സ്പെഷ്യൽ റിപ്പോര്‍ട്ട്
വി ബി രാജൻ

മുഖ്യമന്ത്രിയാകാൻ കുഞ്ഞാലിക്കുട്ടി യോഗ്യനെന്ന് തങ്ങൾ പറയുന്നതിന്റെ പൊരുൾ എന്ത് ?

February 6, 2025 - 10:50 pm

തിരുവനന്തപുരം: ഐക്യ ജനാധിപത്യ മുന്നണിയുടെ രണ്ടാം കക്ഷിയായ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ നേതാവ് പാണക്കാട് സാദിഖ് അലി തങ്ങൾ കഴിഞ്ഞ ദിവസം ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ യുവജന വിഭാഗം സംഘടിപ്പിച്ച സാഹിത്യ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞ കാര്യങ്ങൾ പ്രത്യേക രാഷ്ട്രീയ ശ്രദ്ധ അർഹിക്കുന്നതാണ്. ആ നിലയിൽ രാഷ്ട്രീയ കേന്ദ്രങ്ങളും മത സാമുദായിക കേന്ദ്രങ്ങളും അതിനെ കാണുന്നുണ്ട് ചർച്ച ചെയ്യുന്നുണ്ട്. ആ കാര്യങ്ങളെ വിശകലനം ചെയ്യുകയാണ് ഈ റിപ്പോർട്ട് ‘

കോൺഗ്രസ് അനുവദിച്ചാൽ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാകാൻ തയ്യാർ

കോൺഗ്രസിൽ ഇപ്പോൾ ഒരുപാട് മുഖ്യമന്ത്രി സ്ഥാനാർത്ഥികൾ രംഗത്ത് വന്നു കഴിഞ്ഞു. ഇടതുമുന്നണി ഭരണം 2026 ഏപ്രിൽ നടക്കുന്ന തിരഞ്ഞെടുപ്പോടെ അവസാനിക്കും എന്നാണ് യുഡിഎഫും കോൺഗ്രസ് നേതൃത്വവും വിലയിരുത്തുന്നത്. യുഡിഎഫിന് ഭരണം ഉറപ്പാണ് എന്ന് വിചാരിക്കുന്നു. അതുകൊണ്ടു തന്നെ അവിടെ ഒരുപാട് മുഖ്യമന്ത്രി സ്ഥാനാർഥികൾ ഉണ്ടാകുന്നു.

കോൺഗ്രസിൽ ഏകാഭിപ്രായത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇല്ലെങ്കിൽ ലീഗ് സ്ഥാനാർത്ഥിയെ തരാം എന്നാണോ അർത്ഥം?

ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം കണ്ടെത്തണമെങ്കിൽ തങ്ങൾ പറഞ്ഞ വാക്കുകൾ പിന്തുടരണം. കോൺഗ്രസ് അനുവദിക്കുകയാണ് എങ്കിൽ ഐക്യ ജനാധിപത്യമുന്നണിയുടെ മുഖ്യമന്ത്രി ആയി ലീഗിന്റെ പി കെ കുഞ്ഞാലിക്കുട്ടി തയ്യാറാണ്. ഇതാണ് തങ്ങൾ പറഞ്ഞതിന്റെ സാരാംശം. ഇതിൽ രണ്ടു കാര്യങ്ങളുണ്ട്. ഒന്ന് കേരളം ഭരിക്കുവാൻ ലീഗ് ആഗ്രഹിക്കുന്നു, എന്ന് മാത്രമല്ല ലീഗിൻറെ മുഖ്യമന്ത്രിയാകാൻ പി കെ കുഞ്ഞാലിക്കുട്ടിയാണ് യോഗ്യൻ .

കോൺഗ്രസ് അനുവദിക്കുകയാണെങ്കിൽ മാത്രമാണ് ലീഗ് സംസ്ഥാന ഭരണം ഏറ്റെടുക്കുകയുള്ളൂ

ആദ്യത്തെ കാര്യം ലീഗിനുള്ളിലെ പ്രാധാന്യ ക്രമത്തെ കുറിച്ചാണ്. ലീഗിന്റെ എക്കാലത്തെയും പ്രാധാന്യം പാണക്കാട് കുടുംബത്തിന്റേതാണ്. പിന്നെയുള്ളത് ആര്? അത് കുഞ്ഞാലിക്കുട്ടി തന്നെ എന്നാണ് വ്യക്തമാക്കപ്പെട്ടത്. സംശയം ലീഗിനും വേണ്ട, കോൺഗ്രസിനും വേണ്ട, പ്രതിപക്ഷത്തുള്ളവർക്കും വേണ്ട, വാർത്തകൾ വായിക്കുന്ന ജനങ്ങൾക്കും വേണ്ട എന്നർത്ഥം.

രണ്ടാമത്തേത് കുറച്ചുകൂടി രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. കോൺഗ്രസ് അനുവദിക്കുകയാണെങ്കിൽ മുഖ്യമന്ത്രിപദം ഏറ്റെടുക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്.

ഒരു മുഖ്യമന്ത്രിയെ കണ്ടെത്തുവാൻ കോൺഗ്രസിന് കഴിയാതെ വരികയും അഥവാ ഒരാളെ കണ്ടെത്തിയാൽ ആ ഒറ്റ കാരണത്തിന്റെ പേരിൽ 2026-ൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ തമ്മിലടിയിലൂടെ അധികാരം ഉണ്ടാക്കാൻ കഴിയാതെ വരികയും ചെയ്യുന്ന ഒരു ഗതികേട് ഉണ്ട് എങ്കിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി കുഞ്ഞാലിക്കുട്ടിയെ ഞങ്ങൾ നൽകാം എന്ന് ഒരു അർത്ഥം ഉണ്ട്.

മറ്റൊരാർത്ഥം കേരളം ഭരിക്കാൻ ലീഗിന് ഇനിയും കഴിയും എന്നുതന്നെ

ഇതിൽ പുതിയതായി കാര്യമൊന്നുമില്ല. സി എച്ച് മുഹമ്മദ് കോയ കേരള മുഖ്യമന്ത്രിയായി ഇരുന്നിട്ടുണ്ട്. ലീഗ് എന്നല്ല ആർ എസ് പി നേതാവ് ഷിബു ബേബി ജോണിന് പോലും കേരളത്തിൻറെ മുഖ്യമന്ത്രിയാകുന്നതിന് ഓരോ അയോഗ്യതയും ഇല്ല. അങ്ങനെ നോക്കുമ്പോൾ ലീഗിൻറെ മുഖ്യമന്ത്രി വരുന്നത് എന്തെങ്കിലും കുഴപ്പം പിടിച്ച കാര്യമല്ല. അതിനുള്ള എല്ലാ അവകാശവും മുസ്ലിം ലീഗിനുണ്ട്. അങ്ങനെയൊരു ജനാധിപത്യ പാരമ്പര്യം സ്വീകരിക്കുവാനുള്ള സാഹചര്യം കേരളത്തിലും ഉണ്ട്.

പക്ഷേ 2026 ലീഗ് കേരളത്തിൽ മുഖ്യമന്ത്രിയെ ഉണ്ടാക്കും?

അതാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും പൊതു സമൂഹവും ശ്രദ്ധിക്കുന്ന ചോദ്യം. പാണക്കാട് തങ്ങൾ ഉദ്ദേശിച്ചത് 2026 -ൽ മുസ്ലിം ലീഗ് മുഖ്യമന്ത്രിയെ മുന്നിൽ നിർത്തി ഇടതുപക്ഷത്തെ നേരിട്ടാലോ എന്ന ആലോചനയല്ലേ? കോൺഗ്രസിനെ ഏക അഭിപ്രായത്തിൽ ഒരു നേതാവില്ലാതെ വരുന്ന സാഹചര്യത്തിൽ കുഞ്ഞാലിക്കുട്ടിയെ മുന്നണിയിൽ നിന്ന് പരീക്ഷിക്കുന്നതിൽ എന്താണ് തെറ്റ് എന്നല്ലേ തങ്ങൾ ചോദിക്കുന്നത്?

അതോ മുന്നണി മാറ്റമോ?

ഇതൊന്നുമല്ലെങ്കിൽ പിന്നെ എന്താണ് അർത്ഥം? ലീഗ് മുന്നണി വിട്ട് ഇടതുപക്ഷത്ത് വന്നാൽ എന്തായിരിക്കും ഐക്യ ജനാധിപത്യമുന്നണിയുടെ സ്ഥിതി? പദവികൾക്ക് വേണ്ടി തമ്മിലടിക്കുന്ന ഗ്രൂപ്പുകളായി വേറെ പിഴിഞ്ഞ കോൺഗ്രസ് എവിടെയെത്തും? ഐക്യ ജനാധിപത്യമുന്നണി എവിടെയെത്തും? ലീഗും ഇടതുമുന്നണിയും രാഷ്ട്രീയ അധികാരത്തിന്റെ കാര്യത്തിൽ സുരക്ഷിതരാകു? കോൺഗ്രസ് എവിടെയാകും? ആ ചോദ്യത്തിന്റെ അതിർവരമ്പുകളിലേക്ക് സാദിഖലി തങ്ങളുടെ സാഹിത്യ വേദിയിലെ പ്രസംഗം കൊണ്ടുചെല്ലുന്നുണ്ട്. അതിൽ കവിതയുണ്ട്. സാഹിത്യമുണ്ട്. കേരള രാഷ്ട്രീയത്തെ അട്ടിമറിക്കുന്ന രാഷ്ട്രീയ ചിന്തയും ഉണ്ട്.

അതോ മുന്നണി മാറ്റമോ?

മുന്നണി മാറ്റം എന്നുള്ളത് വിദൂരമായ ഒരു കാര്യമാണ് മുസ്ലിം ലീഗിനെ സംബന്ധിച്ച് ഇപ്പോൾ. അതുകൊണ്ട് മുന്നണി മാറി ഒരു മുഖ്യമന്ത്രിയെ ഉണ്ടാക്കുക എന്ന ലക്ഷ്യം ലീഗിനില്ല. എന്ന് മാത്രമല്ല മുന്നണി മാറി ഇടതുമുന്നണിയിലേക്ക് ചെന്നാൽ അവിടെ മുഖ്യമന്ത്രിയുടെ കസേര ഒഴിഞ്ഞു കിടക്കുക അല്ലല്ലോ. അപ്പോൾ പിന്നെ ഒരു കാര്യം വ്യക്തമാണ്. കോൺഗ്രസിനുള്ള മുന്നറിയിപ്പാണ്. നിങ്ങളെക്കാൾ നല്ല പാർട്ടി ഞങ്ങളുടെതാണ്. നമ്മൾ ഒരു മുന്നണിയാണ്. അധികാരമില്ലാതെ പത്തുകൊല്ലമായി പുറത്തുനിൽക്കുന്നു. അത് ഞങ്ങളുടെ കുഴപ്പമല്ല. അടുത്ത തെരഞ്ഞെടുപ്പ് വരികയാണ്. ആരാകണം മുഖ്യമന്ത്രി എന്ന് ആലോചിച്ച് തമ്മിലടിച്ച് അധികാരം നിർമ്മിക്കുവാനുള്ള സാധ്യത ഇല്ലാതാക്കുകയാണ് എങ്കിൽ ഞങ്ങൾക്ക് ഒരു പരിഹാരം നിർദ്ദേശിക്കാനുണ്ട്. നിങ്ങളുടെ പ്രശ്നം തീരുന്നതുവരെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയായിരിക്കട്ടെ. വി ഡി സതീഷിനെ പോലെ, രമേശ് ചെന്നിത്തലയെ പോലെ, കെസി വേണുഗോപാലിനെ പോലെ, മുരളി ധരനെപ്പോലെ ഒരാൾ അല്ലേ ഞങ്ങളുടെ കുഞ്ഞാലിക്കുട്ടിയും യുഡിഎഫിനെ സംബന്ധിച്ച് ?

ഇത്രയും ആണോ തങ്ങൾ ഉദ്ദേശിച്ചത്? ആയിരിക്കും എന്നാണ് കോൺഗ്രസും യുഡിഎഫ് കാരും ഇടതുപക്ഷവും വിചാരിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *