കണ്ണൂർ: ശബരിമല സ്വർണക്കൊള്ള കേസ് പരിപൂർണമായും അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്നും കേസിലെ ഓരോ പ്രതികളും ജാമ്യം നേടി പുറത്തുവന്നുക്കൊണ്ടിരിക്കുകയാണെന്നും കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല.കേസിൽ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഭാഗികമായി കുറ്റപത്രം സമർപ്പിക്കാമെന്നിരിക്കേ അതും ഉണ്ടായിട്ടില്ല. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണു പ്രതികൾ ജാമ്യം നേടി പുറത്തുവരുന്നത്. കുറ്റപത്രം സമർപ്പിക്കുന്നത് വളരെ ആസൂത്രിതമായി വൈകിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂർ ഡിസിസി ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാലുമാസം കഴിഞ്ഞിട്ടും കവർച്ച ചെയ്ത സ്വർണം എവിടെയെന്നു കണ്ടുപിടിക്കാൻ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല
പ്രോസിക്യൂഷന്റെ അനുമതിയും സ്വർണവുമായി ബന്ധപ്പെട്ട രാസപരിശോധനാ ഫലവും ലഭിക്കാത്തതുക്കൊണ്ടാണ് കുറ്റപത്രം സമർപ്പിക്കാത്തതെന്നാണ് എസ്ഐടി പറയുന്നത്. എന്നാൽ, ഇതിന് രണ്ടിനും അനുമതി നൽകേണ്ടത് മുഖ്യമന്തിയാണെന്നും ചെന്നിത്തല പറഞ്ഞു. ഭാഗികമായ കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിൽ പ്രതികൾക്കു ജാമ്യം ലഭിക്കില്ലായിരുന്നു. നാലുമാസം കഴിഞ്ഞിട്ടും കവർച്ച ചെയ്ത സ്വർണം എവിടെയെന്നു കണ്ടുപിടിക്കാൻ അധികാരികൾക്ക് കഴിഞ്ഞിട്ടില്ലെന്നതും ഗൗരവമായ വിഷയമാണെന്നും ചെന്നിത്തല പറഞ്ഞു.
