നോന്തബുരി (തായ്ലൻഡ്) / 2026 / നവംബർ 16
ഇന്ത്യയും തായ്ലൻഡും തമ്മിലുള്ള വ്യാപാരവും സാമ്പത്തിക സഹകരണവും വിലയിരുത്തി പതിനാലാമത് സംയുക്ത വ്യാപാര സമിതി യോഗം. നവംബർ 16ന് തായ്ലൻഡിലെ നോന്തബുരിയിൽ വാണിജ്യ മന്ത്രാലയത്തിലായിരുന്നു യോഗം. ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വാണിജ്യവകുപ്പ് അഡീഷണൽ സെക്രട്ടറി നിതിൻ കുമാർ യാദവും തായ്ലൻഡ് വാണിജ്യ മന്ത്രാലയത്തിലെ വ്യാപാര ചർച്ചാവിഭാഗം ഡയറക്ടർ ജനറൽ ചോതിമ ഇയംസവാസ്ദികുലും സംയുക്തമായി അധ്യക്ഷത വഹിച്ചു. ഇരുരാജ്യങ്ങളിലെയും ബന്ധപ്പെട്ട മന്ത്രാലയങ്ങൾ, വകുപ്പുകൾ, സംഘടനകൾ എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു.

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിലെ വളർച്ച യോഗം വിലയിരുത്തി. 2025–26 സാമ്പത്തിക വർഷത്തിൽ ഉഭയകക്ഷി വ്യാപാരം 2,149 കോടി യുഎസ് ഡോളറിലെത്തി. മുൻവർഷത്തെക്കാൾ 12.6 ശതമാനമാണ് വളർച്ച. ആസിയാൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ മൊത്തം വ്യാപാരത്തിൽ തായ്ലൻഡിന്റെ വിഹിതം 16.7 ശതമാനമാണ്. വ്യാപാരവും നിക്ഷേപവും സുഗമമാക്കുന്നതിൽ സംയുക്ത വ്യാപാര സമിതിയുടെ പങ്ക് അധ്യക്ഷന്മാർ ചൂണ്ടിക്കാട്ടി. വ്യാപാരവും നിക്ഷേപവും വർധിപ്പിക്കാനും വിപണിപ്രവേശനം സുഗമമാക്കാനുമുള്ള പ്രതിബദ്ധത ഇരുപക്ഷവും ആവർത്തിച്ചു.
വൈദ്യുത വാഹനങ്ങൾ മുതൽ വിനോദസഞ്ചാരം വരെ നിക്ഷേപാവസരങ്ങൾ
അടിസ്ഥാനസൗകര്യം, ചരക്കുനീക്ക സംവിധാനം, വാഹനനിർമാണം, വൈദ്യുത വാഹനങ്ങൾ, ഭക്ഷ്യസംസ്കരണം, കാർഷിക വ്യവസായം, ഇലക്ട്രോണിക്സ്, സെമികണ്ടക്ടറുകൾ എന്നീ മേഖലകളിലെ നിക്ഷേപാവസരങ്ങൾ ഇന്ത്യ അവതരിപ്പിച്ചു. വിനോദസഞ്ചാരം, ഹോട്ടൽ–ആതിഥേയ സേവനങ്ങൾ, ആരോഗ്യപരിപാലനം എന്നീ മേഖലകളിലെ സാധ്യതകളും ചൂണ്ടിക്കാട്ടി.
തായ്ലൻഡ് തങ്ങളുടെ സാമ്പത്തിക സ്ഥിതിയും മുന്നോട്ടുള്ള സാധ്യതകളും നിക്ഷേപം സുഗമമാക്കാനുള്ള നടപടികളും വിശദീകരിച്ചു. ഒരുമിച്ച് വികസിപ്പിക്കുകയും ഒരുമിച്ച് നിക്ഷേപിക്കുകയും ചെയ്യുന്ന സമീപനവും അവതരിപ്പിച്ചു. ഈ സമീപനത്തെ ഇന്ത്യ സ്വാഗതം ചെയ്തു. ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായും വകുപ്പുകളുമായും കൂടിയാലോചിച്ച് ഇത് കൂടുതൽ പരിശോധിക്കാനും സമ്മതിച്ചു.
വ്യാപാരക്കരാറുകളുടെ പ്രയോജനം കൂടുതൽ ലഭ്യമാക്കാൻ നീക്കം
ആസിയാൻ–ഇന്ത്യ ചരക്കുവ്യാപാര കരാറും ഇന്ത്യ–തായ്ലൻഡ് ആദ്യഘട്ട വ്യാപാര ഇളവ് പദ്ധതിയും കൂടുതൽ പ്രയോജനപ്പെടുത്തുന്നത് യോഗം ചർച്ച ചെയ്തു. ഉഭയകക്ഷി വ്യാപാരത്തിന്റെ കണക്കുകളും വ്യാപാര ഇളവുകൾ എത്രത്തോളം ഉപയോഗിക്കുന്നുവെന്ന വിവരങ്ങളും വർഷംതോറും കൈമാറാനുള്ള സംവിധാനത്തിന്റെ സാധ്യതയും പരിശോധിച്ചു.
ഇളവുകളോടെയുള്ള വ്യാപാരം വർധിപ്പിക്കാവുന്ന മേഖലകൾ കണ്ടെത്താനും കരാറുകൾ നടപ്പാക്കുന്നതിലെ വെല്ലുവിളികൾ പരിഹരിക്കാനുമാണ് ഈ വിവരക്കൈമാറ്റം ലക്ഷ്യമിടുന്നത്. ആസിയാൻ–ഇന്ത്യ ചരക്കുവ്യാപാര കരാറിന്റെ പുനഃപരിശോധന നേരത്തേയും ഫലപ്രദമായും പൂർത്തിയാക്കേണ്ടതിന്റെ പ്രാധാന്യവും ഇരുപക്ഷവും ചൂണ്ടിക്കാട്ടി.
വ്യാപാരികളുടെ തടസ്സങ്ങൾ നീക്കാനും പുതിയ മേഖലകളിൽ കൈകോർക്കാനും ചർച്ച
വിപണികളിലേക്ക് ഫലപ്രദമായ പ്രവേശനം ഉറപ്പാക്കുന്നതിലും വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിലുമായിരുന്നു ചർച്ചകളുടെ പ്രധാന ശ്രദ്ധ. കാർഷിക ഉൽപ്പന്നങ്ങൾ, കന്നുകാലി ഉൽപ്പന്നങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ എന്നിവയുടെ വിപണിപ്രവേശനം ചർച്ചയായി. ആരോഗ്യ–സസ്യാരോഗ്യ സുരക്ഷാ നടപടികൾ, സർട്ടിഫിക്കേഷൻ നടപടിക്രമങ്ങൾ, ഗുണനിലവാര മാനദണ്ഡങ്ങൾ, നിയന്ത്രണ വ്യവസ്ഥകൾ, തീരുവേതര തടസ്സങ്ങൾ നീക്കൽ എന്നിവയും പരിഗണിച്ചു.
ഔഷധനിർമാണം, ആരോഗ്യസേവനം, ആയുഷ്, പരമ്പരാഗത ചികിത്സ, തുണിത്തരങ്ങൾ, പ്ലാസ്റ്റിക്, പെട്രോകെമിക്കൽസ്, രത്നങ്ങൾ, ആഭരണങ്ങൾ, സേവനമേഖല എന്നിവയിലെ സഹകരണസാധ്യതകളും ഇരുപക്ഷവും പരിശോധിച്ചു. വ്യാപാര പ്രോത്സാഹന സംഘടനകൾ തമ്മിലുള്ള സഹകരണവും ചർച്ച ചെയ്തു.
യുപിഐ–പ്രോംപ്റ്റ്പേ ബന്ധിപ്പിക്കൽ പരിഗണനയിൽ; അടുത്ത യോഗം ഇന്ത്യയിൽ
പണമിടപാടുകളും സാമ്പത്തിക സംവിധാനങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതും യോഗം ചർച്ച ചെയ്തു. ഇന്ത്യയുടെ യുപിഐയും തായ്ലൻഡിന്റെ പ്രോംപ്റ്റ്പേയും ബന്ധിപ്പിക്കൽ, അതത് രാജ്യങ്ങളുടെ കറൻസികളിൽ ഇടപാടുകളുടെ തീർപ്പാക്കൽ എന്നിവ ഇതിൽ ഉൾപ്പെട്ടു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ബാങ്ക് ഓഫ് തായ്ലൻഡും തമ്മിലുള്ള സാമ്പത്തിക സാങ്കേതികവിദ്യാ സഹകരണവും ചർച്ചയായി.
ഇന്ത്യ–തായ്ലൻഡ് സാമ്പത്തിക പങ്കാളിത്തം ശക്തമാക്കാനുള്ള പ്രതിബദ്ധത യോഗം ആവർത്തിച്ചു. ചർച്ചകളുടെ തുടർച്ച ഉറപ്പാക്കാൻ അടുത്ത സംയുക്ത വ്യാപാര സമിതി യോഗത്തിനുമുമ്പ് ഉദ്യോഗസ്ഥതല ചർച്ചകളും പ്രവർത്തനതല യോഗങ്ങളും നടത്താൻ അധ്യക്ഷന്മാർ നിർദേശിച്ചു. സമിതിയുടെ അടുത്ത യോഗം ഇന്ത്യയിൽ നടക്കും.
.