ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്കു മികച്ച തുടക്കം

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു മികച്ച തുടക്കം. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റിന് 272 റണ്ണെന്ന മികച്ച നിലയിലാണ്.ഏഴാം ടെസ്റ്റ് സെഞ്ചുറി നേടിയ ഓപ്പണറും ഉപ നായകനുമായ ലോകേഷ് രാഹുല്‍ (122), അജിന്‍ക്യ രഹാനെ (40) എന്നിവരാണു ക്രീസില്‍. 248 പന്തില്‍ ഒരു സിക്‌സറും 17 ഫോറുമടക്കമാണു രാഹുല്‍ 122 റണ്ണെടുത്തത്. സഹ ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെ (123 പന്തില്‍ ഒന്‍പത് ഫോറുകളടക്കം 60) അര്‍ധ സെഞ്ചുറിയും ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തായി. രഹാനെയും രാഹുലും ചേര്‍ന്ന അപരാജിതമായ നാലാം വിക്കറ്റ് കൂട്ടുകെട്ട് 131 പന്തില്‍ 73 റണ്‍ കൂട്ടിച്ചേര്‍ത്തു. ചേതേശ്വര്‍ പുജാര (0), നായകന്‍ വിരാട് കോഹ്ലി (35) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. മൂന്നു വിക്കറ്റുകളും പേസര്‍ ലുങ്കി എന്‍ഗിഡിക്കാണ്. ഓപ്പണിങ് ജോഡികളായ രാഹുലും മായങ്കും ചേര്‍ന്നു മികച്ച തുടക്കമാണു നല്‍കിയത്.

ബാറ്റിങ് എളുപ്പമല്ലാതിരുന്ന പേസും ബൗണ്‍സുമുള്ള പിച്ചില്‍ ഇരുവരും പേസാക്രമണത്തെ മികച്ച രീതിയില്‍ നേരിട്ടു.ആദ്യ വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ഈ ജോഡിക്കു കഴിഞ്ഞു. രാഹുലും മായങ്കും ചേര്‍ന്ന് ആദ്യമായാണ് അര്‍ധ സെഞ്ചുറി കൂട്ടുകെട്ട് കുറിക്കുന്നത്. മായങ്ക് 89 പന്തിലും രാഹുല്‍ 127 പന്തിലും അര്‍ധ സെഞ്ചുറി കടന്നു. സ്‌കോര്‍ 117 റണ്ണില്‍ നില്‍ക്കേയാണു ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റെടുക്കാന്‍ കഴിഞ്ഞത്. മായങ്കിനെ എന്‍ഗിഡി വിക്കറ്റിനു മുന്നില്‍ കുടുക്കി. എന്‍ഗിഡിയടക്കം വിക്കറ്റിനായി അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ ഇളകിയില്ല. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡീന്‍ എല്‍ഗാര്‍ ഡി.ആര്‍.എസിന്റെ സഹായം തേടി. . തേര്‍ഡ് അമ്പയര്‍ എല്‍ഗാറിന് അനുകൂലമായി ഔട്ട് വിളിച്ചു.

ന്യൂസിലന്‍ഡിനെതിരേ മുംബൈയിലെ വാഖഡെയില്‍ നടന്ന ടെസ്റ്റില്‍ സെഞ്ചുറിയും അര്‍ധ സെഞ്ചുറിയുമായി മായങ്ക് തിളങ്ങിയിരുന്നു.മൂന്നാമനായി ക്രീസിലെത്തിയ ചേതേശ്വര്‍ പുജാര നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. വിക്കറ്റ് പോകാതെ 116 ല്‍നിന്ന് ഇന്ത്യ രണ്ടിന് 117 ലേക്കു പതറി. പുജാരയുടെ ബാറ്റിന്റെ അരികില്‍ തട്ടിയ പന്ത് കാല്‍ത്തുടയില്‍ തട്ടി കീഗന്‍ പെറ്റേഴ്‌സണിന്റെ കൈയില്‍ അനായാസമെത്തി. മൂന്നാം വിക്കറ്റില്‍ രാഹുലും കോഹ്ലിയും ചേര്‍ന്ന് ഇന്ത്യയെ കൂടുതല്‍ തകര്‍ച്ചയിലേക്കു വീഴാതെ നിര്‍ത്തി. 82 റണ്ണാണ് ഈ സഖ്യം നേടിയത്.

മികച്ച ഫോമില്‍ ബാറ്റ് ചെയ്ത കോഹ്ലി ഓഫ്സ്റ്റമ്പിനു പുറത്ത് എന്‍ഗിഡിയൊരുക്കിയ കെണിയില്‍ കുരുങ്ങി. പുറത്തേക്കു പോയ പന്തില്‍ അനാവശ്യ ഷോട്ട് കളിച്ച കോഹ്ലിയെ സ്ലിപ്പില്‍ വിയാന്‍ മുള്‍ഡര്‍ കൈയിലൊതുക്കി. ഹനുമ വിഹാരി, ശ്രേയസ് അയ്യര്‍ എന്നിവരെ പുറത്തിരുത്തിയാണ് ഇന്ത്യയിറങ്ങിയത്. രഹാനെയ്ക്ക് ഇന്ത്യ ഒരവസരം കൂടി നല്‍കി. നേരത്തേ ദക്ഷിണാഫ്രിക്കയില്‍ കാഴ്ചവച്ച വച്ച മികച്ച പ്രകടനമാണ് അദ്ദേഹത്തിനു തുണയായത്. നാലു പേസര്‍മാരും ഒരു സ്പിന്നറുമുള്‍പ്പെട്ട കോമ്പിനേഷനിലാണ് ഇന്ത്യ ടീമിനെ ഇറക്കിയത്. ശാര്‍ദൂല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരാണ് പേസര്‍മാര്‍. ആര്‍. അശ്വിനാണ് ഏക സ്പിന്നര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →