റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലങ്കന്‍ വനിതകള്‍ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി

July 5, 2022 - 11:52 am

പല്ലെകലെ: ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി. രണ്ടാം ഏകദിനം പത്ത് വിക്കറ്റിനു ജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0 ത്തിന് ഉറപ്പാക്കി.ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 173 റണ്ണിന് ഓള്‍ഔട്ടായി. മറുപടി ബാറ്റ് ചെയ്ത ഇന്ത്യ 25.4 ഓവറില്‍ ലക്ഷ്യം കടന്നു. സ്മൃതി മന്ദാന (83 പന്തില്‍ ഒരു സിക്സറും 11 ഫോറുമടക്കം 94), ഷഫാലി വര്‍മ (71 പന്തില്‍ ഒരു സിക്സറും നാല് ഫോറുമടക്കം 71) എന്നിവര്‍ ചേര്‍ന്ന് ഇന്ത്യക്ക് ഏകദിന ക്രിക്കറ്റിലെ മികച്ച പിന്തുടര്‍ന്നുള്ള ജയം സമ്മാനിച്ചു.ടോസ് നേടിയ ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗര്‍ ലങ്കയെ ബാറ്റിങ്ങിനു വിട്ടു. പത്ത് ഓവറില്‍ 28 റണ്‍ മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത രേണുക സിങ് ലങ്കന്‍ വനിതകളെ തകര്‍ത്തു. രേണുകയുടെ ഒരോവര്‍ മെയ്ഡിനുമായി. മേഘനാ സിങ്, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റുമായി തിളങ്ങി. ഇന്നിങ്സിലെ ആദ്യ ഓവറില്‍ തന്നെ രേണുക ഹസിനി പെരേരയെ (0) പുറത്താക്കിയിരുന്നു.

അഞ്ചാം ഓവറില്‍ കന്നി ഏകദിനം കളിക്കുന്ന വിഷ്മി ഗുണരത്നെയും (മൂന്ന്) രേണുക മടക്കി. അടുത്ത ഓവറില്‍ ഹര്‍ഷിത സമരവിക്രമെ (0) രേണുക വിക്കറ്റിനു മുന്നില്‍ കുടുക്കി. മൂന്നിന് 11 റണ്ണെന്ന നിലയില്‍ ലങ്ക വിയര്‍ത്തു. നായിക ചാമരി അട്ടപ്പാട്ടുവും (45 പന്തില്‍ 27) വിക്കറ്റ് കീപ്പര്‍ അനുഷ്‌ക സഞ്ജീവനിയും (44 പന്തില്‍ 25) ചേര്‍ന്നപ്പോഴാണ് സ്‌കോര്‍ ബോര്‍ഡിന് അനക്കം വച്ചത്. ചാമരിയെ ഷഫാലിയുടെ കൈയിലെത്തിച്ച് മേഘനാ സിങ് കൂട്ടുകെട്ട് പൊളിച്ചതോടെ ലങ്കയുടെ പ്രതിസന്ധി തുടര്‍ന്നു. നിലാക്ഷി ഡി സില്‍വയും (62 പന്തില്‍ 32) അനുഷ്‌കയും ചേര്‍ന്ന കൂട്ടുകെട്ടിന്റെ രക്ഷാപ്രവര്‍ത്തനം സ്‌കോര്‍ 70 ലെത്തിച്ചു. അനുഷ്‌കയും കവിഷ ദില്‍ഹാരിയും (അഞ്ച്) റണ്ണൗട്ടായതോടെ അവര്‍ ആറിന് 81 എന്ന നിലയിലായി. കൂട്ടുകെട്ട് പൊളിഞ്ഞു. അമാ കാഞ്ചനയുടെയും (83 പന്തില്‍ പുറത്താകാതെ 47) നിലാക്ഷിയുടെയും പ്രകടനം സ്‌കോര്‍ 100 ലെത്തിച്ചു. നിലാക്ഷിയെ മേഘന പുറത്താക്കുമ്പോള്‍ സ്‌കോര്‍ 120 കടന്നിരുന്നു. ഓഷധി രണസിങെയെ (10) പുറത്താക്കി രേണുക നാല് വിക്കറ്റ് പൂര്‍ത്തിയാക്കി. ഇനോക രണവീര (ആറ്), അചിനി കുലസൂര്യ (0) എന്നിവരും പുറത്തായതോടെ ലങ്കന്‍ ഇന്നിങ്സ് അവസാനിച്ചു. രേണുകാ സിങാണു മത്സരത്തിലെ താരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *