തിരുവനന്തപുരം: കൊച്ചി തീരത്തുണ്ടായ കപ്പല്‍ അപകടത്തെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് 1000 രൂപവീതം നഷ്ടപരിഹാരം നല്‍കാൻ സര്‍ക്കാര്‍ തീരുമാനം. താല്‍കാലിക ആശ്വാസം എന്ന നിലയിൽ സംസ്ഥാന ദുരന്തനിവാരണ നിധിയില്‍നിന്നാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതിനുള്ള നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കിക്കഴിഞ്ഞു.
ഒന്നരലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ആറുകിലോ അരിവീതവും നല്‍കും
കപ്പല്‍ അപകടം മൂലം പ്രശ്‌നമുണ്ടായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലെ 78498 മത്സ്യബന്ധന കുടുംബങ്ങള്‍ക്കും 27020 മത്സ്യബന്ധന അനുബന്ധ തൊഴിലാളി കുടുംബങ്ങള്‍ക്കുമാണ് ധനസഹായം ലഭിക്കുക. ഒന്നരലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ആറുകിലോ അരിവീതവും നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. രണ്ടാഴ്ചയായി കേരളത്തിലെ മത്സ്യബന്ധന മേഖല വലിയ തോതിലുള്ള തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
ജനങ്ങള്‍ കഷ്ടപ്പെടുന്ന സാഹചര്യം കണക്കിലെടുത്താണ് നഷ്ടപരിഹാരം
കപ്പല്‍ അപകടത്തില്‍പെട്ടതിന് പിന്നാലെ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് വിലക്കുണ്ടായിരുന്നു. ഇതോടൊപ്പം ആളുകള്‍ ഭയത്താല്‍ മത്സ്യം വാങ്ങാത്ത സാഹചര്യവും നിലനിന്നിരുന്നു. ഇത്തരത്തില്‍ ജനങ്ങള്‍ കഷ്ടപ്പെടുന്ന സാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്


