ന്യൂഡൽഹി / 2026 / നവംബർ 16
ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്ത് നടക്കുന്ന ഇന്ത്യ അന്താരാഷ്ട്ര വ്യാപാരമേളയിൽ കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രാലയത്തിന്റെ കാർഷിക പവലിയൻ കാണാൻ വൻ ജനത്തിരക്ക്. നവംബർ 13ന് ആരംഭിച്ച പവലിയൻ നവംബർ 27 വരെ തുടരും. സുസ്ഥിരവും ആധുനികവുമായ കൃഷിരീതികളും കർഷകർക്കായുള്ള പദ്ധതികളും പരിചയപ്പെടുത്തുന്ന പവലിയനിൽ ഇന്ന് വലിയ ജനപങ്കാളിത്തമുണ്ടായി. കാർഷിക വിജ്ഞാനവ്യാപന വിഭാഗം ജോയിന്റ് സെക്രട്ടറിയുടെ സന്ദർശനം പരിപാടിക്ക് കൂടുതൽ ഊർജമേകി. പ്രദർശകരുമായും കർഷകരുമായും സാങ്കേതിക രംഗത്തെ പുതുമകൾ അവതരിപ്പിക്കുന്നവരുമായും അദ്ദേഹം വിശദമായി സംവദിച്ചു. സുസ്ഥിരവും ആധുനികവുമായ കൃഷിയെക്കുറിച്ച് അവബോധം വളർത്താനുള്ള അവരുടെ ശ്രമങ്ങളെ അഭിനന്ദിച്ചു.

വിത്തുമുതൽ വിപണിവരെ കർഷകർക്കൊപ്പം
കർഷകർക്ക് മുൻഗണന നൽകുന്ന പ്രധാന പദ്ധതികൾ, സാങ്കേതികവിദ്യ കൈമാറ്റം, നേരിട്ടുള്ള വിപണിബന്ധം എന്നിവയിലൂടെ കർഷകരെ ശാക്തീകരിക്കുന്നതിൽ മന്ത്രാലയം കൈവരിച്ച പുരോഗതിയാണ് പവലിയന്റെ പ്രമേയം. വിത്തുമുതൽ വിപണിവരെയുള്ള വിവിധ ഘട്ടങ്ങളിലെ പിന്തുണ ഇവിടെ അവതരിപ്പിക്കുന്നു. കാർഷിക മേഖലയ്ക്കായുള്ള ഡിജിറ്റൽ പൊതുഅടിസ്ഥാന സൗകര്യങ്ങളുടെ തത്സമയ പ്രദർശനമാണ് പ്രധാന ആകർഷണങ്ങളിലൊന്ന്. അഗ്രിസ്റ്റാക്ക്, ഭൗമവിവരങ്ങൾ ഉപയോഗിച്ച് തീരുമാനമെടുക്കാൻ സഹായിക്കുന്ന സംവിധാനം, ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള ഡിജിറ്റൽ വിള സർവേ എന്നിവ ഇതിലുണ്ട്.
പരിസ്ഥിതിസൗഹൃദ കൃഷിയിലേക്കുള്ള മാറ്റം പരിചയപ്പെടുത്താൻ ദേശീയ പ്രകൃതികൃഷി ദൗത്യത്തിന്റെ ഭാഗമായി പ്രകൃതികൃഷിയുടെ പൂർണരൂപത്തിലുള്ള മാതൃകകളും ഒരുക്കിയിട്ടുണ്ട്. സ്വയംപര്യാപ്തത ലക്ഷ്യമിടുന്ന പയർവർഗ ദൗത്യം, എണ്ണക്കുരു വികസന പ്രവർത്തനങ്ങൾ, എണ്ണ ലാഭിക്കാനുള്ള പ്രചാരണം എന്നിവയും സന്ദർശകർക്ക് സംവദിച്ച് മനസ്സിലാക്കാവുന്ന പ്രദർശനങ്ങളിലൂടെ അവതരിപ്പിക്കുന്നു.

പോഷകാഹാരവും വിളസുരക്ഷയും ജലസംരക്ഷണവും
ചെറുധാന്യ വികസന ഡയറക്ടറേറ്റിന്റെ പിന്തുണയോടെ ഒരുക്കിയ വിഭാഗത്തിലും വലിയ തിരക്കാണ്. മികച്ച പോഷകാഹാരമായ ചെറുധാന്യങ്ങളുടെ വിത്തുസാമ്പിളുകൾ നേരിൽ കാണാം. അവയുടെ പോഷകഗുണങ്ങളെക്കുറിച്ച് അറിയാനും സംസ്കരിച്ചതും മൂല്യവർധിതവുമായ ചെറുധാന്യ ഉൽപ്പന്നങ്ങൾ പരിചയപ്പെടാനും കൗണ്ടറുകളുണ്ട്. പ്രധാനമന്ത്രി ഫസൽ ബീമാ യോജനയ്ക്കായി പ്രത്യേക വിഭാഗവും ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ ദശലക്ഷക്കണക്കിന് കർഷകർക്ക് സുരക്ഷയൊരുക്കുന്ന കേന്ദ്ര സർക്കാരിന്റെ പ്രധാന വിള ഇൻഷുറൻസ് പദ്ധതിയുടെ നേട്ടങ്ങളാണ് ഇവിടെ അവതരിപ്പിക്കുന്നത്.
ഓരോ തുള്ളി വെള്ളത്തിൽനിന്നും കൂടുതൽ വിളവ് എന്ന പദ്ധതിയുടെ ഭാഗമായി ജലസംരക്ഷണത്തിനും പ്രാധാന്യം നൽകുന്നു. സൂക്ഷ്മജലസേചനം സ്വയമേവ നിയന്ത്രിക്കുന്ന സംവിധാനങ്ങൾ, കാര്യക്ഷമമായ ജലസംരക്ഷണ വിദ്യകൾ, സ്മാർട്ട് ജലസേചന സംവിധാനങ്ങൾ എന്നിവയുടെ പ്രദർശനവും പവലിയനിലുണ്ട്.
കാശ്മീരിലെ കുങ്കുമപ്പൂവ് മുതൽ മേഘാലയയിലെ മഞ്ഞൾ വരെ
പ്രാദേശിക കാർഷിക ഉൽപ്പന്നങ്ങൾക്ക് ആഗോള വേദിയൊരുക്കി വിവിധ കർഷക ഉൽപ്പാദക സംഘടനകളും ഇലക്ട്രോണിക് ദേശീയ കാർഷിക വിപണിയായ ഇ നാം ശൃംഖലയും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നു. പാംപോറിലെ കർഷക ഉൽപ്പാദക സംഘടനയിൽനിന്ന് നേരിട്ടെത്തിച്ച കുങ്കുമപ്പൂവ്, കഹ്വ പാനീയം, ശുദ്ധമായ സുഗന്ധതൈലങ്ങൾ എന്നിവ പ്രധാന ആകർഷണങ്ങളാണ്. ഹർഗാവിലെ കർഷക ഉൽപ്പാദക സംഘടന വിവിധ രുചികളിലുള്ള ശർക്കരയും ദസൂയയിലെ സംഘടന പ്രത്യേകതയുള്ള കറുത്ത അരിയും ബസ്മതി അരിയിനങ്ങളും അവതരിപ്പിക്കുന്നു.
വടക്കുകിഴക്കൻ മേഖലയിലെ ജൈവ ഉൽപ്പന്നങ്ങളുമായി മേഘാലയയിലെ ടാങ്സിം അഗ്രോ കർഷക ഉൽപ്പാദക സംഘടനയും എത്തിയിട്ടുണ്ട്. വ്യത്യസ്ത പഴങ്ങളിൽനിന്ന് തയ്യാറാക്കിയ വൈനുകൾ, ലകഡോങ് മഞ്ഞൾ, മുളങ്കൂമ്പ് അച്ചാറുകൾ എന്നിവയാണ് ഇവർ കൊണ്ടുവന്നിരിക്കുന്നത്.

മണ്ണില്ലാ കൃഷിയും തേനെടുക്കലും നേരിൽ കാണാം
ദേശീയ ഹോർട്ടികൾച്ചർ ബോർഡിന്റെ നേതൃത്വത്തിൽ മണ്ണില്ലാതെ പോഷകലായനിയിൽ ചെടികൾ വളർത്തുന്ന ഹൈഡ്രോപോണിക് കൃഷിയുടെ തത്സമയ പ്രദർശനമുണ്ട്. കൊക്കോ സംസ്കരണ വിദ്യകളും പരിചയപ്പെടുത്തുന്നു. ദേശീയ തേനീച്ച ബോർഡിന്റെ തത്സമയ തേനീച്ചക്കൂട് പ്രദർശനവും തേനെടുക്കുന്ന രീതിയുടെ അവതരണവും കുടുംബങ്ങളെയും കുട്ടികളെയും ഏറെ ആകർഷിക്കുന്നു. കീടനാശിനികളുടെ സുരക്ഷിത ഉപയോഗം, ദേശീയ കീടനിരീക്ഷണ സംവിധാനം, മൊബൈൽ ആപ്പ് എന്നിവയെക്കുറിച്ച് സംവദിച്ച് മനസ്സിലാക്കാനുള്ള വിഭാഗങ്ങളും ഒരുക്കിയിട്ടുണ്ട്. ആധുനിക കാർഷിക യന്ത്രോപകരണങ്ങളുടെ നേരിട്ടുള്ള പ്രദർശനം സ്മാർട്ട് കൃഷിയുടെ സാധ്യതകൾ വ്യക്തമാക്കുന്നു.
നഗരങ്ങളിൽനിന്നുള്ള സന്ദർശകർക്കും വ്യവസായരംഗത്തെ വിദഗ്ധർക്കും കർഷകർക്കും ആധുനിക കൃഷിയുടെ വ്യത്യസ്ത കാഴ്ചകൾ പരിചയപ്പെടാൻ നവംബർ 27 വരെ എല്ലാ ദിവസവും പവലിയൻ തുറന്നിരിക്കും. സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രതിസന്ധികളെ അതിജീവിക്കാനും സുസ്ഥിരമായി മുന്നേറാനും കഴിയുന്ന ഇന്ത്യൻ കാർഷികമേഖലയുടെ ഭാവിയാണ് പ്രദർശനം അവതരിപ്പിക്കുന്നത്.
.
.