ന്യൂഡൽഹി / 2026 / ഓഗസ്റ്റ് 26
റെയിൽവേ, റോഡ്, വൈദ്യുതി മേഖലകളിലെ ആറു പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികളുടെ പുരോഗതി പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തി. ഒമ്പത് സംസ്ഥാനങ്ങളിലായി 30,000 കോടി രൂപയിലേറെ നിക്ഷേപമുള്ള പദ്ധതികളാണ് സേവാ തീർഥിൽ നടന്ന 53-ാമത് പ്രഗതി യോഗത്തിൽ പരിശോധിച്ചത്. സമയപരിധി പാലിക്കൽ, വിവിധ ഏജൻസികളുടെ ഏകോപനം, കാത്തുകിടക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കൽ, പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കൽ എന്നിവയ്ക്കാണ് പ്രധാനമായും ഊന്നൽ നൽകിയത്.
പദ്ധതികളെ ഒറ്റ ഘടകമായി കാണണം
വലിയ അടിസ്ഥാനസൗകര്യ പദ്ധതികളെ ചെറിയ ഭാഗങ്ങളായോ പാക്കേജുകളായോ മാത്രം കാണരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പദ്ധതി മുഴുവനായി കണ്ട് നിരീക്ഷിക്കണം. ഓരോ ഭാഗത്തെയും പുരോഗതി ഒടുവിൽ മുഴുവൻ പദ്ധതിയും സമയത്ത് പൂർത്തിയാക്കി പ്രവർത്തനക്ഷമമാക്കുന്നതിലേക്ക് എത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതികളിലെ കാലതാമസം ചെലവ് കൂട്ടുന്നതിന് പുറമേ ജനങ്ങൾക്കും വ്യവസായങ്ങൾക്കും സമ്പദ്വ്യവസ്ഥയ്ക്കും ലഭിക്കേണ്ട നേട്ടങ്ങളും വൈകിപ്പിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
മന്ത്രാലയങ്ങളും സംസ്ഥാനങ്ങളും പദ്ധതി തുടക്കം മുതൽ അവസാനം വരെ ഒരൊറ്റ സംവിധാനമായി കണ്ട് പ്രവർത്തിക്കണമെന്നും നിർദേശിച്ചു. മുഴുവൻ പദ്ധതി കമ്മീഷൻ ചെയ്യുന്നതിനെ ബാധിക്കുന്ന നിർണായക തടസ്സങ്ങൾ നേരത്തേ കണ്ടെത്തി പരിഹരിക്കണം. പദ്ധതിയുടെ ഓരോ ഘട്ടത്തിലും കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുത്ത് മുൻകൈയോടെ പ്രവർത്തിക്കുന്ന സംസ്കാരം കേന്ദ്ര മന്ത്രാലയങ്ങളിലും സംസ്ഥാന സർക്കാരുകളിലും വളർത്തണമെന്നും അദ്ദേഹം പറഞ്ഞു.
വേഗത്തിനൊപ്പം ഗുണമേന്മയും വേണം
പ്രധാന ഗതാഗത, അടിസ്ഥാനസൗകര്യ പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ വിവിധ സേവനങ്ങൾക്കായി പൊതുവായ യൂട്ടിലിറ്റി ഇടനാഴികൾ സാധ്യമാണോ എന്ന് പരിശോധിക്കണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു. സാങ്കേതികവും സാമ്പത്തികവുമായ സാധ്യതകൾ കണക്കിലെടുത്ത് പദ്ധതിയുടെ ആസൂത്രണഘട്ടത്തിൽ തന്നെ ഇത്തരത്തിലുള്ള സംയോജിത സമീപനം പരിശോധിക്കണം.
പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കുമ്പോഴും ഗുണമേന്മയിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കണം. ഓരോ ഘട്ടത്തിലും ഗുണനിലവാര ഉറപ്പും മേൽനോട്ടവും കൂടുതൽ ശക്തമാക്കണമെന്ന് മന്ത്രാലയങ്ങളോടും സംസ്ഥാനങ്ങളോടും പദ്ധതി നടപ്പാക്കുന്ന ഏജൻസികളോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
അഗ്രിസ്റ്റാക്കിൽ നിർമിതബുദ്ധിക്ക് കൂടുതൽ പങ്ക്
ഡിജിറ്റൽ അഗ്രികൾച്ചർ മിഷന്റെ ഭാഗമായ അഗ്രിസ്റ്റാക്കും യോഗത്തിൽ വിലയിരുത്തി. കാർഷിക വിവരങ്ങളിൽ നിന്ന് കൂടുതൽ പ്രയോജനം നേടാൻ നിർമിതബുദ്ധി ഉൾപ്പെടെയുള്ള ഏറ്റവും പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കൃഷിക്കാവശ്യമായ വിഭവങ്ങളുടെ ആസൂത്രണം മുതൽ സംസ്കരണം വരെയുള്ള മുഴുവൻ കാർഷിക മൂല്യശൃംഖലയിലും വിവരസംവിധാനം ഫലപ്രദമായി ഉപയോഗിക്കണം. ഇതിലൂടെ കൂടുതൽ വ്യക്തമായ ഇടപെടലുകളും കൃത്യമായ ലക്ഷ്യനിർണ്ണയവും വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങളും സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. അഗ്രിസ്റ്റാക്ക് സംവിധാനം വികസിപ്പിക്കുന്നതിൽ സംസ്ഥാനങ്ങളും കേന്ദ്രസർക്കാരും നടത്തിയ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. കർഷകർക്ക് കൂടുതൽ മികച്ച ഫലം ലഭിക്കുന്ന രീതിയിൽ ഇതിന്റെ ഉപയോഗം ശക്തിപ്പെടുത്തണമെന്നും നിർദേശിച്ചു.
ഡിജിറ്റൽ അറസ്റ്റിനും സൈബർ തട്ടിപ്പിനും എതിരെ ജാഗ്രത
ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പ് കേസുകളും യോഗത്തിൽ വിലയിരുത്തി. ഇത്തരം തട്ടിപ്പുകൾ തടയാൻ പരിശീലനം, ബോധവത്കരണം, വിദ്യാഭ്യാസം എന്നിവ തുടർച്ചയായി ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രത്യേകിച്ച് മുതിർന്ന പൗരന്മാർ, യുവാക്കൾ, കൂടുതൽ അപകടസാധ്യത നേരിടുന്ന വിഭാഗങ്ങൾ എന്നിവർക്കായി ലക്ഷ്യമിട്ടുള്ള ബോധവത്കരണ പരിപാടികൾ തുടർച്ചയായി നടത്തണം. സാധാരണയായി ഉപയോഗിക്കുന്ന തട്ടിപ്പ് രീതികൾ, മുന്നറിയിപ്പ് സൂചനകൾ, സുരക്ഷിതമായ ഡിജിറ്റൽ ശീലങ്ങൾ എന്നിവയെക്കുറിച്ച് ജനങ്ങളെ പരിചയപ്പെടുത്തണം. സൈബർ തട്ടിപ്പുകളുടെ പുതിയ രീതികൾ വേഗത്തിൽ തിരിച്ചറിഞ്ഞ് നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കായി പതിവായി ശേഷിവികസന പരിശീലനവും നൽകണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു.