തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വന്ന് സ്ഥിരതാമസമാക്കിയവരിൽ അർഹർക്ക് സംവരണം നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുന്നു.മറ്റു സംവരണമൊന്നും ലഭിക്കാത്തവർക്കുള്ള 10 ശതമാനം സാമ്പത്തിക സംവരണ വിഭാഗത്തിലായിരിക്കും ഇവരെ പരിഗണിക്കുക. വിദ്യാഭ്യാസം, തൊഴിൽ എന്നിവയ്ക്കാണ് ഈ സംവരണം ബാധകമാകുക. മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഇവിടെവന്ന് താമസിക്കുന്നവരിൽ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്ക് ഇ.ഡബ്ള്യൂ.എസ്. സർട്ടിഫിക്കറ്റ് അനുവദിക്കുന്ന കാര്യമാണ് സർക്കാർ പരിഗണിക്കുന്നത്.
പുതിയ ഒരു വിഭാഗത്തിനുകൂടി ആനുകൂല്യം ലഭിക്കുന്ന കാര്യമായതിനാൽ ഫയൽ മന്ത്രിസഭയ്ക്കുവിടാൻ മുഖ്യമന്ത്രി നിർദേശിച്ചു. തൃക്കാക്കര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം ബാധകമായതിനാൽ മന്ത്രിസഭ ഇക്കാര്യത്തിൽ തീരുമാനം മാറ്റിവെച്ചിരിക്കുകയാണ്. സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്ക് (ഇ.ഡബ്ള്യൂ.എസ്.) 103ാം ഭരണഘടനാഭേദഗതിയിലൂടെ 2019-ൽ കേന്ദ്രസർക്കാർ 10 ശതമാനം ഏർപ്പെടുത്തിയിരുന്നു. സംസ്ഥാനങ്ങളിൽ ഇത് ബാധകമാക്കുന്നത് അതത് സംസ്ഥാനസർക്കാരുകൾക്ക് തീരുമാനിക്കാനും അധികാരം നൽകി.
ഇതനുസരിച്ച് ജസ്റ്റിസ് കെ. ശശിധരൻ നായർ കമ്മിഷനെ നിർദേശങ്ങൾ സമർപ്പിക്കാൻ സർക്കാർ നിയോഗിച്ചു. വാർഷിക കുടുംബവരുമാനം നാലുലക്ഷത്തിൽ താഴെയുള്ളവർക്ക് സാമ്പത്തിക സംവരണം നൽകാമെന്ന കമ്മിഷന്റെ ശുപാർശ 2020 ഒക്ടോബറിൽ സർക്കാർ നടപ്പാക്കി. നിലവിൽ, ഇങ്ങോട്ടു കുടിയേറിയ ഇതര സംസ്ഥാനക്കാർക്ക് ഇതിന്റെ ആനുകൂല്യം ലഭ്യമല്ല. എന്നാൽ, 2019-ൽ ഇവർക്ക് ജാതിസർട്ടിഫിക്കറ്റ് നൽകാൻ സംസ്ഥാനം ബാധകമാക്കിയ വ്യവസ്ഥകളാണ് സാമ്പത്തികസംവരണം നൽകാനുള്ള സർട്ടിഫിക്കറ്റിനും ബാധകമാക്കുന്നത്.
മറ്റു സംവരണമൊന്നും ഇല്ലാത്തവർക്കുള്ള സംവരണമായതിനാൽ അതിഥിത്തൊഴിലാളികൾക്കായിരിക്കില്ല കൂടുതലായി ഇതിന്റെ പ്രയോജനം ലഭിക്കുക. പകരം, ഇടത്തരം ജോലിക്കും മറ്റുമായി കുടിയേറിയ മുന്നാക്കക്കാരിലെ സാമ്പത്തിക പിന്നാക്കാവസ്ഥ ഉള്ളവർക്കായിരിക്കും.ഇതരസംസ്ഥാനങ്ങളിൽനിന്ന് കുടിയേറിയവർക്ക് സാമ്പത്തികസംവരണം ഏർപ്പെടുത്തുന്ന കാര്യത്തിൽ സർക്കാർ മുന്നാക്കവിഭാഗ കമ്മിഷനോട് അഭിപ്രായം ചോദിച്ചിരുന്നു. നിലവിൽ ഈ ആനുകൂല്യം ലഭിക്കുന്ന വിഭാഗങ്ങളുടെ സാധ്യതകളെ ഇത് ബാധിക്കാമെന്നതിനാൽ കേന്ദ്രസർക്കാർ ജോലിക്കും മറ്റും ആനുകൂല്യം ലഭിക്കുംവിധം സർട്ടിഫിക്കറ്റ് നൽകിയാൽ മതിയെന്നായിരുന്നു കമ്മിഷന്റെ നിലപാട്.
എന്നാൽ, ദേശീയതലത്തിൽ സംവരണേതര വിഭാഗങ്ങൾക്കായി നടപ്പാക്കിയ സംവരണം മറ്റൊരു സംസ്ഥാനത്തുനിന്നുവന്ന് സ്ഥിരതാമസമാക്കി എന്നതുകൊണ്ട് നിഷേധിക്കാനാകില്ലെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനത്തിലേക്കു നീങ്ങുന്നത്.

