തൃശ്ശൂർ: പെരിഞ്ഞനം പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ക്ക് വീട് നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന രീതിയില്‍ നടത്താമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. പഞ്ചായത്തില്‍ 2018 ലെ പ്രളയത്തെ തുടര്‍ന്ന് പണിത 14 വീടുകള്‍ പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കല്ലാതെ ഭൂരഹിതര്‍, ഭവന രഹിതര്‍ എന്നിവര്‍ക്കും നല്‍കാന്‍ പഞ്ചായത്ത് തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അവലോകന യോഗത്തിലാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ വീടുകളുടെ വിതരണം നടത്താമെന്ന് കലക്ടര്‍ പഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ചത്.
14 വീടുകളും സര്‍ക്കാരിലേക്കായി കലക്ടര്‍ ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതോടൊപ്പം ദൂരഹിതര്‍, ഭവന രഹിതര്‍ എന്നിവരെ കൂടി ഉള്‍പ്പെടുത്താന്‍ പഞ്ചായത്ത് കലക്ടറോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ പഞ്ചായത്തു തന്നെ മുന്‍കൈ എടുത്ത് 10 ദിവസത്തിനകം ഗുണഭോക്താക്കളെ കണ്ടെത്തി അറിയിക്കണമെന്നും തുടര്‍ന്ന് ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് വീടുകളുടെ വിതരണം നടത്താമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. യോഗത്തില്‍ പെരിഞ്ഞനം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



