ന്യൂഡൽഹി | ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യാനുള്ള അപേക്ഷയിൽ കൃത്യസമയത്ത് നടപടി സ്വീകരിക്കാതിരുന്ന പ്രമുഖ സ്വകാര്യ ബാങ്കായ കോട്ടക് മഹീന്ദ്ര ബാങ്ക് ഉപഭോക്താവിന് 3.21 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി. തന്റെ രണ്ട് ക്രെഡിറ്റ് കാർഡുകൾ ക്ലോസ് ചെയ്യാൻ വൈകിയതിന് ആർ ബി ഐ മാനദണ്ഡപ്രകാരം ലഭിച്ച തുകയെക്കുറിച്ച് റെഡിറ്റ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഉപഭോക്താവ് വെളിപ്പെടുത്തിയത്.
. ക്രെഡിറ്റ് ലിമിറ്റ് ബാങ്ക് 10,000 രൂപയായി കുറച്ചതിനെത്തുടർന്നാണ് കാർഡ് വേണ്ടെന്ന് വെക്കാൻ തീരുമാനിച്ചത്.
കോട്ടക് മിന്ത്ര, കോട്ടക് മോജോ പ്ലാറ്റിനം എന്നീ രണ്ട് കാർഡുകൾ ക്ലോസ് ചെയ്യാനായി 2025 മെയ് മാസത്തിലാണ് യുവാവ് ഇമെയിൽ വഴി അപേക്ഷ നൽകിയത്. ഒരു ലക്ഷം രൂപയുണ്ടായിരുന്ന ക്രെഡിറ്റ് ലിമിറ്റ് ബാങ്ക് 10,000 രൂപയായി കുറച്ചതിനെത്തുടർന്നാണ് കാർഡ് വേണ്ടെന്ന് വെക്കാൻ ഇദ്ദേഹം തീരുമാനിച്ചത്. എന്നാൽ ഇമെയിലിന് മറുപടി നൽകാനോ കാർഡ് ക്ലോസ് ചെയ്യാനോ ബാങ്ക് തയ്യാറായില്ല. തുടർന്ന് 2026 ഏപ്രിലിൽ അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് കാർഡ് ക്ലോസ് ചെയ്തിട്ടില്ലെന്നും വാർഷിക ഫീസായി 1,180 രൂപ ഈടാക്കിയതായും ശ്രദ്ധയിൽപ്പെട്ടത്.
യുവാവ് ബാങ്കിംഗ് ഓംബുഡ്സ്മാനെ സമീപിച്ചു .
ഇക്കാര്യം ബാങ്കിനെ അറിയിച്ചപ്പോൾ ക്ലോസിംഗ് അപേക്ഷകൾ ഇമെയിൽ വഴി സ്വീകരിക്കില്ലെന്നും കസ്റ്റമർ കെയറിൽ വിളിക്കണമായിരുന്നു എന്നുമാണ് നോഡൽ ഓഫീസർ മറുപടി നൽകിയത്. ഇതോടെ യുവാവ് ബാങ്കിംഗ് ഓംബുഡ്സ്മാനെ സമീപിച്ചു. ആർ ബി ഐ നിയമപ്രകാരം ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യാനുള്ള അപേക്ഷ ലഭിച്ച് ഏഴ് പ്രവൃത്തിദിവസത്തിനുള്ളിൽ നടപടി പൂർത്തിയാക്കിയില്ലെങ്കിൽ, വൈകുന്ന ഓരോ ദിവസത്തിനും 500 രൂപ വീതം ഉപഭോക്താവിന് ബാങ്ക് നൽകണം.
ബാങ്ക്, തുക ഇദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു
യുവാവിന്റെ കാര്യത്തിൽ രണ്ട് കാർഡുകളിലായി 321 ദിവസത്തെ താമസം നേരിട്ടതിനാലാണ് പ്രതിദിനം 1000 രൂപ കണക്കാക്കി (500×2) ആകെ 3,21,000 രൂപ നഷ്ടപരിഹാരമായി ലഭിച്ചത്. പരാതി നൽകിയതിനെത്തുടർന്ന് ബാങ്ക് തുക ഇദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും അനാവശ്യമായി ഈടാക്കിയ ചാർജുകൾ ഒഴിവാക്കുകയും ചെയ്തു. .



