മലപ്പുറം: കാട്ടാനയുടെ കൊലയുമായി ബന്ധപ്പെട്ട് മലപ്പുറത്തിനെതിരേ വിദ്വേഷപരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് മേനകാ ഗാന്ധിക്കെതിരേ പരാതിപ്രളയം. സംഭവത്തില്‍ ആറോളം പരാതികളാണ് മേനകാ ഗാന്ധിക്കെതിരേ ലഭിച്ചതെന്ന് മലപ്പുറം എസ് പി അറിയിച്ചു. ആന ചരിഞ്ഞ സംഭവത്തിന്റെ പേരിലുള്ള എല്ലാ പരാതികളും ഒരേ സ്വഭാവത്തിലുള്ളതായതിനാല്‍ ഒറ്റ എഫ്ഐആര്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു.
നാളികേരത്തിനുള്ളിലെ സ്ഫോടകവസ്തു കടിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തിലാണ് മേനകാ ഗാന്ധി പ്രതികരിച്ചത്. ‘നടന്നത് കൊലപാതകമാണ്. ഇത്തരം സംഭവങ്ങള്‍ക്ക് പേരുകേട്ട ജില്ലയാണ് മലപ്പുറം. രാജ്യത്തെ ഏറ്റവുമധികം സംഘര്‍ഷങ്ങള്‍ നടക്കുന്ന ജില്ലയാണ് അത്. ഒറ്റത്തവണ വിഷംകൊടുത്ത് നാനൂറോളം പക്ഷികളെയും നായകളെയും വകവരുത്തിയവരാണ് മലപ്പുറത്തുള്ളവര്‍. ഒരു നടപടിയും എടുക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവാത്തത് ഭയംകൊണ്ടാവും. മൂന്നുദിവസത്തിലൊരിക്കല്‍ കേരളത്തില്‍ ആനകള്‍ കൊല്ലപ്പെടുന്നുണ്ടെ’ന്നായിരുന്നു മേനകയുടെ പ്രസ്താവന.
അതേസമയം, മേനക ഗാന്ധിക്കെതിരേ കേസ് എടുത്തത് വര്‍ഗീയപ്രീണനമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് അഭിപ്രായപ്പെട്ടു. സംസാരത്തില്‍ ജില്ല മാറിപ്പോയി എന്ന പിശകിന്റെ പേരില്‍ കേസ് എടുക്കുന്നത് ലോകത്തുതന്നെ കേട്ടുകേള്‍വി ഇല്ലാത്തതാണ്. ദേശീയ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തിലാണ് മേനക ഗാന്ധി അങ്ങനെ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

