റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എസ് ഐ ആര്‍ പ്രക്രിയയില്‍ ഒരു തടസ്സവും സൃഷ്ടിക്കാൻ അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി

February 10, 2026 - 7:00 am

ന്യൂഡല്‍ഹി | വോട്ടര്‍പ്പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണ (എസ് ഐ ആര്‍) പ്രക്രിയയില്‍ ഒരു തടസ്സവും അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി. പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍ പ്രക്രിയ ചോദ്യം ചെയ്തുള്ള ഹരജി പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, എന്‍ വി അഞ്ജരിയ എന്നിവരടങ്ങിയ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. എസ് ഐ ആറിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാന്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും ബഞ്ച് വ്യക്തമാക്കി.

ക്രമസമാധാന പാലനം ഉറപ്പാക്കാന്‍ പോലീസിന് നിര്‍ദേശം

പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡ്യൂട്ടിക്കായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച എണ്ണായിരത്തിലധികം ഉദ്യോഗസ്ഥര്‍ ഫെബ്രുവരി 10 ന് വൈകിട്ടോടെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് മുമ്പില്‍ റിപോര്‍ട്ട് ചെയ്യുന്നുവെന്ന് ഉറപ്പാക്കണം. ക്രമസമാധാന പാലനം ഉറപ്പാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കുന്നുവെന്നും ബംഗാള്‍ സര്‍ക്കാറിനെതിരായ കമ്മീഷന്റെ ആരോപണങ്ങളില്‍ വ്യക്തിപരമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പശ്ചിമ ബംഗാള്‍ പോലീസ് മേധാവിയോട് നിര്‍ദേശിക്കുന്നതായും ബഞ്ച് പറഞ്ഞു.

ഭരണഘടന എല്ലാവര്‍ക്കും ബാധകമാണ്

. എസ് ഐ ആറുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ശരിയായ സഹായം നല്‍കുന്നില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം പരിഗണിച്ചാണ് ബഞ്ച് നിര്‍ദേശം നല്‍കിയത്. ഭരണഘടന എല്ലാവര്‍ക്കും ബാധകമാണെന്ന സന്ദേശം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചില ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും ബംഗാള്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകന്‍ പറഞ്ഞു. ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ബഞ്ച് സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു..

സ് ഐ ആര്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി ഒരു ആഴ്ച കൂടി നീട്ടാൻ നിർദേശം

പശ്ചിമ ബംഗാളില്‍ എസ് ഐ ആര്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി ഒരു ആഴ്ച കൂടി നീട്ടാന്‍ കോടതി നിര്‍ദേശിച്ചു. പശ്ചിമ ബംഗാളില്‍ വ്യാപകമായി നോട്ടീസുകള്‍ നല്‍കുന്നതില്‍ കോടതി ആശങ്ക രേഖപ്പെടുത്തി..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *