്പുഴ കവയിലെ കോഴിമലയിലും സംഘം തെളിവെടുപ്പ് നടത്തി. പ്രദേശത്ത് നേരത്തേ വന്നിട്ടില്ലെന്നും നടന്നുകയറിയതാണെന്നും ഇവർ മൊഴിനൽകി.
സംഭവശേഷം മുന്നോട്ടുള്ള റോഡിലൂടെ പോയി കോരയാർ കടന്നാണ് മല കയറിയത്. തിങ്കളാഴ്ച പുലർച്ചെ മൂന്നോടെ കവയിൽ മലമുകളിലെത്തിയെന്നാണ് മൊഴി നൽകിയതെന്നും പോലീസ് പറഞ്ഞു. പോകുംമുമ്പ് ബാറിലെത്തി മദ്യപിച്ചിരുന്നു. കവ ഭാഗത്ത് കുന്നിൻമുകളിൽ ഏഴുപേർ ഉണ്ടായിരുന്നതായാണ് അറസ്റ്റിലായവർ മൊഴി നൽകിയതെന്ന് പോലീസ് പറയുന്നു. ഇവർക്ക് ഭക്ഷണവുമായി ആളുകൾ പോകുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പിന്തുടർന്ന് മൂന്നുപേരെ അറസ്റ്റുചെയ്തത്. ഭക്ഷണാവശിഷ്ടങ്ങളും കണ്ടെത്തി. പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോണുകൾ മലമ്പുഴ അണക്കെട്ടിലെ വെള്ളത്തിലേക്കും പുഴയിലേക്കും വലിച്ചെറിഞ്ഞതായും പറഞ്ഞു.
അറസ്റ്റിലായവരെ തെളിവെടുപ്പിനെത്തിച്ചപ്പോൾ പ്രതിഷേധമുയർന്നു. നാട്ടുകാരും ബന്ധുക്കളും മുദ്രാവാക്യം വിളികളുമായി എത്തി. പ്രതീകാത്മക തൂക്കുകയറും പ്രദർശിപ്പിച്ചു. പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർത്തിയതോടെ തെളിവെടുപ്പ് കഴിയുംവരെ പോലീസ് പ്രതിഷേധക്കാരെ തടഞ്ഞുവെച്ചു.
നവീൻ ഒഴികെയുള്ള പ്രതികളെയാണ് കുന്നങ്കാട്ട് തെളിവെടുപ്പിനെത്തിച്ചത്. കനത്ത പോലീസ് സുരക്ഷ ഒരുക്കിയിരുന്നു. ജനം പ്രകോപിതരായെങ്കിലും നാട്ടുകാർ ഇടപെട്ട് നിയന്ത്രിച്ചു. ഡിവൈ.എസ്.പി.മാരായ വി.കെ. രാജു, എം. അനിൽകുമാർ, ഇൻസ്പെക്ടർമാരായ കെ. ഹരീഷ്, എ.സി. വിപിൻ, സിജോ വർഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്

