ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ടീം താല്‍ക്കാലിക നായകന് ജസ്പ്രീത് ബുംറയ്ക്ക് ഒരു റെക്കോഡ് കൂടി. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സില്‍ രണ്ടു വിക്കറ്റുകളെടുത്തതോടെ എലൈറ്റ് ബൗളര്‍മാരുടെ ക്ലബില്‍ ബുംറ അംഗമായി. രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയതോടെ സെന (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ) രാജ്യങ്ങളില്‍ 100 ടെസ്റ്റ് വിക്കറ്റുകളെന്ന നാഴികക്കല്ല് ബുംറ പൂര്‍ത്തിയാക്കി. ഏറ്റവും വേഗത്തില്‍ 100 വിക്കറ്റുകളെടുക്കുന്ന ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ്. പാകിസ്താന്റെ ഇടംകൈയന്‍ പേസറും നായകനുമായിരുന്ന വസീം അക്രമിനെയാണ് ബുംറ പിന്തള്ളിയത്. 28 വയസും 30 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു അക്രം 100 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയത്. 28 വയസും 211 ദിവസവും പ്രായമുള്ളപ്പോഴാണ് ബുംറ 100 പേരെ പുറത്താക്കിയിത്. 141 വിക്കറ്റുകളുമായി സ്പിന്‍ ഇതിഹാസം മുന്‍ അനില്‍ കുംബ്ലെയുടെ പേരിലാണ് റെക്കോഡ്. ഇഷാന്ത് ശര്‍മ (130), സഹീര്‍ ഖാന് (119), മുഹമ്മദ് ഷമി (119), കപില്‍ ദേവ് (117) എന്നിവരാണ് പിന്നിലുള്ളവര്‍.
ഇംഗ്ലണ്ടിനെതിരായ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ഇന്ത്യന്‍ ബൗളറെന്ന നേട്ടവും ബുംറ സ്വന്തമാക്കി. ഒന്നാം ഇന്നിങ്സില്മൂന്ന് പേരെ പുറത്താക്കിയതോടെയാണു ബുംറ വിക്കറ്റ് വേട്ടക്കാരില്‍ മുമ്പനായത്. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ആകെ 21 വിക്കറ്റുകളെടുക്കാന്‍ ബുംറയ്ക്കായി. 2014 ലെ ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഭുവനേശ്വര്‍ കുമാര്‍ സ്വന്തമാക്കിയ 19 വിക്കറ്റുകളുടെ റെക്കോഡാണു ബുംറ തിരുത്തിയത്. കഴിഞ്ഞ വര്‍ഷം തുടങ്ങിയ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലാണ്. ഇന്ത്യന്‍ ടീമിനെ കോവിഡ്-19 വൈറസ് ബാധ പിടികൂടിയപ്പോള്‍ അവസാന ടെസ്റ്റ് അനിശ്ചിതമായി നീട്ടിവയ്ക്കുകയായിരുന്നു. സ്റ്റുവര്‍ട്ട് ബ്രോഡ് എറിഞ്ഞ ഒരോവറില്‍ 29 റണ്ണെടുത്ത് റെക്കോഡിടാനും ബുംറയ്ക്കായി. ഓവറില്‍ ആകെ 35 റണ്ണാണ് ബ്രോഡ് വഴങ്ങിയത്.




