ന്യൂഡൽഹി: ട്രംപിന്റെ തീരുവ പ്രഖ്യാപനത്തോടെ മരവിച്ച ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട ആറാംഘട്ട ചർച്ചയ്ക്കായി യുഎസ് പ്രതിനിധി സംഘം സെപ്തംബർ 16 ന് ഡൽഹിയിൽ എത്തും. ചൊവ്വാഴ്ച മുതൽ ചർച്ച പുനരാരംഭിക്കും. യുഎസ് വ്യാപാര രംഗത്തെ പ്രധാന ഇടനിലക്കാരനായ ബ്രെൻഡൻ ലിഞ്ചും സംഘമാണ് യുഎസിൽനിന്ന് ഡൽഹിയിൽ എത്തുന്നത്.
ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ട് നടക്കുന്ന ആദ്യ വ്യാപാര ചർച്ചയാണിത്.
ചർച്ചയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വാണിജ്യ മന്ത്രാലയത്തിലെ പ്രത്യേക സെക്രട്ടറി രാജേഷ് അഗർവാൾ പങ്കെടുക്കും. ഇന്ത്യയ്ക്കുമേൽ തീരുവ ഏർപ്പെടുത്തിയതിനു ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ട് നടക്കുന്ന ആദ്യ വ്യാപാര ചർച്ചയാണിത്.
ശുഭസൂചനകൾ കണ്ടുതുടങ്ങി
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനെച്ചൊല്ലിയാണ് ട്രംപ് ഇടഞ്ഞത്. തുടർന്ന് ഇന്ത്യയ്ക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ഓഗസ്റ്റ് 25-ന് നടക്കാനിരുന്ന ചർച്ചകൾ മാറ്റിവെച്ചിരുന്നു. യുഎസും ഇന്ത്യയും തമ്മിലുള്ള വ്യാപാര തടസങ്ങൾ പരിഹരിക്കുന്ന തിനുള്ള ചർച്ചകൾ തുടരുകയാണെന്ന് കഴിഞ്ഞയാഴ്ച ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ, ഇന്ത്യയും യുഎസും സ്വാഭാവിക പങ്കാളികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചിരുന്നു. ഇതോടെയാണ് വീണ്ടും വ്യാപാര കരാറിൽ ശുഭസൂചനകൾ കണ്ടുതുടങ്ങിയത്



