ആലപ്പുഴ: എന്‍.എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ മകള്‍ ഡോ.സുജാത എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍സ്ഥാനം രാജിവെച്ചു. കഴിഞ്ഞ 7 വര്‍ഷങ്ങളായി സുജാത സിന്‍ഡിക്കേറ്റ് മെമ്പര്‍ സ്ഥാനത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു. മകള്‍ക്ക് സിന്‍ഡിക്കേറ്റ് സ്ഥാനം കൊടുത്തിട്ടും എന്‍എസ്എസ് ഇടതുപക്ഷത്തിന്റെ നെഞ്ചത്ത് കുത്തിയെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്റെ വിമര്‍ശനത്തിന് പിന്നാലെയാണ് ഡോ.സുജാതയുടെ രാജി.
ആരോപണം അടിസ്ഥാന രഹിതമാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. മകള്‍ രാജിവെച്ചകാര്യം അദ്ദേഹം തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. ആദ്യം യുഡിഎഫും പിന്നീട് എല്‍ഡിഎഫുമാണ് സുജാതയെ നോമിനേറ്റ് ചെയ്തതെന്നും യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നോമിനേറ്റ് ചെയ്തതെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. താനോ മകളോ സ്ഥാനമാനങ്ങള്‍ക്കുവേണ്ടി ആരെയും സമീപിച്ചിട്ടില്ല. മൂന്നുവര്‍ഷം ഇനിയും കാലാവധിയുണ്ടെന്നും എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ സുജാത രാജി വെക്കുകയാണെന്നും സുകുമാരന്‍ നായര്‍ വിശദീകരിച്ചു.

