ദില്ലി : ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്തനാർബുദ നിരക്ക് ഹൈദരാബാദിലെന്ന് നാഷണൽ ക്യാൻസർ രജിസ്ട്രി പ്രോഗ്രാം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന് (ICMR) കീഴിലുള്ള നാഷണൽ ക്യാൻസർ രജിസ്ട്രി പ്രോഗ്രാം (NCRP) നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ്റെ (AMA) കീഴിലുള്ള ജാമാ ഓപ്പൺ നെറ്റ്‌വർക്ക് ജേണലിൽ ഇക്കാര്യം പ്രസിദ്ധീകരിച്ചിരുന്നു.
ഒന്നാംസ്ഥാനം ഹൈദരാബാദിന്
ഹൈദരാബാദിലെ ഓരോ ഒരു ലക്ഷം സ്ത്രീകളിലും 54 പേർക്ക് ഈ രോഗം ബാധിക്കുന്നുവെന്നാണ് റിപ്പോർട്ട്. ബെംഗളൂരുവാണ് രണ്ടാം സ്ഥാനത്ത്. ഒരു ലക്ഷം സ്ത്രീകളിൽ 46.7 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ ചെന്നൈ(ഒരു ലക്ഷത്തിൽ 45.4 കേസുകൾ), ആലപ്പുഴ (ഒരു ലക്ഷത്തിൽ 42.2 കേസുകൾ), തിരുവനന്തപുരം(ഒരു ലക്ഷത്തിൽ 40.7 കേസുകൾ) എന്നീ നഗരങ്ങളും ആദ്യം സ്ഥാനങ്ങളിൽ ഉൾപ്പെട്ടതായി പഠനം പറയുന്നു


