ന്യൂഡൽഹി / 2026 / നവംബർ 16
യുവ സംഗീതപ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും ഇന്ത്യയുടെ സമ്പന്നവും വൈവിധ്യമാർന്നതുമായ സംഗീതപാരമ്പര്യം മുന്നോട്ടുകൊണ്ടുപോകാനും ‘എയർ റൈസിങ് സ്റ്റാർസ്’ പരിപാടിയുമായി ആകാശവാണി. മുപ്പത് വയസ്സിന് താഴെയുള്ള കലാകാരന്മാർ മാത്രം പങ്കെടുക്കുന്ന പ്രത്യേക സംഗീതക്കച്ചേരി പരമ്പരയുടെ ആദ്യ സീസൺ നവംബർ 17 മുതൽ 30 വരെ നടക്കും. രാജ്യത്തെ 26 കേന്ദ്രങ്ങളിലാണ് കച്ചേരികൾ സംഘടിപ്പിക്കുന്നത്. വളർന്നുവരുന്ന സംഗീതപ്രതിഭകൾക്ക് കഴിവ് അവതരിപ്പിക്കാനും കൂടുതൽ ശ്രോതാക്കളിലേക്ക് എത്താനും ദേശീയതലത്തിൽ ശ്രദ്ധേയമായ വേദിയൊരുക്കുകയാണ് ലക്ഷ്യം.
ആകാശവാണിയുടെ തൊണ്ണൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി. തലമുറകളിലുടനീളം സംഗീതപ്രതിഭകളെ കണ്ടെത്താനും വളർത്താനും പ്രോത്സാഹിപ്പിക്കാനുമുള്ള ആകാശവാണിയുടെ പ്രതിബദ്ധതയുടെ തുടർച്ചയാണിത്. പുതുതലമുറയിലെ കലാകാരന്മാരെ മുൻനിരയിലെത്തിച്ച് ഈ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകാനാണ് ശ്രമം.
ഗ്രേഡ് ലഭിച്ച യുവകലാകാരന്മാർക്ക് മുൻഗണന
വിവിധ സംഗീതവിഭാഗങ്ങളെയും പാരമ്പര്യങ്ങളെയും പ്രതിനിധീകരിക്കുന്ന, മുപ്പത് വയസ്സിന് താഴെയുള്ള ആകാശവാണിയുടെ ഗ്രേഡ് ലഭിച്ച കലാകാരന്മാരാണ് പ്രധാനമായും പങ്കെടുക്കുക. ഏതെങ്കിലും വിഭാഗത്തിൽ അനുയോജ്യരായ യുവ ഗ്രേഡഡ് കലാകാരന്മാരെ ലഭിക്കാത്ത സാഹചര്യത്തിൽ, ഗ്രേഡ് ലഭിച്ചിട്ടില്ലാത്ത അർഹരായ യുവപ്രതിഭകൾക്കും അവസരം നൽകാം. നിശ്ചിത മാർഗനിർദേശങ്ങൾ പാലിച്ചും ബന്ധപ്പെട്ട ആകാശവാണി നിലയത്തിന്റെ തിരഞ്ഞെടുപ്പിന് വിധേയമായുമാകും അവസരം.
ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതത്തിലെയും കർണാടക ശാസ്ത്രീയസംഗീതത്തിലെയും വായ്പ്പാട്ടും വാദ്യസംഗീതവും കച്ചേരികളിലുണ്ടാകും. ലളിതസംഗീതം, നാടോടിസംഗീതം, പാശ്ചാത്യസംഗീതം എന്നിവയും അവതരിപ്പിക്കും. പങ്കെടുക്കുന്ന നിലയങ്ങൾക്ക് അനുയോജ്യമായ മറ്റു പ്രാദേശിക സംഗീതരൂപങ്ങളും ഉൾപ്പെടുത്തും. ഇതിലൂടെ ഇന്ത്യയുടെ സംഗീതപൈതൃകത്തിലെ വൈവിധ്യം അവതരിപ്പിക്കും.
തിരുവനന്തപുരവും വേദി; സംഗീതാഘോഷത്തിൽ പൊതുജനങ്ങൾക്കും പങ്കാളിത്തം
ഷിംല, ഡെറാഡൂൺ, ഡൽഹി, ലഖ്നൗ, വാരാണസി, ജയ്പുർ, ജലന്ധർ, സൂറത്ത്ഗഢ്, ഹൈദരാബാദ്, വിജയവാഡ, ധാർവാഡ്, ബെംഗളൂരു, മൈസൂരു, മധുര, തിരുവനന്തപുരം, തിരുച്ചിറപ്പള്ളി, കൊൽക്കത്ത, ഇംഫാൽ, മുംബൈ, അഹമ്മദാബാദ്, സാംഗ്ലി, നാഗ്പുർ, പുതുച്ചേരി, ജമ്മു, ഗുവാഹത്തി, രാംപുർ എന്നിവിടങ്ങളിലെ 26 ആകാശവാണി നിലയങ്ങളാണ് കച്ചേരികൾ സംഘടിപ്പിക്കുന്നത്.
ഓരോ നിലയവും അതത് മേഖലയിലെ പ്രതീക്ഷയുണർത്തുന്ന യുവകലാകാരന്മാരെ പങ്കെടുപ്പിച്ച് അനുയോജ്യമായ വേദിയിൽ സംഗീതക്കച്ചേരി നടത്തും. കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാൻ പ്രമുഖ വ്യക്തികൾ, സംഗീതാസ്വാദകർ, യുവജനങ്ങളുടെ പ്രിയതാരങ്ങൾ, വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവരെയും ക്ഷണിക്കും. യുവ സംഗീതപ്രതിഭകളുടെ രാജ്യവ്യാപക ആഘോഷമായി പരിപാടിയെ മാറ്റുകയാണ് ലക്ഷ്യം.
റേഡിയോയ്ക്കൊപ്പം ടെലിവിഷനിലും ഡിജിറ്റൽ വേദികളിലും സംഗീതം
കച്ചേരിവേദികൾക്കപ്പുറം രാജ്യത്തെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് യുവകലാകാരന്മാരുടെ പ്രകടനങ്ങൾ എത്തിക്കുന്ന വിപുലമായ പ്രക്ഷേപണവും ഡിജിറ്റൽ പ്രചാരണവുമാണ് ആദ്യ സീസണിന്റെ പ്രധാന സവിശേഷത. ആകാശവാണി നിലയങ്ങളുടെ ശൃംഖലയിലൂടെ കച്ചേരികൾ പ്രക്ഷേപണം ചെയ്യും. ദൂരദർശനിലും പരിപാടികൾക്ക് പ്രചാരം നൽകും.
ആകാശവാണിയുടെ ‘രാഗം’ യൂട്യൂബ് ചാനൽ, പങ്കെടുക്കുന്ന 26 ആകാശവാണി നിലയങ്ങളുടെ യൂട്യൂബ് ചാനലുകൾ, ‘ന്യൂസ് ഓൺ എയർ’ മൊബൈൽ ആപ്പ്, പ്രസാർ ഭാരതിയുടെ ‘വേവ്സ് ഓടിടി’ സംവിധാനം എന്നിവയിലൂടെയും പരിപാടികൾ ജനങ്ങളിലെത്തിക്കും. റേഡിയോ, ടെലിവിഷൻ, ഡിജിറ്റൽ മാധ്യമങ്ങൾ എന്നിവയെ ഒരുമിപ്പിക്കുന്ന ഈ രീതി പങ്കെടുക്കുന്ന കലാകാരന്മാർക്ക് കൂടുതൽ ശ്രദ്ധ ലഭിക്കാൻ സഹായിക്കും.
കൂടുതൽ കാഴ്ചക്കാരെ നേടുന്ന മൂന്ന് പേർക്ക് പണസമ്മാനം
യുവകലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനും ഡിജിറ്റൽ പങ്കാളിത്തം വർധിപ്പിക്കാനും പണസമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകും. 2027 ജനുവരി 15 വരെ യൂട്യൂബിൽ ഏറ്റവും കൂടുതൽ കാഴ്ചകൾ നേടുന്ന പ്രകടനങ്ങൾ അവതരിപ്പിച്ച മൂന്ന് കലാകാരന്മാർക്കാണ് സമ്മാനം. ഒന്നാം സമ്മാനം 20,000 രൂപയും രണ്ടാം സമ്മാനം 15,000 രൂപയും മൂന്നാം സമ്മാനം 10,000 രൂപയുമാണ്. യുവപ്രതിഭകൾക്ക് കൂടുതൽ അംഗീകാരം നൽകാനും ഡിജിറ്റൽ വേദികളിലൂടെ വിപുലമായ പ്രേക്ഷകസമൂഹത്തിലേക്ക് എത്താൻ പ്രേരിപ്പിക്കാനുമാണ് ഈ നടപടി.
ആകാശവാണിയുടെ സംഗീതസമ്മേളനം ഇതിനകം 67 പതിപ്പുകൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. പ്രശസ്തരായ ടോപ് ഗ്രേഡ്, എ ഗ്രേഡ് കലാകാരന്മാർക്ക് സംഗീതമികവ് അവതരിപ്പിക്കാനുള്ള വേദിയാണ് ആ സമ്മേളനം. ആകാശവാണിയുടെ ഇത്തരം പ്രമുഖ കച്ചേരിവേദികളിൽ അവസരങ്ങൾ പരിമിതമായി ലഭിക്കുന്ന യുവ ഗ്രേഡഡ് കലാകാരന്മാർക്കായി പ്രത്യേകം ഒരുക്കുന്നതാണ് ‘എയർ റൈസിങ് സ്റ്റാർസ്’. പുതുതലമുറയിലെ സംഗീതജ്ഞർക്ക് വേറിട്ട ദേശീയ വേദിയൊരുക്കുന്നതിനൊപ്പം ഇന്ത്യയുടെ സംഗീതപാരമ്പര്യവും യുവജനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും പരിപാടി ലക്ഷ്യമിടുന്നു. രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക, സംഗീതപൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതിലും വളർന്നുവരുന്ന പ്രതിഭകളെ വളർത്തുന്നതിലുമുള്ള ആകാശവാണിയുടെ ദീർഘകാല പങ്ക് ഇതിലൂടെ കൂടുതൽ ശക്തമാകും.
.