കൊച്ചി, 2026 സെപ്റ്റംബർ 29 –
പേറ്റന്റ് ഉണ്ടെങ്കിലും സർക്കാർ ഇടപെടാം
പേറ്റന്റ് നേടിയ ജീവൻരക്ഷാ മരുന്നുകൾ അമിതവിലയ്ക്ക് വിൽക്കപ്പെടുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന് ഇടപെടാമെന്ന് കേരള ഹൈക്കോടതി. പേറ്റന്റ് നിയമത്തിലെ 100-ാം വകുപ്പ് ഉപയോഗിച്ച് പേറ്റന്റുള്ള മരുന്ന് സർക്കാർ തന്നെ നിർമിക്കുകയോ സർക്കാർ ചുമതലപ്പെടുത്തുന്ന ഏജൻസി വഴി നിർമിപ്പിക്കുകയോ ചെയ്ത് ആവശ്യക്കാരായ രോഗികൾക്ക് ലാഭേച്ഛയില്ലാതെ നൽകാമെന്നാണ് കോടതി വ്യക്തമാക്കിയത്.
റിബോസിക്ലിബിന്റെ വിലയാണ് കേസിന് തുടക്കം
സ്തനാർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റിബോസിക്ലിബിന്റെ ഉയർന്ന വില ചോദ്യം ചെയ്ത് 2022ൽ ഒരു രോഗിയാണ് കോടതിയെ സമീപിച്ചത്. ചികിത്സയ്ക്കായി പ്രതിമാസം വലിയ തുക ചെലവാകുന്ന സാഹചര്യത്തിലായിരുന്നു ഹർജി. കേസ് തുടരുന്നതിനിടെ ഹർജിക്കാരി മരിച്ചു. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ കോടതി സ്വമേധയാ നടപടികൾ തുടരുകയായിരുന്നു.
വില താങ്ങാനാകുമോ, സർക്കാർ പരിശോധിക്കണം
ഒരു മരുന്നിന്റെ വില രോഗികൾക്ക് താങ്ങാനാകുന്നതാണോ എന്ന് കേന്ദ്ര സർക്കാർ പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചു. രാജ്യത്തെ ആശുപത്രികളിൽനിന്ന് ആവശ്യമായ വിവരങ്ങൾ ശേഖരിച്ച് എത്ര രോഗികൾക്ക് മരുന്ന് വാങ്ങാൻ കഴിയുന്നില്ല, നിലവിലെ സഹായപദ്ധതികൾ എത്രത്തോളം ഫലപ്രദമാണ് തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് തുടർനടപടി തീരുമാനിക്കേണ്ടത്.
ഉടൻ വില കുറയ്ക്കാൻ കോടതി ഉത്തരവിട്ടില്ല
എന്നാൽ റിബോസിക്ലിബിന്റെ വില ഉടൻ കുറയ്ക്കണമെന്നോ 100-ാം വകുപ്പ് ഉടൻ പ്രയോഗിക്കണമെന്നോ കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചിട്ടില്ല. 100-ാം വകുപ്പ് പ്രയോഗിക്കണമോ എന്നത് നയപരമായ തീരുമാനമാണെന്നാണ് കോടതി വ്യക്തമാക്കിയത്. ആവശ്യമായ വിവരങ്ങൾ ശേഖരിച്ച് കേന്ദ്ര സർക്കാരാണ് തീരുമാനം എടുക്കേണ്ടത്.
മറ്റൊരു മരുന്ന് പകരമല്ലെന്ന് വിദഗ്ധ സമിതി
പേറ്റന്റ് കാലാവധി കഴിഞ്ഞ പാൽബോസിക്ലിബ് താരതമ്യേന കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതിനാൽ റിബോസിക്ലിബിന് പകരം ഉപയോഗിക്കാമെന്ന വാദവും കേസിൽ ഉയർന്നിരുന്നു. എന്നാൽ വിദഗ്ധ അഭിപ്രായങ്ങൾ പരിഗണിച്ച കോടതി, രണ്ട് മരുന്നുകളും ഒരേ ചികിത്സാ ഘട്ടങ്ങളിൽ പരസ്പരം മാറ്റി ഉപയോഗിക്കാവുന്നതല്ലെന്ന് വ്യക്തമാക്കി.
രോഗിയുടെ ആരോഗ്യാവകാശത്തിന് പ്രാധാന്യം
ഭരണഘടനയിലെ 21-ാം അനുച്ഛേദത്തിലെ ജീവിക്കാനുള്ള അവകാശവും 47-ാം അനുച്ഛേദത്തിലെ പൊതുജനാരോഗ്യ സംരക്ഷണ ബാധ്യതയും കോടതി ചൂണ്ടിക്കാട്ടി. സാമ്പത്തിക ശേഷിക്കുറവ് മാത്രം കാരണം ഒരാൾക്ക് ചികിത്സ നിഷേധിക്കപ്പെടരുതെന്ന നിലപാടും വിധിയിൽ വ്യക്തമാക്കി.
‘സുകൃതം’ ഓർമിപ്പിച്ച് കോടതി
എം.ടി. വാസുദേവൻ നായരുടെ രചനയിൽ ഹരികുമാർ സംവിധാനം ചെയ്ത ‘സുകൃതം’ സിനിമയിലെ ചികിത്സാ ചെലവിന്റെ പശ്ചാത്തലവും വിധിയിൽ പരാമർശിച്ചു. സിനിമ പുറത്തിറങ്ങി മൂന്ന് പതിറ്റാണ്ടിലേറെ കഴിഞ്ഞിട്ടും സാമ്പത്തിക ബുദ്ധിമുട്ട് കാരണം ചികിത്സ പ്രതിസന്ധിയിലാകുന്ന സാഹചര്യം തുടരുന്നത് ദൗർഭാഗ്യകരമാണെന്ന് കോടതി നിരീക്ഷിച്ചു.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.