കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലറുടെ പുനർ നിയമനം; ശുപാർശ ചെയ്തത് മന്ത്രി ആർ ബിന്ദു എന്നതിന്റെ തെളിവ് പുറത്ത്

തിരുവനന്തപുരം: ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള പോര് മുറുകവെ കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലറുടെ പുനർ നിയമനത്തിന് ശുപാർശ ചെയ്തത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു എന്നതിന്റെ തെളിവ് പുറത്ത്.

മന്ത്രി അയച്ച കത്ത് പുറത്തു വന്നു. ഇതു സംബന്ധിച്ച് ഗവർണ്ണർക്കാണ് പ്രൊഫ. ബിന്ദു കത്ത് നൽകിയത്. വി സി നിയമനത്തിന് ഇറക്കിയ അപേക്ഷ പിൻവലിക്കാൻ ആവശ്യപ്പെട്ടതും മന്ത്രിയാണ്. സേർച്ച് കമ്മിറ്റി റദ്ദാക്കാനും മന്ത്രി ശുപാർശ ചെയ്തെന്നാണ് പുറത്തുവരുന്ന വിവരം.

കണ്ണൂർ വിസി പുനർ നിയമനത്തിന് ഗവർണ്ണറോട് ആവശ്യപ്പെട്ടത് മന്ത്രിയാണെന്ന് പ്രതിപക്ഷം ആവർത്തിക്കുമ്പോഴും മന്ത്രി മൗനം തുടരുന്നതിനിടെയാണ് ഇപ്പോൾ കത്ത് പുറത്തുവന്നിരിക്കുന്നത്. വിസിക്ക് പുനർനിയമനം നൽകാൻ സർക്കാർ നോമിനിയെ ചാൻസലറുടെ നോമിനിയാക്കാൻ മന്ത്രി ആവശ്യപ്പെട്ടെന്ന ഗവർണ്ണറുടെ വെളിപ്പെടുത്തലാണ് മന്ത്രിയെ സംശയത്തിന്റെ നിഴലിലാക്കിയത്.

വിരമിച്ച ദിവസം കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രനെ തന്നെ നിയമനം നൽകാൻ ആര് ഗവർണ്ണർക്ക് ശുപാർശ നൽകി എന്നതിൽ സർക്കാർ ഉരുണ്ടുകളി തുടരുകയാണ്. സർക്കാർ ശുപാർശ നൽകിയിട്ടില്ലെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിക്ക് കിട്ടിയ മറുപടി. വിവരാവകാശ നിയമപ്രകാരമുള്ള തുടർ അപേക്ഷകളിൽ രാജ്ഭവന്റെയും സർക്കാറിന്റെയും മറുപടി കാത്തിരിക്കെ സംശയമുന നീളുന്നത് ഉന്നത വിദ്യാഭ്യാസമന്ത്രിയിലേക്ക് തന്നെയായിരുന്നു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →