തിരുവനന്തപുരം | സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും(മാർച്ച് 13,14,) സംസ്ഥാനത്ത് എട്ടു ജില്ലകളില്‍ ഉയര്‍ന്ന താപനിലയായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ മഞ്ഞ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മേല്‍പറഞ്ഞ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജാഗ്രതാനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ആയതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.



