ആലപ്പുഴ : പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായിരുന്ന ടി. വേണുഗോപാലന്‍ എഴുതി കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിക്കുന്ന സ്വദേശാഭിമാനി- രാജദ്രോഹിയായ രാജ്യസ്‌നേഹി എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു.
ആലപ്പുഴ ലോകമേ തറവാട് കലാപ്രദർശന വേദിയായ മോഡേണ്‍ സൊസൈറ്റിയില്‍ നടന്ന ചടങ്ങ് സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. മഹത്തായ ഒരു ആശയത്തിന്റെ പുനരാവിഷ്കാരമാണ് പുസ്തകത്തിന്റെ രണ്ടാം പതിപ്പിലൂടെ സാധ്യമാകുന്നതെന്ന് മന്ത്രി പറഞ്ഞു.
സ്വദേശാഭിമാനി രാമകൃഷ്ണനെപ്പോലുള്ളവരുടെ ആശയങ്ങൾക്ക് പ്രചാരണം നല്‍കുക എന്നത് നമ്മുടെ ഉത്തരവാദിത്വം കൂടിയാണ്. ചെറു പ്രായത്തിൽ തന്നെ ചരിത്രത്തിന്റെ ഭാഗമാകാൻ സാധിച്ച മഹാനാണ് അദ്ദേഹമെന്ന് മന്ത്രി അനുസ്മരിച്ചു.
എഴുത്തുകാരനും വാഗ്മിയുമായ സുനില്‍ പി. ഇളയിടം പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു. മാധ്യമ പ്രവര്‍ത്തനം- സ്വദേശാഭിമാനിയുടെ കാലത്തും ഇന്നും എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തി.
ഭിന്നാഭിപ്രായങ്ങള്‍ രാജ്യദ്രോഹമായി വിമര്‍ശിക്കപ്പെടുന്ന വര്‍ത്തമാന കാലത്ത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ധീരമായ പത്രപ്രവര്‍ത്തനം പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു. ജനകീയ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്പോള്‍ നിലപാടുകളില്‍ ഉറച്ചുനില്‍ക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സാധിക്കണമെന്നും സുനില്‍ പി. ഇളയിടം നിര്‍ദേശിച്ചു.
ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പുസ്തകം ഏറ്റുവാങ്ങി. അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അധ്യക്ഷത വഹിച്ചു. ആലപ്പുഴ പ്രസ്‌ക്ലബ് പ്രസിഡന്റ് കെ.യു. ഗോപകുമാര്‍, സെക്രട്ടറി ആര്‍. രാജേഷ്, മീഡിയ അക്കാദമി സെക്രട്ടറി എന്‍.പി സന്തോഷ്, കാർട്ടൂണിസ്റ്റ് സുധീർ നാഥ് എന്നിവര്‍ സന്നിഹിതരായി.

