ന്യൂഡൽഹി/ 2026 / സെപ്റ്റംബർ 30
വനം, വന്യജീവി, പരിസ്ഥിതി സംരക്ഷണത്തിൽ മികച്ച സംഭാവന നൽകിയവരെ നാലാമത് ഇക്കോ വാരിയർ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. സെപ്റ്റംബർ 29ന് ന്യൂഡൽഹിയിൽ നടന്ന പുരസ്കാരദാനത്തിനും ഇക്കോ വാരിയർ സംഗമത്തിനും കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദ്ര യാദവ് അധ്യക്ഷത വഹിച്ചു. മുതിർന്ന ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥൻ ബ്രിജ് കിഷോർ സിങ്ങിന് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം സമ്മാനിച്ചു. പരിസ്ഥിതി സംരക്ഷണത്തിലെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് 15 വനം ഉദ്യോഗസ്ഥരെയും ആദരിച്ചു. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് അസോസിയേഷനും ഇന്ത്യൻ മാസ്റ്റർമൈൻഡ്സും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. മുതിർന്ന വനം ഉദ്യോഗസ്ഥർ, സംരക്ഷണ പ്രവർത്തകർ, നയരൂപകർത്താക്കൾ, ശാസ്ത്രജ്ഞർ, പൊതുസമൂഹ പ്രതിനിധികൾ, വ്യവസായ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
കാടുകളുടെ സംരക്ഷണം എല്ലാവരുടെയും ഉത്തരവാദിത്വം
ജലം, കാലാവസ്ഥ, മണ്ണ്, ജൈവവൈവിധ്യം, ഉപജീവനം എന്നിവയെ പിന്തുണയ്ക്കുന്ന നിർണായക പ്രകൃതിസംവിധാനങ്ങളാണ് ഇന്ത്യയുടെ കാടുകളെന്ന് ഭൂപേന്ദ്ര യാദവ് പറഞ്ഞു. വനസംരക്ഷണത്തിന്റെ മുൻനിരയിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ സേവനത്തെ അദ്ദേഹം അംഗീകരിച്ചു. ആദിവാസികളും വനത്തെ ആശ്രയിച്ച് ജീവിക്കുന്ന സമൂഹങ്ങളും സംരക്ഷണത്തിലെ പങ്കാളികളാണെന്നും വ്യക്തമാക്കി.
പരിസ്ഥിതി സംരക്ഷണം കൂടുതൽ സങ്കീർണമായിരിക്കുകയാണ്. വികസനം, ഉപജീവനം, ജനങ്ങളുടെ ആഗ്രഹങ്ങൾ, വന്യജീവികളുടെ ആവശ്യങ്ങൾ എന്നിവ പരിഗണിച്ച് വിശാലമായ പരിസ്ഥിതി മേഖലകളെ മുഴുവനായി കൈകാര്യം ചെയ്യേണ്ട ചുമതലയാണ് വനം ഉദ്യോഗസ്ഥർക്കുള്ളത്. കാലാവസ്ഥാ വ്യതിയാനം, ആവർത്തിക്കുന്നതും മുൻകൂട്ടി പ്രവചിക്കാൻ പ്രയാസമുള്ളതുമായ അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ, കാട്ടുതീ, ജലക്ഷാമം, ആവാസവ്യവസ്ഥകൾ ചെറുഭാഗങ്ങളായി വേർപെടുന്നത്, അധിനിവേശ ജീവിവർഗങ്ങൾ എന്നിവ പ്രധാന വെല്ലുവിളികളാണ്. ഭൂമിക്കും പ്രകൃതിവിഭവങ്ങൾക്കും മേലുള്ള സമ്മർദവും വർധിക്കുന്നു. കാടുകൾ, വന്യജീവികൾ, കൃഷി, ജലം, ഉപജീവനം, ജനവാസമേഖലകൾ എന്നിവയെ ഒരുമിച്ച് പരിഗണിക്കുന്ന സമീപനം വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
പരിസ്ഥിതി സംരക്ഷണം സർക്കാരിന്റെ മാത്രം ചുമതലയല്ല, രാജ്യത്തിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പ്രകൃതിസമ്പത്ത് കാത്തുസൂക്ഷിക്കാൻ ചുമതലപ്പെട്ട സേവനമാണ് വനം സർവീസ്. കാടുകളിൽ പട്രോളിങ് നടത്തുകയും കാട്ടുതീ നേരിടുകയും വന്യജീവികളുടെ ആവാസകേന്ദ്രങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന ബീറ്റ് ഗാർഡുകൾ, റേഞ്ചർമാർ, മറ്റു ജീവനക്കാർ എന്നിവരുടെ സംഭാവന മറക്കരുത്. സംരക്ഷണനയങ്ങളെ പ്രായോഗിക പ്രവർത്തനങ്ങളാക്കി മാറ്റുന്നത് ഇവരാണെന്നും മന്ത്രി പറഞ്ഞു.
ബ്രിജ് കിഷോർ സിങ്ങിന് സമഗ്ര സംഭാവനാ പുരസ്കാരം
കർണാടക കേഡറിലെ 1976 ബാച്ച് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ ബ്രിജ് കിഷോർ സിങ്ങിന് ഭൂപേന്ദ്ര യാദവ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം സമ്മാനിച്ചു. പതിറ്റാണ്ടുകളായി വനം, വന്യജീവി സംരക്ഷണത്തിന് നൽകിയ സേവനമാണ് പരിഗണിച്ചത്. ചന്ദനക്കടത്തും കുപ്രസിദ്ധ കൊള്ളക്കാരൻ വീരപ്പന്റെ പ്രവർത്തനങ്ങളും തടയാനുള്ള ശ്രമങ്ങളിൽ സിങ് പ്രധാന പങ്കുവഹിച്ചു. കർണാടകയിലെ വനസംരക്ഷണത്തിനും വന്യജീവി സംരക്ഷണത്തിനും അദ്ദേഹം സംഭാവന നൽകി.
പ്രചാരമില്ലാതെ പ്രകടിപ്പിക്കുന്ന ധൈര്യത്തെയും കൈയടികൾ പ്രതീക്ഷിക്കാത്ത സേവനത്തെയും ഉടൻ പ്രതിഫലം ലഭിക്കാത്ത അർപ്പണബോധത്തെയുമാണ് ഇക്കോ വാരിയർ പുരസ്കാരങ്ങൾ ആദരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയുടെ കാടുകൾക്കും വന്യജീവികൾക്കും പരിസ്ഥിതിക്കും വേണ്ടി പ്രവർത്തിക്കാൻ കൂടുതൽ ആളുകൾക്ക് ഈ പുരസ്കാരങ്ങൾ പ്രചോദനമാകണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ വികസനവും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ച് മുന്നോട്ടുപോകാമെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വന്യജീവി സംരക്ഷണത്തിനും ജലസംരക്ഷണത്തിനും അംഗീകാരം
സംരക്ഷിത മേഖലകളുടെ പരിപാലനത്തിനുള്ള പുരസ്കാരം ഒഡീഷയിലെ സിമിലിപാൽ കടുവാ സങ്കേതത്തിന്റെ ചുമതലയുള്ള ഫീൽഡ് ഡയറക്ടറും കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സുമായ ഡോ. പ്രകാശ് ചന്ദ് ഗോഗിനേനിക്കും ഉത്തർപ്രദേശിലെ പിലിഭിത് കടുവാ സങ്കേതത്തിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മനീഷ് സിങ്ങിനും ലഭിച്ചു. സാങ്കേതികവിദ്യ, സുരക്ഷാനടപടികൾ, ജനപങ്കാളിത്തം എന്നിവയിലൂടെ കടുവകളുടെയും മറ്റു വന്യജീവികളുടെയും സംരക്ഷണം ശക്തമാക്കിയതിനാണ് അംഗീകാരം.
വന്യജീവി സംരക്ഷണ വിഭാഗത്തിൽ തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ജനിതകവിഭാഗം ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സായ സെൽവി എസ്. സെൻബഗപ്രിയയും ഹിമാചൽ പ്രദേശിലെ പാലംപുർ വനം ഡിവിഷനിലെ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ഡോ. സഞ്ജീവ് ശർമയും പുരസ്കാരം നേടി. ജനപങ്കാളിത്തത്തോടെയുള്ള സംരക്ഷണം, ശാസ്ത്രീയ നിരീക്ഷണം, വന്യജീവികളെ രക്ഷപ്പെടുത്തലും പുനരധിവാസവും, വേട്ട തടയാനുള്ള പ്രവർത്തനങ്ങൾ എന്നിവയാണ് പരിഗണിച്ചത്.
പരിസ്ഥിതി സംരക്ഷണ വിഭാഗത്തിൽ ഉത്തരാഖണ്ഡിലെ ഭാഗീരഥി സർക്കിളിലെ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ധരം സിങ് മീണയും നാഗാലാൻഡിലെ വോഖ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സുമൻ ശിവശങ്കർ ശിവാചാർ ഡബ്ല്യു. എം.യും ആദരിക്കപ്പെട്ടു. ശാസ്ത്രീയ ജലസംരക്ഷണം, നീരുറവകളുടെയും അരുവികളുടെയും പുനരുജ്ജീവനം, അമൂർ ഫാൽക്കൺ പക്ഷികളുടെ സംരക്ഷണം, ജനപങ്കാളിത്തം, ദോയാങ് ജലാശയത്തിന്റെ സംരക്ഷണം എന്നിവയ്ക്കാണ് പുരസ്കാരം.
ജനപങ്കാളിത്തവും സാങ്കേതികവിദ്യയും പുരസ്കാരത്തിളക്കത്തിൽ
ജനങ്ങളുമായുള്ള ബന്ധം ശക്തമാക്കിയതിനുള്ള പുരസ്കാരം അരുണാചൽ പ്രദേശിലെ പക്കെ കടുവാ സങ്കേതത്തിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ധവൻ കുമാർ റാവത്തിനും ഹിമാചൽ പ്രദേശിലെ രാംപുർ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ഗുർഹർഷ് സിങ്ങിനും ലഭിച്ചു. സംരക്ഷണപ്രവർത്തനങ്ങളെ ജനങ്ങളുടെ ഉപജീവനവുമായി ബന്ധിപ്പിച്ചതും സമേജ് മേഘവിസ്ഫോടനത്തിനു പിന്നാലെ രക്ഷാപ്രവർത്തനത്തിനായി ആറുമണിക്കൂറിനുള്ളിൽ മരപ്പാലം നിർമിച്ചതുമാണ് അംഗീകാരത്തിന് പരിഗണിച്ചത്.
സാങ്കേതികവിദ്യയുടെ മികച്ച ഉപയോഗത്തിനുള്ള പുരസ്കാരം തമിഴ്നാട്ടിലെ ഹൊസൂർ വൈൽഡ്ലൈഫ് വാർഡൻ എൻ. ജയരാജിനും ബിഹാറിലെ രാജ്ഗിർ സൂ സഫാരി ഡയറക്ടർ എം. രാംസുന്ദറിനും ലഭിച്ചു. അപകടസാധ്യതയുള്ള റെയിൽപ്പാതയ്ക്കരികിൽ ആനകളെ സംരക്ഷിക്കാൻ നിർമിതബുദ്ധി അടിസ്ഥാനമാക്കിയ നിരീക്ഷണവും മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങളും ഉപയോഗിച്ചതിനാണ് അംഗീകാരം. ഡിജിറ്റൽ ബുക്കിങ്, നിരീക്ഷണ ക്യാമറകൾ, ജി.പി.എസ്. ട്രാക്കിങ് എന്നിവയുടെ ഉപയോഗവും പരിഗണിച്ചു.
പ്രത്യേക ജൂറി പുരസ്കാരം രാജസ്ഥാനിലെ ബാർമർ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് സവിത ദഹിയയ്ക്കും തമിഴ്നാട്ടിലെ തഞ്ചാവൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ. കാർത്തികേയനിക്കും ലഭിച്ചു. താൽ ഛാപ്പർ പുൽമേടുകളുടെ പുനരുദ്ധാരണവും കൃഷ്ണമൃഗങ്ങളുടെയും ചിങ്കാര മാനുകളുടെയും ആവാസവ്യവസ്ഥ മെച്ചപ്പെടുത്തിയതും അംഗീകാരത്തിന് കാരണമായി. ആനസംരക്ഷണം ശക്തമാക്കുന്നതിനൊപ്പം പ്രദേശത്തുനിന്ന് 239 അനധികൃത തോക്കുകൾ നീക്കംചെയ്ത പ്രചാരണവും പരിഗണിച്ചു.
ജീവിവർഗങ്ങളുടെയും ആവാസവ്യവസ്ഥകളുടെയും സംരക്ഷണത്തിന് നൽകിയ ശ്രദ്ധേയമായ സംഭാവനകൾക്ക് പ്രോജക്ട് എലിഫന്റിനും രാജസ്ഥാനിലെ ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് സംരക്ഷണ പദ്ധതിക്കും പ്രത്യേക പദ്ധതി പുരസ്കാരം ലഭിച്ചു.
സംരക്ഷണത്തിന്റെ പുതിയ വഴികൾ ചർച്ച ചെയ്ത് സംഗമം
ഇക്കോ വാരിയർ സംഗമത്തിൽ പരിസ്ഥിതി ഭരണത്തിലും സംരക്ഷണത്തിലും ഉയർന്നുവരുന്ന നിർണായക വിഷയങ്ങളെക്കുറിച്ച് മൂന്ന് ചർച്ചകൾ നടന്നു. സംരക്ഷണത്തിനും പ്രകൃതിവിഭവ പരിപാലനത്തിനും നിർമിതബുദ്ധിയും സാങ്കേതികവിദ്യയും ഉപയോഗിക്കുന്നത്, വനപരിപാലനത്തിൽ കമ്പനികളുടെ പങ്ക്, സുസ്ഥിര വികസനവും പരിസ്ഥിതി നൈതികതയും എന്നിവയായിരുന്നു വിഷയങ്ങൾ.
സാങ്കേതികവിദ്യ, കമ്പനികളുടെ പങ്കാളിത്തം, സുസ്ഥിര വികസന സമീപനങ്ങൾ എന്നിവയിലൂടെ സംരക്ഷണപ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാനുള്ള അവസരങ്ങളും വെല്ലുവിളികളും വിദഗ്ധരും ബന്ധപ്പെട്ട മേഖലകളിലെ പ്രതിനിധികളും ചർച്ച ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥർ പകർത്തിയ പ്രകൃതി ചിത്രങ്ങളുടെ പ്രദർശനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.
വനം ഡയറക്ടർ ജനറലും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ സ്പെഷ്യൽ സെക്രട്ടറിയുമായ സുശീൽ കുമാർ അവസ്തി, ദേശീയ മനുഷ്യാവകാശ കമ്മിഷൻ മുൻ സെക്രട്ടറി ജനറൽ ഭാരത് ലാൽ, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് അസോസിയേഷൻ പ്രസിഡന്റ് അനിത കർൺ, ജനറൽ സെക്രട്ടറി മൊണാലിസ ദാസ്, ഇന്ത്യൻ മാസ്റ്റർമൈൻഡ്സ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. വനപരിപാലന, പരിസ്ഥിതി സംരക്ഷണ മേഖലകളിലെ മറ്റു പ്രമുഖരും ചടങ്ങിലെത്തി.