ചൈന പുറത്തു പറയുന്നതിനും മാസങ്ങൾക്കു മുൻപ് വുഹാൻ ലാബിലെ ജീവനക്കാർക്ക് കോവിഡ്, നിർണായക റിപ്പോർട് പുറത്ത്

വാഷിംഗ്ടൺ: കോവിഡ് വൈറസിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി വാൾട്ട് സ്ട്രീറ്റ് ജേർണൽ. 2019 ഡിസംബറിൽ കൊവിഡ് റിപ്പോർട്ട് ചെയ്തതായി ചൈന ആദ്യമായി വെളിപ്പെടുത്തുന്നതിന് മാസങ്ങൾക്ക് മുൻപ് തന്നെ വുഹാൻ വൈറോളജി ലാബിലെ ജീവനക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതായാണ് വാൾട്ട്‌സ്ട്രീറ്റ് ജേർണൽ പറയുന്നത്. ഇതുവരെ പുറത്തുവിടാത്ത യു എസ് രഹസ്യാന്വേഷണ റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് വാൾട്ട് സ്ട്രീറ്റ് ജേർണൽ കൊവിഡ് ഉത്ഭവത്തിൽ ചൈനയ്ക്കുള്ള പങ്കിലേക്ക് വിരൽ ചൂണ്ടുന്ന സുപ്രധാന റിപ്പോർട്ട് 24/05/21 തിങ്കളാഴ്ച പുറത്തുവിട്ടത്.

കൊവിഡ് വൈറസ് വുഹാനിലെ ലാബിൽ നിന്നാണ് പുറം ലോകത്തേക്ക് വ്യാപിച്ചതെന്ന അന്വേഷണത്തെ തുടർന്നാണ് സുപ്രധാന വിവരങ്ങൾ പുറത്തുവന്നത്. വുഹാൻ ലാബിലെ ഗവേഷകരിൽ എത്രപേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു, എത്രകാലം ഇവർ ചികിൽസയ്ക്ക് വിധേയരായി എന്നു തുടങ്ങീ വിശദമായ റിപ്പോർട്ടാണ് വാൾട്ട് സ്ട്രീറ്റ് പുറത്തുവിട്ടത്.

എന്നാൽ ലോകാരോഗ്യ സംഘടനയുടെ സുപ്രധാന യോഗം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് വാൾട്ട് സ്ട്രീറ്റ് ജേർണൽ വുഹാൻ ലാബ് സംബന്ധിച്ച രഹസ്യാന്വോഷണ റിപ്പോർട്ട് പുറത്തുവിട്ടത്. കൊവിഡ് വൈറസിന്റെ ഉത്ഭവം സംബന്ധിച്ച അന്വേഷണം നടത്തുന്നതിനെ കുറിച്ചാണ് തിങ്കളാഴ്ച നടക്കുന്ന ലോകാരോഗ്യ സംഘടനയുടെ യോഗം ചർച്ച ചെയ്യുക.

യുഎസ് ദേശീയ സുരക്ഷാകൗൺസിൽ വക്താവ് ജേർണൽ റിപ്പോർട്ട് സംബന്ധിച്ച് പ്രതികരിക്കാൻ തയ്യാറായില്ല. എന്നാൽ കൊവിഡ് വൈറസ് എങ്ങിനെയാണ് യഥാർഥത്തിൽ ഉത്ഭവിച്ചതെന്ന് കണ്ടെത്താൻ കൂടുതൽ അന്വേഷണം വേണമെന്നും അത് ചൈനയിൽ നിന്നാണോ എന്നതും അന്വേഷണത്തിൽ ഉൾപ്പെടുന്നുണ്ടെന്നും വക്താവ് സൂചിപ്പിച്ചു.

ഇക്കാര്യത്തിൽ സ്വതന്ത്രവും വിശദവുമായ അന്വേഷണം നടത്താൻ ലോകാരോഗ്യ സംഘടനയുടെ കൂടെ പ്രവർത്തിക്കുമെന്നും ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ചൂണ്ടിക്കാണിച്ചു. രാഷ്ട്രീയവത്ക്കരിക്കപ്പെടാത്ത സ്വതന്ത്രമായ നിലപാടാണ് ഇക്കാര്യത്തിൽ സ്വീകരിക്കേണ്ടതെന്നും കൗൺസിൽ വക്താവ് വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →