പ്രധാന വിവരങ്ങൾ
- എൽ നിനോ ബുള്ളറ്റിൻ ഇൻകോയിസ് പുറത്തിറക്കി.
- 2027 മേയ് വരെ സമുദ്രതാപനില ഉയർന്നേക്കും.
- പവിഴപ്പുറ്റുകൾക്ക് താപസമ്മർദ സാധ്യത.
- മത്തി, അയല മത്സ്യലഭ്യത കുറയാം.
- അടുത്ത ബുള്ളറ്റിൻ ജൂലൈ രണ്ടാം വാരത്തിൽ

News Portal

ന്യൂഡൽഹി, 2026 ജൂൺ 24
സമുദ്രമേഖലകളെ സംരക്ഷിക്കുന്നതിനായി ഇൻകോയിസ് പ്രത്യേക എൽ നിനോ ബുള്ളറ്റിനുകൾ പുറത്തിറക്കാൻ തുടങ്ങി. ആദ്യ പ്രത്യേക ബുള്ളറ്റിൻ ജൂൺ 22ന് നടന്ന ചടങ്ങിൽ ചെവെല്ല മണ്ഡലത്തിലെ പാർലമെന്റ് അംഗം കൊണ്ട വിശ്വേശ്വർ റെഡ്ഡി പുറത്തിറക്കി. നിലവിലുള്ള എൽ നിനോ പ്രതിഭാസം ശക്തിപ്പെടുകയാണെന്നും ഇത് 2026 നവംബർ മുതൽ 2027 ജനുവരി വരെയുള്ള ശൈത്യകാലത്ത് ഏറ്റവും ശക്തമായ ഘട്ടത്തിലെത്തുമെന്നുമാണ് ബുള്ളറ്റിൻ വ്യക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി 2027 ഏപ്രിൽ, മേയ് വരെ ഇന്ത്യൻ മഹാസമുദ്രത്തിലെ സമുദ്രോപരിതല താപനില സാധാരണയേക്കാൾ കൂടുതലായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
എൽ നിനോയുടെ സമുദ്രമേഖലകളിലെ പ്രത്യാഘാതങ്ങൾ വ്യക്തമാക്കാനാണ് ഇൻകോയിസ് ഈ ബുള്ളറ്റിൻ പുറത്തിറക്കിയത്. അറബിക്കടലും ബംഗാൾ ഉൾക്കടലും ഉൾപ്പെടുന്ന വടക്കൻ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമുദ്ര ആവാസവ്യവസ്ഥയ്ക്ക് വരും മാസങ്ങളിൽ താപസമ്മർദം നേരിടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇതുമൂലം പവിഴപ്പുറ്റുകളുടെ നിറം മങ്ങുക, സമുദ്ര താപതരംഗങ്ങൾ വർധിക്കുക, മത്സ്യങ്ങളുടെ കുടിയേറ്റം മൂലം പ്രത്യേകിച്ച് മത്തി, അയല ഇനങ്ങളിലെ മത്സ്യലഭ്യത കുറയുക തുടങ്ങിയ സാഹചര്യം ഉണ്ടാകാമെന്നും ബുള്ളറ്റിൻ ചൂണ്ടിക്കാട്ടുന്നു.
ബംഗാൾ ഉൾക്കടലിൽ മൺസൂൺ കാലത്ത് കടൽക്ഷോഭം തുടരുമെന്നും ഇന്ത്യയുടെ കിഴക്കൻ തീരത്ത് തീരശോഷണവും വെള്ളപ്പൊക്ക സാധ്യതയും വർധിക്കാമെന്നും റിപ്പോർട്ട് പറയുന്നു. അതേസമയം അറബിക്കടലിലും പടിഞ്ഞാറൻ തീരത്തും കടൽ സാധാരണയേക്കാൾ ശാന്തമായിരിക്കാനാണ് സാധ്യത. ഇതിലൂടെ വിവിധ സമുദ്രമേഖലാ പ്രവർത്തനങ്ങൾക്ക് കൂടുതൽ അവസരം ലഭിച്ചേക്കും. നിലവിലെ മൺസൂൺ കാലത്ത് പടിഞ്ഞാറൻ തീരത്ത് തീരശോഷണവും കടൽവെള്ള കയറ്റവും കുറവായിരിക്കുമെന്നും വിലയിരുത്തൽ ഉണ്ട്. സമുദ്രമേഖലയിലെ പ്രവർത്തകർ ഇൻകോയിസ് പുറത്തിറക്കുന്ന മുന്നറിയിപ്പുകളും നിർദേശങ്ങളും കൃത്യമായി പിന്തുടരണമെന്നും അടുത്ത പ്രത്യേക ബുള്ളറ്റിൻ 2026 ജൂലൈ രണ്ടാം വാരത്തിൽ പുറത്തിറക്കുമെന്നും അധികൃതർ അറിയിച്ചു.