സിൽവർലൈൻ കല്ലുകൾ പിഴുതുമാറ്റുന്നവർക്കെതിരെ പൊതുമുതൽ നശീകരണത്തിന് കേസെടുത്തു തുടങ്ങി; വൻ പിഴയും

തിരുവനന്തപുരം: സിൽവർലൈൻ അതിർത്തികല്ലുകൾ പിഴുതുമാറ്റുന്നവർക്കെതിരെ പൊതുമുതൽ നശീകരണത്തിന് കേസെടുത്തു തുടങ്ങി.

കല്ലൊന്നിന് 2500 രൂപയ്ക്കുമേൽ പിഴയീടാക്കും. ജാമ്യമില്ലാക്കുറ്റം ചുമത്തിയാൽ, ഈ തുക കെട്ടിവച്ചാലേ ജാമ്യം ലഭിക്കൂ. തിരുവനന്തപുരം മുരുക്കുംപുഴയിൽ അതിർത്തികല്ല് പിഴുതുമാറ്റിയ യു.ഡി.എഫ് കൺവീനർ എം.എം.ഹസനെതിരെയും കേസെടുത്തു. പരസ്യപ്രതിഷേധം നടത്തി കല്ലുകൾ പിഴുതുമാറ്റുന്നവരുടെ ദൃശ്യങ്ങൾ സഹിതം കെറെയിൽ നൽകിയ പരാതികളിലാണ് കേസ്. സംസ്ഥാനത്താകെ നൂറിലേറെ കേസുകളെടുത്തിട്ടുണ്ട്.

പൊതുമുതൽ നശീകരണത്തിനും പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനുമാണ് കേസെടുക്കുന്നത്.

ചോറ്റാനിക്കരയിലെ പ്രതിഷേധക്കാർക്കെതിരെ തിങ്കളാഴ്ച പരാതി നൽകി. രാത്രിയിൽ രഹസ്യമായി കല്ലുകൾ പിഴുതുമാറ്റുന്ന സംഭവങ്ങളിൽ പരാതി നൽകിയിട്ടില്ല.

ഒരു കല്ലിടാൻ കരാറുകാർക്ക് കെറെയിൽ ആയിരം രൂപ നൽകുന്നുണ്ട്. പ്രതിഷേധം കാരണം സുരക്ഷയൊരുക്കാൻ 7000രൂപ പ്രതിദിനം ചെലവുണ്ട്. മേൽനോട്ട, ഗതാഗത ചെലവെല്ലാം ചേർന്ന് വൻതുകയാവും. മൂന്നു കരാറുകാരാണ് കല്ലിടുന്നത്. 24,000 കല്ലുകൾ സ്ഥാപിക്കേണ്ട സ്ഥാനത്ത് 6100കല്ലുകളാണിട്ടത്.

530കിലോമീറ്റർ പാതയിൽ 160കിലോമീറ്ററിൽ മാത്രമാണ് കല്ലിടാനായത്. സമരക്കാരെ നേരിടുന്നതിൽ പൊലീസിന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടാകരുതെന്നും മനുഷ്യാവകാശ ലംഘനമുണ്ടാവുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഡി.ജി.പി അനിൽകാന്ത് നിർദ്ദേശം നൽകിയിട്ടുണ്ട്.

പൊലീസുകാർ നെയിംബോർഡ് ധരിക്കാതെ എത്തുന്നത് സമരക്കാർ ചോദ്യം ചെയ്യുന്നുണ്ട്. ബഹളത്തിനിടെ നെയിംബോർഡ് നഷ്ടപ്പെടാതിരിക്കാനാണിതെന്നാണ് പൊലീസിന്റെ വിശദീകരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →