പുരാതനകാലത്തെ ശുചിത്വരീതികൾ മുതൽ ഇന്നത്തെ വലിയ തീർഥയാത്രകൾ വരെ, ഇന്ത്യയിൽ വൃത്തിയും മാലിന്യസംസ്കരണവും ജനങ്ങളുടെ കൂട്ടായ ശീലമായി മാറുകയാണ്. സെപ്റ്റംബർ 29ന് പുറത്തിറക്കിയ വിശദീകരണക്കുറിപ്പ് ഈ മാറ്റത്തിന്റെ വിവിധ ഘട്ടങ്ങൾ വിവരിക്കുന്നു. സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി ഒരുക്കിയ ശുചിത്വസൗകര്യങ്ങൾക്കൊപ്പം സർക്കാരുകളും തദ്ദേശസ്ഥാപനങ്ങളും സന്നദ്ധപ്രവർത്തകരും തീർഥാടകരും ചേർന്നുള്ള പ്രവർത്തനമാണ് ഇതിന് കരുത്താകുന്നത്. മഹാകുംഭമേള, കാൻവാർ യാത്ര, അമർനാഥ് യാത്ര, ക്ഷേത്രങ്ങളിലെ മാലിന്യശേഖരണം എന്നിവയിലൂടെ ശുചിത്വത്തെ ദൈനംദിന ശീലമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
പുരാതന ശുചിത്വരീതികളിൽ നിന്ന് സ്വച്ഛ് ഭാരതിലേക്ക്
ഇന്ത്യയുടെ ശുചിത്വബന്ധം ആധുനിക ശുചിത്വപ്രസ്ഥാനങ്ങൾക്കും മുമ്പേ തുടങ്ങിയതാണ്. സിന്ധുനദീതടത്തിലെ പുരാവസ്തുതെളിവുകൾ മികച്ച ശുചിത്വസംവിധാനങ്ങൾ നിലനിന്നിരുന്നതായി കാണിക്കുന്നു. ഇന്നത്തെ ഗുജറാത്തിലുള്ള ലോഥൽ പോലുള്ള നഗരങ്ങളിൽ ആസൂത്രിതമായ നഗരവിന്യാസവും വിപുലമായ അഴുക്കുചാൽ ശൃംഖലയും ഉണ്ടായിരുന്നു. പല വീടുകളിലും അഴുക്കുചാലുമായി ബന്ധിപ്പിച്ച സ്വകാര്യ ശൗചാലയങ്ങളുണ്ടായിരുന്നു. ചാലുകൾ പരിശോധിക്കാനുള്ള ഇടങ്ങളും ഖരമാലിന്യം കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങളും ഇതിനൊപ്പം ഒരുക്കിയിരുന്നു.
വേദപാരമ്പര്യത്തിൽ ശരീരത്തിന്റെയും ചുറ്റുപാടുകളുടെയും വൃത്തിക്ക് വലിയ പ്രാധാന്യം നൽകിയിരുന്നു. ശുദ്ധജലം, ശുദ്ധവായു, ആരോഗ്യകരമായ പരിസരം എന്നിവ ആത്മീയാനുഷ്ഠാനങ്ങളുമായി ബന്ധപ്പെടുത്തിയിരുന്നു. നദികൾക്കും മറ്റു ജലാശയങ്ങൾക്കും സമീപം മലവിസർജനം ഒഴിവാക്കണമെന്നും പുരാതന നിർദേശങ്ങളിൽ പറഞ്ഞിരുന്നു.

ബൗദ്ധപാരമ്പര്യത്തിലും ഇതേ സമീപനം കാണാം. വെള്ളത്തിൽ മലമൂത്രവിസർജനം നടത്തരുതെന്ന് ബൗദ്ധസന്ന്യാസിമാർക്ക് നിർദേശം നൽകിയിരുന്നു. അടുത്തയാൾക്കായി ശൗചാലയം വൃത്തിയാക്കിവയ്ക്കാനും അവർ ശ്രദ്ധിക്കേണ്ടിയിരുന്നു. ബിഹാറിലെ ഗുപ്തകാലത്തെ ഒരു ബൗദ്ധവിഹാരത്തിൽ പ്രത്യേക ശൗചാലയമുറി ഉണ്ടായിരുന്നതായി പുരാവസ്തുകണ്ടെത്തലുകൾ വ്യക്തമാക്കുന്നു. പെരുമാറ്റം, അച്ചടക്കം, സമൂഹജീവിതം എന്നിവയുമായി ശുചിത്വത്തിന് ഇന്ത്യയിൽ പഴയകാലം മുതലേ ബന്ധമുണ്ടായിരുന്നുവെന്നാണ് ഈ ഉദാഹരണങ്ങൾ കാണിക്കുന്നത്.
എന്നാൽ നൂറ്റാണ്ടുകൾക്കുശേഷം ആധുനിക ഇന്ത്യയിൽ ശുചിത്വം വലിയ വെല്ലുവിളിയായി. ആവശ്യത്തിന് സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം അവ ഉപയോഗിക്കുകയും തുടർച്ചയായി പരിപാലിക്കുകയും ചെയ്യുന്ന ശീലം വളർത്തേണ്ടതും പ്രധാനമായി. ഈ വെല്ലുവിളി നേരിടാനാണ് 2014 ഒക്ടോബർ രണ്ടിന് സ്വച്ഛ് ഭാരത് മിഷൻ ആരംഭിച്ചത്. സർക്കാർ നേതൃത്വം നൽകുന്ന രാജ്യത്തെ ഏറ്റവും വലിയ ശുചിത്വപ്രസ്ഥാനങ്ങളിൽ ഒന്നായി ഇത് മാറി.
സ്വച്ഛ് ഭാരത് മിഷന് ഗ്രാമീണം, നഗരം എന്നിങ്ങനെ രണ്ടു ഘടകങ്ങളുണ്ട്. ഗ്രാമീണപദ്ധതി ശൗചാലയലഭ്യതയും ഉപയോഗവും ഗ്രാമങ്ങളിലെ ശുചിത്വവും ഖര–ദ്രവ മാലിന്യസംസ്കരണവുമാണ് ലക്ഷ്യമിടുന്നത്. നഗരപദ്ധതി നഗരശുചിത്വം, മാലിന്യസംസ്കരണം, പൊതുസ്ഥലങ്ങൾ, ശുചിത്വസൗകര്യങ്ങൾ എന്നിവയിൽ ശ്രദ്ധിക്കുന്നു.
2014നുശേഷമുള്ള ഒരു ദശാബ്ദത്തിൽ ശൗചാലയങ്ങൾ മുതൽ മാലിന്യം നീക്കാനും സംസ്കരിക്കാനുമുള്ള സംവിധാനങ്ങൾ വരെ രാജ്യത്താകെ വിപുലമായി നിർമ്മിച്ചു. അതിനൊപ്പം ശുചിത്വം പതിവാക്കാൻ ജനങ്ങളുടെ പെരുമാറ്റത്തിൽ മാറ്റം കൊണ്ടുവരാനും അത് നിലനിർത്താനും ശ്രമിച്ചു. സ്വച്ഛ് ഭാരത് മിഷനിലൂടെ നടക്കുന്ന വലിയ മാറ്റം ഇതാണ്. ഗ്രാമങ്ങളിലും നഗരങ്ങളിലും മാലിന്യസംസ്കരണം സ്ഥിരം സംവിധാനമായെങ്കിലും, ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷക്കണക്കിന് ആളുകൾ ഒത്തുചേരുന്ന മതസമ്മേളനങ്ങളിലാണ് ഈ ശീലമാറ്റത്തിന്റെ വലിയ പരീക്ഷണം നടക്കുന്നത്.
മഹാകുംഭമേളയിൽ ജനപങ്കാളിത്തം കരുത്തായി
ഈ മാറ്റം വ്യക്തമായി കാണിച്ച സംഗമങ്ങളിലൊന്നാണ് 2025ലെ മഹാകുംഭമേള. ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ലക്ഷക്കണക്കിന് ഭക്തർ എത്തിയപ്പോൾ ശുചിത്വം ഉറപ്പാക്കുക വലിയ വെല്ലുവിളിയായിരുന്നു. ആവശ്യമായ സൗകര്യങ്ങൾ, ബോധവൽക്കരണം, ജനപങ്കാളിത്തം എന്നിവ ഒന്നിച്ചുകൊണ്ടാണ് അത് നേരിട്ടത്.
മേള നടക്കുന്ന പ്രദേശങ്ങളിൽ 28,000ത്തിലധികം ശൗചാലയങ്ങളും 20,000 പൊതുമൂത്രപ്പുരകളും ഒരുക്കി. മാലിന്യം ഉണ്ടാകുന്നിടത്തുതന്നെ വേർതിരിക്കാൻ 20,000 മാലിന്യപ്പെട്ടികളും സ്ഥാപിച്ചു. എന്നാൽ സൗകര്യങ്ങൾ ഒരുക്കുന്നതിൽ മാത്രം പ്രവർത്തനം ഒതുങ്ങിയില്ല. മേളപ്രദേശങ്ങളെ പ്ലാസ്റ്റിക് രഹിത മേഖലകളായി പ്രഖ്യാപിച്ചു. പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാൻ ഭക്തരെ പ്രേരിപ്പിക്കുന്ന ബോധവൽക്കരണവും നടത്തി.
ശുചിത്വം ഉറപ്പാക്കുന്നതിൽ ജനങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിച്ചു. പ്രയാഗ്രാജിലൂടെ നടത്തിയ സ്വച്ഛത രഥയാത്രയിൽ മാലിന്യം വലിച്ചെറിയാതിരിക്കുക, മാലിന്യപ്പെട്ടികൾ ഉപയോഗിക്കുക, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഒഴിവാക്കുക എന്നീ സന്ദേശങ്ങൾ നൽകി. തെരുവുനാടകങ്ങളും സംഗീതപരിപാടികളും മാലിന്യം വേർതിരിക്കുന്നതും നീക്കുന്നതും വിശദീകരിച്ചു. നദീതീരത്തെ സ്നാനഘട്ടങ്ങളിൽ ഉച്ചഭാഷിണികളിലൂടെ ശുചിത്വസന്ദേശങ്ങൾ പ്രചരിപ്പിച്ചു.
സമൂഹത്തിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്കും അവസരമൊരുക്കി. ഉത്തർപ്രദേശിലെ 28 ജില്ലകളിൽ നിന്നുള്ള സ്ത്രീകളും സമീപസംസ്ഥാനങ്ങളിലെ കരകൗശലപ്രവർത്തകരും പരിസ്ഥിതിസൗഹൃദ ഉൽപ്പന്നങ്ങൾ നിർമ്മിച്ചു. ഇലകൊണ്ടുള്ള പാത്രങ്ങൾ, മൺകപ്പുകൾ, ചണസഞ്ചികൾ, തുണിസഞ്ചികൾ എന്നിവയായിരുന്നു ഇവ. ഏകദേശം 60 കോടി പരിസ്ഥിതിസൗഹൃദ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് 300 ഇടങ്ങളിൽ വിറ്റു. മാലിന്യം നീക്കുന്നതിനൊപ്പം അത് ഉണ്ടാകുന്നത് തടയുന്നതിലും ജനങ്ങളെ പങ്കാളികളാക്കുകയായിരുന്നു ലക്ഷ്യം. ശീലമാറ്റത്തിന്റെ അടിസ്ഥാനം ഇതാണ്.
ശക്തമായ പൊതുശുചിത്വസംവിധാനങ്ങൾ ജനങ്ങളുടെ ശുചിത്വശീലത്തിന് പിന്തുണ നൽകുന്നതും മഹാകുംഭമേള കാണിച്ചു. പ്രധാന സ്നാനദിനങ്ങൾക്കുശേഷം അതിവേഗ ശുചീകരണസംഘങ്ങൾ മേളപ്രദേശം വീണ്ടും വൃത്തിയാക്കി. ശൗചാലയങ്ങൾ ശുചീകരിക്കുകയും തീർഥാടകർ ഉപേക്ഷിച്ച മാലിന്യം നീക്കുകയും ചെയ്തു. അണുനശീകരണവും ഫോഗിങ്ങും നടത്തി.
കാൻവാർ യാത്രയിൽ വഴികളും വിശ്രമകേന്ദ്രങ്ങളും വൃത്തിയായി
പ്രയാഗ്രാജിലെ നദീതീരങ്ങളിൽ വലിയ ജനക്കൂട്ടത്തെ ഏകോപിപ്പിക്കേണ്ടിവന്നെങ്കിൽ, കാൻവാർ യാത്രയിൽ നീണ്ട യാത്രാപാതകളിലുടനീളം ശുചിത്വം ഉറപ്പാക്കുകയായിരുന്നു വെല്ലുവിളി. ലക്ഷക്കണക്കിന് ഭക്തർ ഒരേ പാതകളിലൂടെ സഞ്ചരിക്കുന്നതിനാൽ റോഡുകൾ, സ്നാനഘട്ടങ്ങൾ, വിശ്രമകേന്ദ്രങ്ങൾ, പൊതുസൗകര്യങ്ങൾ എന്നിവയിൽ വലിയ സമ്മർദമുണ്ടാകുന്നു.
യാത്രയുടെ ഭാഗമായി ഡൽഹിയിൽ പ്രത്യേക ശുചീകരണപ്രചാരണം നടത്തി. പ്രധാന പാതകളിലും വിശ്രമകേന്ദ്രങ്ങളിലും അധിക ശുചീകരണത്തൊഴിലാളികളെ നിയോഗിച്ചു. മുഴുവൻ സമയവും അടിച്ചുവാരാനും മാലിന്യം ശേഖരിക്കാനും സംവിധാനമൊരുക്കി. താൽക്കാലിക ശൗചാലയങ്ങളും സ്ഥാപിച്ചു. ജൈവമാലിന്യവും ഉണങ്ങിയ മാലിന്യവും വേർതിരിക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകി. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഒഴിവാക്കാനും പ്രേരിപ്പിച്ചു.
സ്ത്രീ തീർഥാടകരുടെ ആവശ്യങ്ങൾക്കും പരിഗണന നൽകി. വനിതാ സന്നദ്ധപ്രവർത്തകർ നിയന്ത്രിക്കുന്ന രണ്ടു പ്രത്യേക പിങ്ക് കാൻവാർ ക്യാമ്പുകൾ ഡൽഹിയിൽ ഒരുക്കി. വൃത്തിയുള്ള ശൗചാലയങ്ങളും കുളിക്കാനുള്ള സൗകര്യങ്ങളും ഇവിടെയുണ്ടായിരുന്നു. ശുചിത്വത്തെ മാന്യതയും സൗകര്യവുമായി ബന്ധിപ്പിക്കുന്ന നടപടിയായിരുന്നു ഇത്.
പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് പരിസ്ഥിതിസൗഹൃദ ബദലായി അഞ്ചുലക്ഷത്തിലധികം ഭക്തർക്ക് ഗംഗാജലം കൊണ്ടുപോകാനുള്ള സ്റ്റീൽ പാത്രങ്ങളും ചണസഞ്ചികളും നൽകി.
അമർനാഥ് യാത്രയിൽ മാലിന്യം മുഴുവനും സംസ്കരിച്ചു
പൊടിനിറഞ്ഞ യാത്രാപാതകളിൽ നിന്ന് കശ്മീർ ഹിമാലയത്തിലെ സൂക്ഷ്മമായ പരിസ്ഥിതിയിലേക്കെത്തുമ്പോൾ ശുചിത്വത്തിന്റെ ഉത്തരവാദിത്വം കൂടുതൽ വലുതാകുന്നു. 2025ൽ നാലുലക്ഷത്തിലധികം തീർഥാടകരാണ് അമർനാഥ് യാത്രയിൽ പങ്കെടുത്തത്. യാത്രയിലെ ശുചിത്വപ്രവർത്തനങ്ങൾ സ്വച്ഛ് ഭാരത് മിഷൻ നഗരപദ്ധതിയുടെ രണ്ടാംഘട്ടവുമായി ബന്ധപ്പെടുത്തി.
ശാസ്ത്രീയ മാലിന്യസംസ്കരണവും പ്ലാസ്റ്റിക് രഹിത രീതികളുമാണ് പ്രധാനമായും നടപ്പാക്കിയത്. മാലിന്യം കുഴിച്ചുമൂടേണ്ട സാഹചര്യം ഒഴിവാക്കി പരിസ്ഥിതിസൗഹൃദ യാത്രയാക്കുകയായിരുന്നു ലക്ഷ്യം. സർക്കാർ നിയോഗിച്ച സ്വച്ഛത എക്സിക്യൂട്ടീവുകളും മറ്റു സന്നദ്ധപ്രവർത്തകരും താമസകേന്ദ്രങ്ങൾ, സൗജന്യ ഭക്ഷണവിതരണകേന്ദ്രങ്ങൾ, യാത്രാക്യാമ്പുകൾ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. മാലിന്യം വേർതിരിക്കാൻ പ്രേരിപ്പിക്കുകയും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഒഴിവാക്കാൻ നിർദേശിക്കുകയും ചെയ്തു. ശുചിത്വവും ആരോഗ്യശീലങ്ങളും സംബന്ധിച്ച സന്ദേശങ്ങളും പ്രചരിപ്പിച്ചു.
പ്രതിദിനം ഏകദേശം 11.67 മെട്രിക് ടൺ മാലിന്യമാണ് ഉണ്ടായത്. ഇതിന്റെ നൂറുശതമാനവും സംസ്കരിച്ചു. ജൈവമാലിന്യവും ഉണങ്ങിയ മാലിന്യവും വേർതിരിക്കാൻ യാത്രാപാതയിൽ 1,016 ഇരട്ട മാലിന്യപ്പെട്ടി കേന്ദ്രങ്ങൾ ഒരുക്കി. സ്ത്രീകളുടെ ശൗചാലയങ്ങൾക്കുസമീപം സാനിറ്ററി മാലിന്യത്തിനായി പ്രത്യേക പെട്ടികളും സ്ഥാപിച്ചു. പ്രധാന ഇടങ്ങളിൽ ഏകദേശം 1,300 സഫായിമിത്രകൾ പ്രവർത്തിച്ചു. യാത്രാപാതയിൽ മുഴുവൻ സമയവും ശുചിത്വം ഉറപ്പാക്കാൻ ഇവർ സഹായിച്ചു.
ബോധവൽക്കരണത്തിൽ തീർഥാടകർക്ക് നേരിട്ട് പങ്കെടുക്കാനുള്ള അവസരവും നൽകി. ‘പ്ലാസ്റ്റിക് കൊണ്ടുവരൂ, സഞ്ചി കൊണ്ടുപോകൂ’, ‘മാലിന്യം പെട്ടിയിലിടൂ, സമ്മാനം നേടൂ’ തുടങ്ങിയ പരിപാടികൾ നടത്തി. വിവരവും വിദ്യാഭ്യാസവും ആശയവിനിമയവും ലക്ഷ്യമിട്ട പ്രചാരണത്തിൽ സൂചനാബോർഡുകളും തെരുവുനാടകങ്ങളും ഉപയോഗിച്ചു.
ഹരിതപ്രതിജ്ഞാ പ്രചാരണത്തിൽ 70,000ത്തിലധികം ഭക്തർ പങ്കെടുത്തു. ശുചിത്വവും പരിസ്ഥിതിക്ക് അനുയോജ്യമായ രീതികളും പാലിക്കുമെന്ന് അവർ പ്രതിജ്ഞയെടുത്തു. തീർഥാടകർ സെൽഫികളും വിജയകരമായ ശുചിത്വപ്രവർത്തനങ്ങളുടെ അനുഭവങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതും സന്ദേശത്തിന് കരുത്തായി.
ഇവിടെ തീർഥാടകർ ശുചിത്വസൗകര്യങ്ങൾ ഉപയോഗിക്കുന്നവർ മാത്രമായി നിൽക്കുന്നില്ല. അവ പരിപാലിക്കുന്നതിലും പങ്കാളികളാകുന്നു. വിശ്വാസത്തിനൊപ്പം ഉത്തരവാദിത്വവും ചേർന്നുവരുന്ന മാറ്റമാണിത്.
ക്ഷേത്രമാലിന്യത്തിനും പ്രത്യേക സംസ്കരണം
വലിയ തീർഥയാത്രകൾക്കപ്പുറം മറ്റു ആരാധനാകേന്ദ്രങ്ങളിലേക്കും ശുചിത്വപ്രവർത്തനങ്ങൾ വ്യാപിക്കുകയാണ്. ഹൈദരാബാദിലെ ഉദ്വാസന പദ്ധതിയാണ് ഇതിന്റെ ശ്രദ്ധേയമായ ഉദാഹരണം. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ആരംഭിച്ച പദ്ധതി ആരാധനയുമായി ബന്ധപ്പെട്ട മാലിന്യങ്ങൾ പ്രത്യേകമായി ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നു. പൂക്കൾ, മാലകൾ, മതഗ്രന്ഥങ്ങൾ, കേടായ വിഗ്രഹങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ജൂബിലി ഹിൽസിലെ ഇസ്കോൺ ക്ഷേത്രത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി തുടങ്ങിയത്. ആദ്യഘട്ടത്തിൽ ഏഴുപേർ ചേർന്ന് 66 കിലോഗ്രാം ആരാധനാസാമഗ്രികൾ കൈമാറി. രണ്ടാംഘട്ടത്തിൽ 443 കിലോഗ്രാം ശേഖരിച്ചു. മൂന്നാംഘട്ടത്തിൽ പദ്ധതി ആറു പ്രധാന ക്ഷേത്രങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഈ ഘട്ടത്തിൽ 124 ഭക്തർ പങ്കെടുത്തു. ശേഖരണം 753.59 കിലോഗ്രാമിലെത്തി.
സാമഗ്രികൾ വേർതിരിച്ച് വിവരങ്ങൾ രേഖപ്പെടുത്തുകയും പുനഃചംക്രമണത്തിന് വിധേയമാക്കുകയും ചെയ്തു. തുടർസംസ്കരണത്തിനായി അംഗീകൃത ഏജൻസിക്ക് കൈമാറി. മാലിന്യം ഉണ്ടാകുന്നിടത്തുതന്നെ വേർതിരിക്കാനും പരിസ്ഥിതിക്ക് അനുയോജ്യമായി സംസ്കരിക്കാനും പദ്ധതി പ്രോത്സാഹിപ്പിക്കുന്നു. പൊതുസ്ഥലങ്ങൾ വൃത്തിയാക്കുന്നതിനൊപ്പം ആരാധനയുമായി ബന്ധപ്പെട്ട മാലിന്യം കൈകാര്യം ചെയ്യുന്ന രീതിയിലും മാറ്റമുണ്ടാക്കുകയാണ് ഈ പ്രവർത്തനം.
ഇന്ത്യയുടെ ശുചിത്വയാത്ര പല ഘട്ടങ്ങൾ പിന്നിട്ടാണ് ഇവിടെയെത്തിയത്. പുരാതന വാസകേന്ദ്രങ്ങളിൽ മികച്ച ജല–ശുചിത്വസംവിധാനങ്ങൾ ഉണ്ടായിരുന്നു. മതപാരമ്പര്യങ്ങൾ വൃത്തിയെ വ്യക്തിപരവും ആത്മീയവുമായ അച്ചടക്കവുമായി ബന്ധപ്പെടുത്തി. പിന്നീട് എല്ലാവർക്കും ശുചിത്വസൗകര്യങ്ങൾ ലഭ്യമാക്കുക എന്ന വെല്ലുവിളിയാണ് ആധുനിക ഇന്ത്യ നേരിട്ടത്. സ്വച്ഛ് ഭാരത് മിഷൻ വലിയ തോതിൽ സൗകര്യങ്ങൾ ഒരുക്കി.
ഈ യാത്ര പൂർത്തിയാക്കാൻ സൗകര്യങ്ങൾ മാത്രം മതിയായിരുന്നില്ല. ശുചിത്വത്തെ ശീലമാക്കുകയായിരുന്നു അടുത്തഘട്ടം. അതിനായി ആശയവിനിമയവും ജനപങ്കാളിത്തവും ആവർത്തിച്ചുള്ള പൊതുപ്രവർത്തനങ്ങളും ആവശ്യമായി വന്നു. ഇന്ന് പ്രചാരണദിനങ്ങൾക്കപ്പുറം തീർഥയാത്രാപാതകളിലും മതസമ്മേളനങ്ങളിലും പൊതുസ്ഥലങ്ങളിലും ക്ഷേത്രങ്ങളിലും ഉത്സവവേദികളിലും ഈ ശ്രമം കാണാം. ശുചിത്വം ഒരു പ്രചാരണത്തിൽ നിന്ന് ശീലത്തിലേക്കും, കൂട്ടായ ശീലം ഒരു സംസ്കാരത്തിലേക്കും മാറുന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.

