പകര്‍ച്ചവ്യാധി പ്രതിരോധ മുന്നൊരുക്കം ഊര്‍ജ്ജിതമാക്കണം – ജില്ലാതല ശുചിത്വസമിതി യോഗം

ആലപ്പുഴ: ജില്ലയില്‍ കനത്ത മഴ ലഭിക്കുന്ന സാഹചര്യത്തില്‍ പകര്‍ച്ച വ്യാധി പ്രതിരോധ മുന്നൊരുക്കങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ശുചിത്വസമിതി യോഗം നിര്‍ദ്ദേശിച്ചു.

തോടുകളുടെ ആഴം കൂട്ടി നീരൊഴുക്ക് വര്‍ധിപ്പിക്കുന്നതിനുളള നടപടികള്‍ വേഗത്തിലാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡു സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണം. കൊതുകുകളുടെ ഉറവിട നശീകരണം ഫലപ്രദമായി നടത്തണം.

മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മുന്‍ വര്‍ഷം ലഭിച്ചിട്ടുളള തുകയുടെ ധനവിനിയോഗ സാക്ഷ്യപത്രം സമര്‍പ്പിക്കണം. തദ്ദേശ സ്ഥാപനങ്ങളില്‍ ശേഖരിച്ചു വെച്ചിട്ടുളള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിയുമായി ബന്ധപ്പെട്ട് അടിയന്തിരമായി നീക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. തദ്ദേശസ്ഥാപനതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേരും.

തെളിനീരൊഴുകും നവകേരളം കാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ഇതുവരെ 4535 ജലഗുണനിലവാര പരിശോധനകള്‍ പൂര്‍ത്തിയാക്കി. സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) രണ്ടാം ഘട്ടം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദ്രവമാലിന്യ സംസ്‌കരണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കിയുള്ള പദ്ധതികള്‍ ഏറ്റെടുക്കും. ബയോമെഡിക്കല്‍ മാലിന്യങ്ങളും കോഴിമാലിന്യങ്ങളും സംസ്‌കരിക്കുന്നതിനുളള പ്ലാന്റുകള്‍ ഒരുക്കുന്നതിനും അറവുശാലകളും ശ്മശാനങ്ങളും സജ്ജമാക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങള്‍ സഹകരിച്ച് പദ്ധതികള്‍ തയ്യാറാക്കണമെന്നും യോഗം നിര്‍ദേശിച്ചു.

ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി. ജയകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) രണ്ടാം ഘട്ടം പദ്ധതി പ്രകാരം 271 ഗാര്‍ഹിക ശൗചാലയങ്ങളും ടേക് എ ബ്രേക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 42 പൊതുശൗചാലയങ്ങളും നിര്‍മിച്ചിട്ടുണ്ട്.

ഹരിതകര്‍മ്മ സേനയ്ക്ക് മാലിന്യം നീക്കത്തിനായി അഞ്ചു തദ്ദേശ സ്ഥാപനങ്ങള്‍ ഇലക്ട്രിക് വാഹനം വാങ്ങിയിട്ടുണ്ട്. രണ്ടിടത്ത് മിനി എം.സി.എഫുകളും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ ആര്‍.ആര്‍.എഫുകളും സ്ഥാപിച്ചിട്ടുണ്ട്. വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി വിവിധ സ്‌കൂളുകളിലായി 88 ശൗചാലയങ്ങയങ്ങള്‍ സജ്ജമാക്കി.

സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിയില്‍പ്പെടുത്തി അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ജനകീയ ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ ഗോബര്‍ദ്ധന്‍ ബയോഗ്യാസ് പ്ലാന്‍റ് സ്ഥാപിക്കും. ഫീക്കല്‍ സ്ലഡ് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ് സ്ഥാപിക്കുന്നതിനായി മാവേലിക്കര തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ സ്ഥലവും കണ്ടെത്തിയിട്ടുണ്ട്.

യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ (ദുരന്തനിവാരണം) ആശ സി. എബ്രഹാം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍. ദേവദാസ്, സാനിട്ടേഷന്‍ സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →