തിരുവനന്തപുരം, 2026 ഓഗസ്റ്റ് 15 –
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സംഘടിത തൊഴിലാളികൾക്കും ഓണം ആഘോഷിക്കാൻ സർക്കാർ സാമ്പത്തിക സഹായങ്ങൾ പ്രഖ്യാപിച്ചു. ചില വിഭാഗങ്ങൾക്ക് ബോണസ്, ചിലർക്ക് ഉത്സവബത്ത, മറ്റുചിലർക്ക് പ്രത്യേക ധനസഹായം. എന്നാൽ വർഷം മുഴുവൻ കൃഷിയിടത്തിൽ അധ്വാനിക്കുന്ന കർഷകന് ഈ ഓണക്കാലത്ത് പ്രത്യേകമായി എന്താണ് ലഭിക്കുന്നത് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല.ഓണം ആഘോഷിക്കുവാൻ ആർക്കെങ്കിലും അവസരം ലഭിക്കുന്നത് സന്തോഷകരമാണ്. എന്നാൽ നിരന്തരം ഒരു വിഭാഗം മാത്രം അവഗണിക്കപ്പെടുന്നത് എന്തുകൊണ്ട്?
ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും നാലായിരത്തി അഞ്ഞൂറ് രൂപ ബോണസ് അനുവദിച്ച് സംസ്ഥാന സർക്കാർ. ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് പ്രത്യേക ഉത്സവബത്തയായി മൂവായിരം രൂപ ലഭിക്കും. സർക്കാർ ജീവനക്കാർക്കുള്ള ആനുകൂല്യങ്ങളുടെ വിതരണം ഓഗസ്റ്റ് 17 മുതൽ ആരംഭിക്കും.
പരമ്പരാഗത തൊഴിലാളികൾക്ക് മുൻവർഷങ്ങളിൽ എത്ര?
2024
പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്ക് ഓണത്തോടനുബന്ധിച്ച് 45 കോടി രൂപ സർക്കാർ അനുവദിച്ചു.
ഏകദേശം 8,94,922 തൊഴിലാളികൾക്ക് ആനുകൂല്യം ലഭിക്കുമെന്നായിരുന്നു പ്രഖ്യാപനം.
2025
ഇത് കൂടുതൽ ഉയർന്നു.
കയർ, മത്സ്യബന്ധനം, കൈത്തറി, ഖാദി, ഈറ്റ, കാട്ടുവള്ളി, തഴ, ബീഡി-സിഗാർ തുടങ്ങിയ മേഖലകളിലെ 3,79,284 തൊഴിലാളികൾക്ക് 50 കോടി രൂപയുടെ അധിക സഹായം അനുവദിച്ചു.
ഇത് മിനിമം കൂലി ഉറപ്പാക്കൽ പദ്ധതിയിലെ വരുമാന പിന്തുണാ പദ്ധതിയുടെ ഭാഗമായിരുന്നു.
അതിനാൽ മൂന്ന് വർഷത്തെ കണക്കെടുത്താൽ:
| വർഷം | വിഭാഗം | സഹായം |
|---|
| 2024 | പരമ്പരാഗത തൊഴിലാളികൾ | 45 കോടി |
| 2025 | പരമ്പരാഗത തൊഴിലാളികൾ | 50 കോടി അധിക സഹായം |
| 2026 | പരമ്പരാഗത തൊഴിലാളികൾ | 94.75 കോടി വിതരണം ചെയ്യുന്നു |
| 2024 | തൊഴിലുറപ്പ് തൊഴിലാളികൾ | 1,000 രൂപ വീതം |
| 2024 | പൂട്ടിക്കിടക്കുന്ന കയർ സംഘങ്ങളിലെ തൊഴിലാളികൾ | 2,000 രൂപ വീതം |
| 2025 | പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറി തൊഴിലാളികൾ | 2,250 രൂപ വീതം |
| 2026 | പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറി തൊഴിലാളികൾ | 2,500 രൂപ വീതം |
| 2026 | പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾ | 2,000 രൂപ വീതം |
| 2026 | പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾ | 1,000 രൂപയുടെ ഗിഫ്റ്റ് കാർഡ് |
2025ലെ കശുവണ്ടി തൊഴിലാളികളുടെ 2,250 രൂപയും 2026ലെ 2,500 രൂപയും തമ്മിലുള്ള വർധനയും ശ്രദ്ധേയമാണ്.
അധ്വാനിക്കുന്ന കർഷകന് പ്രത്യേക പരിഗണനയില്ല
കർഷകർക്കായി ഓണം പ്രമാണിച്ച് പൊതുവായ പ്രത്യേക ബോണസോ ഉത്സവബത്തയോ 2026ൽ പ്രഖ്യാപിച്ചിട്ടില്ല. കൃഷിക്കുള്ള സാധാരണ പദ്ധതികളും വിപണി ഇടപെടലുകളും വേറെയാണ്. എന്നാൽ ഓണം ആഘോഷിക്കാൻ സഹായിക്കുന്ന പ്രത്യേക ആനുകൂല്യം എന്ന നിലയിൽ കർഷകരെ പരിഗണിച്ചിട്ടില്ല.
ഈ അവഗണന തുടങ്ങിയിട്ട് കാലങ്ങളായി
ഇത് ഒരു വർഷത്തെ മാത്രം കാര്യമായി കാണാനാകില്ല. വർഷംതോറും വിവിധ തൊഴിലാളി വിഭാഗങ്ങൾക്കും സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഓണക്കാല ആനുകൂല്യങ്ങൾ പ്രഖ്യാപിക്കപ്പെടുന്നു. കർഷകരുടെ കാര്യത്തിൽ സമാനമായ സ്ഥിരം ഓണം ആനുകൂല്യം ഒരു നയമായി രൂപപ്പെട്ടിട്ടില്ല. കൃഷി ചെയ്യുന്നവർക്ക് ഓണം ആഘോഷിക്കേണ്ടതില്ലെന്ന മട്ടിലാണ് ഈ നയശൂന്യത.
കർഷകന്റെ വരുമാനം ഉറപ്പുള്ളതല്ല
സർക്കാർ കണക്കിലെ ശരാശരി കൃഷിമിച്ചം നോക്കിയാൽ കർഷകന് നല്ല വരുമാനമുണ്ടെന്ന് തോന്നാം. പക്ഷേ വിലത്തകർച്ച, വിളനാശം, രോഗം, കാലാവസ്ഥാ വ്യതിയാനം, കീടബാധ, വന്യമൃഗങ്ങളുടെ ആക്രമണം എന്നിവ വന്നാൽ ആ കണക്ക് മാറും. കൃഷിക്കായി മുടക്കിയ പണം പോലും തിരിച്ചുകിട്ടാത്ത വർഷങ്ങൾ കർഷകർക്ക് ഉണ്ടാകുന്നു.
| കൃഷി ഏക്കറിലെ കൃഷിച്ചെലവ് ഏക്കറിലെ ഉൽപാദന മൂല്യം ചെലവ് കഴിഞ്ഞുള്ള മിച്ചം |
| ഏലം | ഏകദേശം ₹1.03 ലക്ഷം | ഏകദേശം ₹2.39 ലക്ഷം | ₹1.36 ലക്ഷം |
| കുരുമുളക് | ഏകദേശം ₹39,700 | ഏകദേശം ₹1.09 ലക്ഷം | ₹70,000 |
| വാഴ | ഏകദേശം ₹1.05 ലക്ഷം | ഏകദേശം ₹2.74 ലക്ഷം | ₹1.69 ലക്ഷം |
| ഇഞ്ചി | ഏകദേശം ₹1.11 ലക്ഷം | ഏകദേശം ₹4.70 ലക്ഷം | ₹3.59 ലക്ഷം |
| മഞ്ഞൾ | ഏകദേശം ₹64,600 | ഏകദേശം ₹1.37 ലക്ഷം | ₹72,000 |
| കപ്പ | ഏകദേശം ₹70,400 | ഏകദേശം ₹2.28 ലക്ഷം | ₹1.58 ലക്ഷം |
| കൈതച്ചക്ക | ഏകദേശം ₹1.12 ലക്ഷം | ഏകദേശം ₹2.54 ലക്ഷം | ₹1.42 ലക്ഷം |
ഇതാണ് സർക്കാരിൻറെ കണക്കനുസരിച്ച് കർഷകൻറെ വരുമാനം എന്നാൽ കൃത്യമായി ഈ വരുമാനം ലഭിക്കുന്ന എത്ര കർഷകർ ഉണ്ടാകും?
ബാക്കി വരുമാനം കുടുംബത്തിനാണ്
കൃഷിയിൽ നിന്ന് ഒരു വർഷം ഒരു ലക്ഷമോ രണ്ടുലക്ഷമോ മിച്ചം കിട്ടിയാൽ പോലും അതാണ് കുടുംബത്തിന്റെ മുഴുവൻ സുരക്ഷ. മക്കളുടെ വിദ്യാഭ്യാസം, ചികിത്സ, വീടിന്റെ ചെലവ്, വായ്പ തിരിച്ചടവ്, കൃഷിയുടെ അടുത്ത സീസണിലേക്കുള്ള മുടക്ക് എന്നിവയെല്ലാം അതിൽ നിന്നാണ്. അതിനുശേഷം ഓണാഘോഷത്തിന് എന്താണ് ബാക്കി എന്നതാണ് ചോദ്യം.
കർഷകനെ മറന്ന് ആരാണ് ഓണം ആഘോഷിക്കുന്നത്?
കേരളത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്ക് പിന്നിൽ നിൽക്കുന്ന കർഷകനാണ് ഓണക്കാലത്തും സ്വന്തം കുടുംബത്തിന്റെ ചെലവുകൾ കണക്കുകൂട്ടേണ്ടിവരുന്നത്. കർഷകന്റെ ഉൽപന്നം വാങ്ങിയാണ് സമൂഹം ഓണം ആഘോഷിക്കുന്നത്. എന്നാൽ ആ കർഷന്റെ വീട്ടിൽ ഓണത്തിന് അധികമായി ഒരു രൂപ എത്തിക്കാൻ പ്രത്യേക നയം എന്തുകൊണ്ട് ഉണ്ടാകുന്നില്ല?
രാഷ്ട്രീയ മൗനം എന്തുകൊണ്ട്?
സർക്കാർ ജീവനക്കാർക്കും സംഘടിത തൊഴിലാളികൾക്കും ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുമ്പോൾ രാഷ്ട്രീയ ചർച്ചകൾ ഉണ്ടാകാറുണ്ട്. എന്നാൽ കർഷകർക്ക് പ്രത്യേക ഓണം ആനുകൂല്യം ഇല്ലാത്തതിനെതിരെ രാഷ്ട്രീയ സമ്മർദ്ദം കാണുന്നില്ല. കർഷക സംഘടനകളും രാഷ്ട്രീയ പാർട്ടികളും ഈ വിഷയത്തെ സ്ഥിരമായ രാഷ്ട്രീയ ആവശ്യമായി ഉയർത്തിയിട്ടുണ്ടോ എന്നതും പരിശോധിക്കേണ്ടതാണ്.
അവഗണിക്കപ്പെടേണ്ട വിഭാഗമാണോ കർഷകർ?
കർഷകന് സൗജന്യമായി പണം നൽകണമെന്നല്ല ആവശ്യം. ഒരു വർഷം മുഴുവൻ അപകടസാധ്യത ഏറ്റെടുത്ത് ഭക്ഷണം ഉൽപാദിപ്പിക്കുന്ന കർഷകനും ഓണം ആഘോഷിക്കാൻ കഴിയുന്ന തരത്തിലുള്ള സാമൂഹിക സുരക്ഷ വേണമെന്നതാണ്ആവശ്യം . കർഷകന്റെ വരുമാനത്തിൽ കാലാവസ്ഥയും വിപണിയും ഉണ്ടാക്കുന്ന ആഘാതം പരിഗണിച്ചുള്ള പ്രത്യേക ഉത്സവസഹായം, വില ഉറപ്പ്, വിള ഇൻഷുറൻസ്, അടിയന്തര വരുമാനസഹായം എന്നിവയെക്കുറിച്ച് സർക്കാർ ചിന്തിക്കേണ്ട സമയമാണിത്.