പ്രധാന വിവരങ്ങൾ
- രാജ്യത്ത് ഏകദേശം 238 ലക്ഷം ഏക്കറിലായി 25.42 ലക്ഷം വനാവകാശ രേഖകൾ വിതരണം ചെയ്തു.
- ലഭിച്ച അപേക്ഷകളിൽ 80.64 ശതമാനത്തിന് തീർപ്പായതായി ഓഗസ്റ്റ് അവസാനം വരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നു.
- അപേക്ഷ സമർപ്പിക്കുന്നതുമുതൽ അവകാശരേഖ ലഭിക്കുന്നതുവരെയുള്ള നടപടികൾ ദേശീയ ഡിജിറ്റൽ സംവിധാനത്തിലേക്ക് കൊണ്ടുവരും.
- അവകാശരേഖകൾ റവന്യൂ രേഖകളിൽ ഉൾപ്പെടുത്തുന്നത് വിവിധ ഉപജീവന ആനുകൂല്യങ്ങൾ ലഭിക്കാൻ സഹായിക്കും.
- സാമൂഹിക വനവിഭവങ്ങൾ സംരക്ഷിക്കാനും പരിപാലിക്കാനും ഗ്രാമസഭകൾക്ക് അധികാരവും സാമ്പത്തിക പിന്തുണയും നൽകുന്നു
ന്യൂഡൽഹി / 2026 / നവംബർ 17
വനഭൂമിയിൽ താമസിക്കുകയും അതിനെ ആശ്രയിച്ച് ജീവിക്കുകയും ചെയ്യുന്ന പട്ടികവർഗക്കാരുടെയും മറ്റ് പരമ്പരാഗത വനവാസികളുടെയും അവകാശങ്ങൾ ഉറപ്പാക്കുന്ന നടപടികൾ പുരോഗമിക്കുന്നു. 2026 ഓഗസ്റ്റ് 31 വരെയുള്ള കണക്കനുസരിച്ച്, രാജ്യത്ത് ഏകദേശം 238 ലക്ഷം ഏക്കർ ഭൂമിയിലായി 25.42 ലക്ഷം വനാവകാശ രേഖകൾ വിതരണം ചെയ്തു. വ്യക്തിഗത അവകാശങ്ങളും സാമൂഹിക അവകാശങ്ങളും രേഖപ്പെടുത്തുന്ന ഔദ്യോഗിക രേഖകളാണിവ. ഇവ റവന്യൂ രേഖകളിൽ ഉൾപ്പെടുത്തുന്നതോടെ പി.എം. കിസാൻ, കൃഷി, മത്സ്യബന്ധനം, മറ്റ് ഉപജീവന പദ്ധതികൾ എന്നിവയുടെ ആനുകൂല്യങ്ങൾ അവകാശികൾക്ക് ലഭിക്കുന്നത് എളുപ്പമാകും. അപേക്ഷ ഗ്രാമസഭയിൽ സമർപ്പിക്കുന്നതുമുതൽ ഡിജിറ്റൽ ഒപ്പോടെയുള്ള അവകാശരേഖ ലഭിക്കുന്നതുവരെയുള്ള നടപടികൾ ഒറ്റ സംവിധാനത്തിലാക്കാൻ കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം ദേശീയ വനാവകാശ ഡിജിറ്റൽ പ്ലാറ്റ്ഫോമും ആരംഭിച്ചു. നവംബർ ഒന്നു മുതൽ 15 വരെ രാജ്യവ്യാപകമായി ആചരിച്ച ജനജാതീയ ഗൗരവ് പക്ഷാചരണത്തിന്റെ ഭാഗമായിരുന്നു തുടക്കം.
തലമുറകളായി വനത്തിൽ താമസിക്കുകയും ഉപജീവനത്തിന് വനത്തെ ആശ്രയിക്കുകയും ചെയ്ത പല സമൂഹങ്ങളുടെയും ഭൂമിയിലെ അവകാശങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല. കൊളോണിയൽ കാലത്തും സ്വാതന്ത്ര്യത്തിനുശേഷവും സർക്കാർ വനങ്ങൾ ഏകീകരിച്ചപ്പോഴാണ് ഈ അവകാശങ്ങളിൽ പലതും രേഖകൾക്ക് പുറത്തായത്. ഇത് പരിഹരിക്കാനാണ് 2006ലെ പട്ടികവർഗക്കാരുടെയും മറ്റ് പരമ്പരാഗത വനവാസികളുടെയും വനാവകാശങ്ങൾ അംഗീകരിക്കുന്ന നിയമം കൊണ്ടുവന്നത്. വ്യക്തിഗതവും കൂട്ടായതുമായ അവകാശങ്ങൾക്ക് നിയമപരമായ അംഗീകാരം നൽകുക, മുമ്പ് രേഖപ്പെടുത്താത്ത അവകാശങ്ങൾ അംഗീകരിക്കുക, ഭൂമിയിലെ അവകാശവും ഉപജീവനവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. വനവിഭവങ്ങൾ സുസ്ഥിരമായി ഉപയോഗിക്കാനും ജൈവവൈവിധ്യവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും സംരക്ഷിക്കാനും അവകാശികൾക്ക് ഉത്തരവാദിത്വവും അധികാരവും നൽകുന്നതിലൂടെ വനസംരക്ഷണം ശക്തിപ്പെടുത്താനും നിയമം ലക്ഷ്യമിടുന്നു. 2006 ഡിസംബർ 29ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച നിയമം 2007 ഡിസംബർ 31ന് പ്രാബല്യത്തിൽ വന്നു. 2008 ജനുവരി ഒന്നിന് ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു. നടപ്പാക്കലിനുള്ള സമഗ്ര മാർഗനിർദേശങ്ങൾ 2012 ജൂലൈ 12നും സാമൂഹിക വനവിഭവ അവകാശങ്ങൾ അനുവദിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ 2015 ഏപ്രിൽ 23നും പുറത്തിറക്കി. വനാവകാശ പട്ടയമുള്ളവർക്ക് പി.എം. കിസാൻ ആനുകൂല്യം നൽകാനുള്ള നിർദേശം 2019 ഫെബ്രുവരി 11ന് നൽകി. സാമൂഹിക വനവിഭവങ്ങളുടെ സംരക്ഷണം, പരിപാലനം, സുസ്ഥിര ഉപയോഗം എന്നിവയ്ക്കുള്ള മാർഗനിർദേശങ്ങൾ 2023 സെപ്റ്റംബർ 12ന് പുറത്തിറക്കി. ആദിവാസി ഗ്രാമങ്ങളിലെ അടിസ്ഥാനസൗകര്യ വിടവുകൾ പരിഹരിക്കാനുള്ള ധർത്തി ആബ ജനജാതീയ ഗ്രാം ഉത്കർഷ് അഭിയാൻ 2024 ഒക്ടോബർ രണ്ടിന് ആരംഭിച്ചു. സംസ്ഥാന, ജില്ലാ തലങ്ങളിൽ പ്രത്യേക വനാവകാശ സെല്ലുകൾക്ക് പിന്തുണയും ഇതിലുണ്ട്. അതീവ ദുർബല ഗോത്രവിഭാഗങ്ങളുടെ ആവാസമേഖലാ അവകാശങ്ങൾ സംബന്ധിച്ച മാർഗനിർദേശങ്ങൾ 2026 ജനുവരി അഞ്ചിനും വനാവകാശ വിവരങ്ങൾ റവന്യൂ, വനം രേഖകളിൽ വേഗത്തിൽ ഉൾപ്പെടുത്താനുള്ള നിർദേശം ജൂൺ 24നും പുറത്തിറക്കി. നടപ്പാക്കൽ വേഗത്തിലാക്കാനും അപേക്ഷകളിലെ തീരുമാനത്തിനുശേഷമുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും വിവിധ ഫണ്ടുകൾ ഏകോപിപ്പിക്കാനും ഗോത്രകാര്യ മന്ത്രാലയവും പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും ചേർന്ന് 2021 ജൂലൈ ആറിനും 2024 മാർച്ച് 14നും 2026 ജൂലൈ 27നും സംയുക്ത നിർദേശങ്ങൾ നൽകി. കേന്ദ്ര ഗോത്രകാര്യ മന്ത്രാലയമാണ് നിയമത്തിന്റെ ഏകോപന ചുമതല വഹിക്കുന്നത്. സംസ്ഥാന സർക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങളുമാണ് നടപ്പാക്കുന്നത്. 20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലുമാണ് നിയമം നടപ്പാക്കുന്നത്.
ഭൂമിക്കും വനവിഭവങ്ങൾക്കും അവകാശം; പട്ടയം വിൽക്കാനാകില്ല
വനാവകാശം ആരുടേതാണ്, ഏത് ഗ്രാമത്തിലാണ്, ഏത് ഭൂമിയിലോ വനത്തിലോ ആണ്, അതിന്റെ അതിരുകൾ എന്തൊക്കെയാണ് എന്നിവ രേഖപ്പെടുത്തുന്ന ഔദ്യോഗിക രേഖയാണ് വനാവകാശ പട്ടയം. സംസ്ഥാന സർക്കാരിനുവേണ്ടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, ജില്ലാ പട്ടികവർഗ ക്ഷേമ ഓഫീസർ, ജില്ലാ കളക്ടർ എന്നിവർ ഇതിൽ ഒപ്പിടും. അവകാശിക്ക് സാക്ഷ്യപ്പെടുത്തിയ പകർപ്പ് ലഭിക്കും. സാമൂഹിക അവകാശരേഖയാണെങ്കിൽ ഗ്രാമസഭയ്ക്കാണ് പകർപ്പ് നൽകുന്നത്. അവകാശം അനന്തരാവകാശികൾക്ക് കൈമാറാം. എന്നാൽ വിൽക്കാനോ മറ്റൊരാൾക്ക് കൈമാറ്റം ചെയ്യാനോ കഴിയില്ല. പ്രധാനമായും വനത്തിലോ വനഭൂമിയിലോ താമസിക്കുകയും യഥാർഥ ഉപജീവന ആവശ്യങ്ങൾക്ക് അതിനെ ആശ്രയിക്കുകയും ചെയ്യുന്ന പട്ടികവർഗക്കാരാണ് നിയമത്തിന്റെ പരിധിയിലെ ആദ്യ വിഭാഗം. 2005 ഡിസംബർ 13ന് മുമ്പ് കുറഞ്ഞത് മൂന്ന് തലമുറയായി, അതായത് 75 വർഷമായി, പ്രധാനമായും വനത്തിൽ താമസിക്കുകയും വനത്തെ ആശ്രയിക്കുകയും ചെയ്ത മറ്റ് പരമ്പരാഗത വനവാസികളാണ് രണ്ടാമത്തെ വിഭാഗം. ഈ തീയതിക്ക് മുമ്പ് കൈവശംവെച്ച വനഭൂമിക്കാണ് അവകാശം ബാധകമാകുന്നത്. താമസത്തിനോ കൃഷിക്കോ ഉള്ള ഭൂമിയിൽ യഥാർഥത്തിൽ കൈവശമുള്ള വിസ്തൃതിക്കാണ് അവകാശം ലഭിക്കുക. പരമാവധി നാല് ഹെക്ടർ വരെയാണിത്. സംവരണ വനങ്ങൾ, സംരക്ഷിത വനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ എന്നിവയുൾപ്പെടെ എല്ലാത്തരം വനഭൂമിയും നിയമത്തിന്റെ പരിധിയിൽ വരും. അവകാശങ്ങൾ അംഗീകരിക്കുകയും പരിശോധിക്കുകയും ചെയ്യുന്ന നടപടി പൂർത്തിയാകുന്നതുവരെ ഈ വിഭാഗങ്ങളിലുള്ളവരെ കൈവശമുള്ള വനഭൂമിയിൽനിന്ന് ഒഴിപ്പിക്കാനോ നീക്കം ചെയ്യാനോ പാടില്ല. ഗ്രാമസഭ ശുപാർശ ചെയ്താൽ സർക്കാർ സൗകര്യങ്ങൾക്കായി ഓരോന്നും ഒരു ഹെക്ടറിൽ താഴെയുള്ള ചെറിയ വനഭൂമി ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ വ്യവസ്ഥ ചെയ്യുന്നു. സ്കൂളുകൾ, ആശുപത്രികൾ, അങ്കണവാടികൾ, റേഷൻ കടകൾ, കുടിവെള്ള സൗകര്യങ്ങൾ, ചെറുകിട ജലസേചന കനാലുകൾ, റോഡുകൾ, സാമൂഹിക കേന്ദ്രങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
മൂന്ന് തരത്തിലുള്ള അവകാശരേഖകളാണ് നൽകുന്നത്. കുടുംബം താമസിക്കുന്നതോ കൃഷിചെയ്യുന്നതോ ആയ പരമാവധി നാല് ഹെക്ടർ ഭൂമിക്കുള്ളതാണ് വ്യക്തിഗത അവകാശരേഖ. വിവാഹിതരാണെങ്കിൽ ഭാര്യയുടെയും ഭർത്താവിന്റെയും പേരുകൾ ചേർക്കും. ഒരാൾ മാത്രം കുടുംബനാഥനായുള്ള കുടുംബമാണെങ്കിൽ ആ വ്യക്തിയുടെ പേരിലാണ് രജിസ്റ്റർ ചെയ്യുക. മേയൽ, മത്സ്യബന്ധനം, ജലാശയങ്ങൾ, ചെറുകിട വനവിഭവങ്ങൾ തുടങ്ങിയവ ഗ്രാമം കൂട്ടായി ഉപയോഗിക്കുന്നതിനുള്ളതാണ് സാമൂഹിക വനാവകാശരേഖ. സമൂഹത്തിനാണ് ഈ അവകാശം. നിബന്ധനകളുണ്ടെങ്കിൽ അവ രേഖയിൽ ഉൾപ്പെടുത്തും. ഗ്രാമം പരമ്പരാഗതമായി ഉപയോഗിച്ചുവന്ന വനത്തെ പതിവ് അതിർത്തിക്കുള്ളിൽ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനും പരിപാലിക്കാനും നിയന്ത്രിക്കാനും ഗ്രാമസഭയ്ക്കോ സമൂഹത്തിനോ അധികാരം നൽകുന്നതാണ് സാമൂഹിക വനവിഭവ അവകാശരേഖ. പരമ്പരാഗതമായി ശേഖരിച്ചുവരുന്ന മുള, തേൻ, അരക്ക്, തെണ്ടു ഇലകൾ, ഔഷധസസ്യങ്ങൾ തുടങ്ങിയ ചെറുകിട വനവിഭവങ്ങളിൽ വനവാസികൾക്ക് ഉടമസ്ഥാവകാശമുണ്ട്. അവ ശേഖരിക്കാനും ഉപയോഗിക്കാനും വിൽക്കുകയോ മറ്റ് രീതിയിൽ വിനിയോഗിക്കുകയോ ചെയ്യാനും കഴിയും. അതീവ ദുർബല ഗോത്രവിഭാഗങ്ങൾക്ക് പരമ്പരാഗതമായി താമസിച്ചുവരുന്ന ആവാസമേഖലയിലും അവകാശമുണ്ട്. സംവരണ, സംരക്ഷിത വനങ്ങളിലെ ആവാസമേഖലകളും ഇതിൽ ഉൾപ്പെടും. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ മന്ത്രാലയം 2026 ജനുവരി അഞ്ചിന് പുറത്തിറക്കി. ഒഡിഷ, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ 11 അതീവ ദുർബല ഗോത്രവിഭാഗങ്ങൾക്ക് ആവാസമേഖലാ അവകാശങ്ങൾ അനുവദിച്ചിട്ടുണ്ട്.
അപേക്ഷയിൽ തുടക്കം ഗ്രാമസഭയിൽ; അന്തിമ തീരുമാനം ജില്ലാ സമിതിക്ക്
വനാവകാശം അംഗീകരിക്കുന്ന നടപടി ഗ്രാമസഭയിലാണ് തുടങ്ങുന്നത്. ഗ്രാമത്തിലെ പ്രായപൂർത്തിയായ എല്ലാ അംഗങ്ങളും ഉൾപ്പെടുന്ന സഭയാണിത്. സ്ത്രീകളുടെ പൂർണവും നിയന്ത്രണങ്ങളില്ലാത്തതുമായ പങ്കാളിത്തം ഉറപ്പാക്കണം. പത്ത് മുതൽ 15 വരെ അംഗങ്ങളുള്ള വനാവകാശ സമിതിയെ ഗ്രാമസഭ തിരഞ്ഞെടുക്കും. അപേക്ഷകൾ സ്വീകരിക്കാനും പരിശോധിക്കാനും ഈ സമിതി സഹായിക്കും. അംഗങ്ങളിൽ കുറഞ്ഞത് മൂന്നിൽ രണ്ടുപേർ പട്ടികവർഗക്കാരും മൂന്നിൽ ഒരുഭാഗം സ്ത്രീകളുമായിരിക്കണം. ഗ്രാമസഭ അപേക്ഷകൾ സ്വീകരിച്ച് പരിശോധിക്കുകയും ഭൂമിയുടെ ഭൂപടം തയ്യാറാക്കുകയും തുടർന്ന് പ്രമേയം പാസാക്കുകയും ചെയ്യും. ഇത് സബ് ഡിവിഷൻ തല സമിതിക്ക് അയയ്ക്കും. വന്യജീവികൾ, വനങ്ങൾ, ജൈവവൈവിധ്യം, ജലസ്രോതസ്സുകൾ എന്നിവ സംരക്ഷിക്കാൻ വനാവകാശികൾക്കും ഗ്രാമസഭയ്ക്കും നിയമം അധികാരം നൽകുന്നു. സബ് ഡിവിഷൻ തല സമിതി പ്രമേയം പരിശോധിച്ച് അംഗീകാരത്തിനായി നിർദേശിക്കുന്ന അവകാശങ്ങളുടെ രേഖ തയ്യാറാക്കും. ഇത് ജില്ലാ തല സമിതിക്ക് കൈമാറും. ജില്ലാ സമിതിയുടെ തീരുമാനം അന്തിമവും ബാധകവുമാണ്. ഈ രണ്ട് സമിതികളിലും സംസ്ഥാന റവന്യൂ, വനം, ഗോത്രകാര്യ വകുപ്പുകളിലെ ഉദ്യോഗസ്ഥരുണ്ടാകും. പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലെ മൂന്ന് അംഗങ്ങളും ഉൾപ്പെടും. ഇവരിൽ രണ്ടുപേർ പട്ടികവർഗക്കാരും കുറഞ്ഞത് ഒരാൾ സ്ത്രീയുമായിരിക്കണം.
ഗ്രാമസഭയുടെ പ്രമേയത്തിലോ സബ് ഡിവിഷൻ തല സമിതിയുടെ തീരുമാനത്തിലോ വിയോജിപ്പുള്ളവർക്ക് 60 ദിവസത്തിനുള്ളിൽ അടുത്ത സമിതിയെ സമീപിക്കാം. ചട്ടപ്രകാരം സമിതിക്ക് 30 ദിവസംവരെ അധികസമയം അനുവദിക്കാം. അപേക്ഷ നിരസിക്കുമ്പോൾ കാരണം വ്യക്തമാക്കിയ ഉത്തരവ് നൽകണമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞിട്ടുണ്ട്. അപ്പീൽ അവകാശം ഉറപ്പാക്കാൻ ഈ ഉത്തരവ് അപേക്ഷകന് കൈമാറണം. അവകാശരേഖ നൽകിയശേഷം വിവരങ്ങൾ റവന്യൂ, വനം രേഖകളിൽ ഉൾപ്പെടുത്തണം. 2008ലെ ചട്ടങ്ങളിൽത്തന്നെ ഈ വ്യവസ്ഥയുണ്ട്. 2012ലെ ഭേദഗതിയിലൂടെ ഇതിന് മൂന്ന് മാസത്തെ സമയപരിധിയും നിശ്ചയിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല നിരീക്ഷണ സമിതിയാണ് നടപടികൾ വിലയിരുത്തുന്നത്. കുറഞ്ഞത് മൂന്ന് മാസത്തിലൊരിക്കൽ സമിതി യോഗം ചേരണം.
അപേക്ഷകളിൽ 80.64 ശതമാനത്തിന് തീർപ്പ്; വിതരണത്തിൽ മുന്നിൽ ഛത്തീസ്ഗഢ്
2026 ഓഗസ്റ്റ് 31 വരെ ഏകദേശം 54 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 43.56 ലക്ഷം അപേക്ഷകളിൽ തീർപ്പായി. ആകെ അപേക്ഷകളുടെ 80.64 ശതമാനമാണിത്. ഏകദേശം 238 ലക്ഷം ഏക്കറിലായി 25.42 ലക്ഷം അവകാശരേഖകൾ വിതരണം ചെയ്തു. ഏറ്റവും പുതിയ സംസ്ഥാനതല കണക്കുകളിൽ 24.18 ലക്ഷം വ്യക്തിഗത അവകാശരേഖകളും 1.24 ലക്ഷം സാമൂഹിക അവകാശരേഖകളുമുണ്ട്. ഏറ്റവും കൂടുതൽ അവകാശരേഖകൾ വിതരണം ചെയ്ത അഞ്ച് സംസ്ഥാനങ്ങളിൽ ഛത്തീസ്ഗഢാണ് മുന്നിൽ. അവിടെയും മറ്റ് മുൻനിര സംസ്ഥാനങ്ങളിലെയും കൃത്യമായ കണക്കുകൾ ഇങ്ങനെയാണ്.
| സംസ്ഥാനം | സാമൂഹിക അവകാശരേഖകൾ | വ്യക്തിഗത അവകാശരേഖകൾ | ആകെ |
|---|---|---|---|
| ഛത്തീസ്ഗഢ് | 52,636 | 4,81,432 | 5,34,068 |
| ഒഡിഷ | 9,432 | 4,64,504 | 4,73,936 |
| മധ്യപ്രദേശ് | 28,754 | 2,60,707 | 2,89,461 |
| തെലങ്കാന | 721 | 2,30,735 | 2,31,456 |
| ആന്ധ്രപ്രദേശ് | 1,822 | 2,26,667 | 2,28,489 |
| രാജ്യത്തെ 20 സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവും ചേർന്ന ആകെ കണക്ക് | 1,24,162 | 24,18,207 | 25,42,369 |
അപേക്ഷകൾ, വിതരണം ചെയ്ത അവകാശരേഖകൾ, നിരസിച്ച അപേക്ഷകൾ എന്നിവയുടെ പ്രതിമാസ പുരോഗതി റിപ്പോർട്ടുകൾ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും മന്ത്രാലയത്തിന് നൽകുന്നു. മന്ത്രാലയം ഇവ ക്രോഡീകരിക്കും. വനാവകാശ രേഖകൾ ഡിജിറ്റലാക്കാനും ഭൂപടത്തിൽ രേഖപ്പെടുത്താനും ദേശീയ വനാവകാശ പോർട്ടലും മൊബൈൽ ആപ്പും മന്ത്രാലയം പരിചയപ്പെടുത്തി. സംസ്ഥാനങ്ങളുടെ രേഖകൾ പോർട്ടലുമായി ബന്ധിപ്പിക്കാനും ആവശ്യപ്പെട്ടു. പുതുതായി ആരംഭിച്ച ദേശീയ ഡിജിറ്റൽ പ്ലാറ്റ്ഫോം ഗ്രാമസഭയിലെ അപേക്ഷ സമർപ്പണം മുതൽ ഡിജിറ്റൽ ഒപ്പോടെയുള്ള അവകാശരേഖ നൽകുന്നതുവരെയുള്ള മുഴുവൻ നടപടികളും ഒറ്റ സംവിധാനത്തിലാക്കും. കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ സമയബന്ധിതമായി തീരുമാനമെടുക്കാൻ ജില്ലാ കളക്ടർമാർക്കും ജില്ലാ മജിസ്ട്രേറ്റുമാർക്കും നിർദേശം നൽകി. സംസ്ഥാന പട്ടികവർഗ ക്ഷേമ വകുപ്പുകളുമായി മന്ത്രാലയം പതിവായി അവലോകന യോഗങ്ങളും നടത്തുന്നു. മന്ത്രാലയത്തിന് ലഭിക്കുന്ന പരാതികൾ നടപടിക്കായി ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറും.
അവകാശരേഖയ്ക്കൊപ്പം ഉപജീവന സഹായവും വനപരിപാലനത്തിന് പിന്തുണയും
ധർത്തി ആബ ജനജാതീയ ഗ്രാം ഉത്കർഷ് അഭിയാനിലൂടെ സംസ്ഥാന, ജില്ലാ തലങ്ങളിലെ വനാവകാശ സെല്ലുകൾക്ക് രണ്ട് വർഷത്തേക്ക് മന്ത്രാലയം ധനസഹായം നൽകുന്നു. തീർപ്പാകാത്ത അപേക്ഷകൾ പരിഹരിക്കാനും സബ് ഡിവിഷൻ, ജില്ലാ തല സമിതികൾ കൃത്യസമയത്ത് യോഗം ചേരാനും ഇവ സഹായിക്കും. സംസ്ഥാന വനാവകാശ പോർട്ടലുകൾ, ഭൂമിരേഖകളുടെ ഡിജിറ്റൽ ഭൂപടനിർമാണം, സെർവറുകൾ, സോഫ്റ്റ്വെയർ, സുരക്ഷാ പരിശോധനകൾ എന്നിവയ്ക്കും പിന്തുണ ലഭിക്കും. ഗോത്ര ഗവേഷണ സ്ഥാപനങ്ങൾക്കുള്ള സഹായപദ്ധതിയിലൂടെ വനാവകാശം ബാധകമാകാൻ സാധ്യതയുള്ള വനപ്രദേശങ്ങളുടെ ഭൂപടം തയ്യാറാക്കാൻ ഓരോ സംസ്ഥാനത്തിനും 25 ലക്ഷം രൂപയും നൽകുന്നു. ഗ്രാമസഭ തയ്യാറാക്കുന്ന ഓരോ സാമൂഹിക വനവിഭവ പരിപാലന പദ്ധതിക്കും അഭിയാനിലൂടെ 15 ലക്ഷം രൂപ അനുവദിക്കും. ഗ്രാമത്തിന്റെ സാമൂഹിക വനം സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള പദ്ധതിയാണിത്. സാങ്കേതിക സഹായത്തിന് ഒരു ലക്ഷം രൂപയും നൽകും. ഗോത്രകാര്യ മന്ത്രാലയവും പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും 2026 ജൂലൈ 27ന് നൽകിയ സംയുക്ത നിർദേശപ്രകാരം, ഈ പദ്ധതികളെ വനം വകുപ്പിന്റെ വനപരിപാലന പ്രവർത്തന പദ്ധതികളുമായി ഏകോപിപ്പിക്കാം. ഗ്രാമസഭയുടെ അധികാരം ഇതിലും കേന്ദ്രസ്ഥാനത്ത് തുടരും. മിഷൻ കർമയോഗിയുടെ ഓൺലൈൻ പഠനവേദിയായ ഐഗോട്ടിൽ വനാവകാശ നിയമത്തെക്കുറിച്ചുള്ള സൗജന്യ കോഴ്സുകൾ ലഭ്യമാണ്. സംസ്ഥാനങ്ങൾ വനാവകാശങ്ങളെക്കുറിച്ചുള്ള നിയമബോധവത്കരണ ക്യാമ്പുകളും സംഘടിപ്പിക്കുന്നു.
മഹാരാഷ്ട്രയിൽ 2026 ജൂലൈ പത്തിലെ സർക്കാർ പ്രമേയത്തിലൂടെ വ്യക്തിഗത വനാവകാശികൾക്കായി പ്രത്യേക ഗ്രാമരേഖാ ഫോമുകൾ ഏർപ്പെടുത്തി. അവകാശങ്ങൾ റവന്യൂ രേഖകളിൽ ഉൾപ്പെടുത്താനുള്ള ഏഴ് ഇ ഫോമും വിളകളുടെ രജിസ്റ്ററായ പന്ത്രണ്ട് ഇ ഫോമുമാണിവ. വിളവായ്പ, കിസാൻ ക്രെഡിറ്റ് കാർഡ്, വിള ഇൻഷുറൻസ്, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം എന്നിവ ലഭിക്കാൻ ഇവ സഹായിക്കും. ആന്ധ്രപ്രദേശ് ഗിരിഭൂമി വനാവകാശ പോർട്ടലിനെ സംസ്ഥാനത്തെ റവന്യൂ, ബാങ്കിങ് സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നു. തെലങ്കാനയിലെ ഓൺലൈൻ അവകാശരേഖാ സംവിധാനം ഭൂഭാരതി റവന്യൂ പോർട്ടലുമായി സംയോജിപ്പിച്ചിട്ടുണ്ട്. 2026 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ബെംഗളൂരു, കൊൽക്കത്ത, ശ്രീനഗർ എന്നിവിടങ്ങളിലായി മന്ത്രാലയം മൂന്ന് മേഖലാതല അവലോകന സമ്മേളനങ്ങൾ നടത്തി. 19 സംസ്ഥാനങ്ങളും ജമ്മു കശ്മീരും പങ്കെടുത്തു. പുരോഗതി വിലയിരുത്തിയ സമ്മേളനങ്ങൾ സമയബന്ധിത പ്രവർത്തന പദ്ധതികൾ തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ടു. ദീർഘകാലമായി താമസിക്കുകയും സംരക്ഷിക്കുകയും ചെയ്ത വനങ്ങളിലെ അവകാശങ്ങൾ ഉന്നയിക്കാൻ വനവാസി സമൂഹങ്ങൾക്ക് നിയമപരമായ അടിത്തറയാണ് 2006ലെ വനാവകാശ നിയമം നൽകുന്നത്. അംഗീകരിച്ച അവകാശങ്ങൾ റവന്യൂ, വനം രേഖകളിൽ ഉൾപ്പെടുത്തുക, അവകാശികളെ ഉപജീവന പദ്ധതികളുമായി ബന്ധിപ്പിക്കുക, സാമൂഹിക വനവിഭവങ്ങൾ പരിപാലിക്കാൻ ഗ്രാമസഭകളെ പിന്തുണയ്ക്കുക എന്നീ മൂന്ന് കാര്യങ്ങൾക്കാണ് ഇനി മുൻഗണന.
.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.

