മോസ്‌കോ: ഗൾഫ് പ്രതിസന്ധി കനക്കുന്നതിനിടെ ഇന്ത്യക്ക് എണ്ണവിതരണവുമായി ബന്ധപ്പെട്ട് സഹായവാഗ്ദാനവുമായി റഷ്യ. ഇറാനുനേർക്ക് യുഎസും ഇസ്രയേലും നടത്തിയ ആക്രമണവും അതിന് മറുപടിയായി ഇറാൻ, ഗൾഫ് രാജ്യങ്ങളെയടക്കം ലക്ഷ്യമിട്ട് നടത്തിയ പ്രത്യാക്രമണവും ആഗോളതലത്തിലെ എണ്ണവിതരണത്തെ ബാധിക്കുന്നപക്ഷം, ഇന്ത്യയെ സഹായിക്കാൻ സന്നദ്ധമാണെന്ന് റഷ്യ അറിയിച്ചതായി റഷ്യയുടെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലേക്കുള്ള ക്രൂഡ്, എൽപിജി വരവിന്റെ പകുതിയോളം നടക്കുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്
ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണക്കപ്പലുകളുടെയും മറ്റും സഞ്ചാരം പ്രതിസന്ധിയിലാവുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് റഷ്യയുടെ വാഗ്ദാനമെന്നത് ശ്രദ്ധേയമാണ്. ആഗോള എണ്ണ-വാതക വ്യാപാരത്തിന്റെ വലിയൊരു ഭാഗവും ഹോർമുസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്. ഇന്ത്യയിലേക്കുള്ള ക്രൂഡ്, എൽപിജി വരവിന്റെ പകുതിയോളം നടക്കുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. യുഎസ്, ഇസ്രയേൽ- ഇറാൻ സംഘർഷം ഈ കടലിടുക്ക് വഴിയുള്ള ചരക്കുനീക്കത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. കപ്പലുകൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ പിൻവലിക്ക പ്പെട്ടതും സാഹചര്യം മോശമാക്കിയിരിക്കു കയാണ്.
ആറ് മുതൽ എട്ടാഴ്ചവരെ നിറവേറ്റാൻ ആവശ്യമായ അസംസ്‌കൃത എണ്ണയുടെ ശേഖരം കൈവശമുണ്ടെന്നും സർക്കാർ
അതേസമയം, ഹ്രസ്വകാലത്തേക്കുള്ള, അപ്രതീക്ഷിത സാഹചര്യങ്ങളെ നേരിടാൻ ആവശ്യമായ എണ്ണയും ഇന്ധനവും കൈവശമുണ്ടെന്ന് ചൊവ്വാഴ്ച കേന്ദ്രസർക്കാർ വ്യക്തമാക്കി. പെട്രോൾ, ഡീസൽ, മറ്റ് ഇന്ധനങ്ങൾ എന്നിവയ്ക്കുള്ള ആഭ്യന്തര ആവശ്യം ആറ് മുതൽ എട്ടാഴ്ചവരെ നിറവേറ്റാൻ ആവശ്യമായ അസംസ്‌കൃത എണ്ണയുടെ ശേഖരം കൈവശമുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു



