തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ മുന്നിലുള്ള ഇപ്പോഴത്തെ ലക്ഷ്യം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണെന്നും മികച്ച വിജയം സ്വന്തമാക്കാൻ കൂട്ടായി പ്രവർത്തിക്കണമെന്നും കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ ആന്‍റണി.കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു ആന്‍റണി. നിയമസഭാ തെരഞ്ഞെടുപ്പ് ചർച്ച പിന്നെ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനവസരത്തില്‍ ചർച്ച വേണ്ട
2026 അവിടെ നില്‍ക്കട്ടെ. അനവസരത്തില്‍ ചർച്ച വേണ്ടെന്നാണ് തന്‍റെ അഭിപ്രായമെന്നും ഈ അഭിപ്രായം വേണമെങ്കില്‍ സ്വീകരിക്കാമെന്നും സ്വീകരിക്കാതിരിക്കാമെന്നും ആന്‍റണി വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെക്കുറിച്ചാണ് ഇപ്പോള്‍ സജീവമായി ചർച്ച ചെയ്യേണ്ടത്. അതിനായി ഉള്ള ക്രമീകരണങ്ങളാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2026ല്‍ യുഡിഎഫിന് സംസ്ഥാനത്ത് ഭരണം കിട്ടുകയാണെങ്കില്‍ ആരാവും മുഖ്യമന്ത്രിയെന്നതിനെ ചൊല്ലി പാർട്ടിക്കുള്ളില്‍നിന്നുതന്നെ ചർച്ചകള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് വിമർശനവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് തന്നെ രംഗത്ത് വന്നത്. അനവസരത്തിലുള്ള ചർച്ചകള്‍ വേണ്ടെന്നും ഇത് ഗുണം ചെയ്യില്ലെന്നും അനുഭവത്തിന്‍റെ അടിസ്ഥാനത്തിലാണ് താൻ പറയുന്നതെന്നും ആന്‍റണി വ്യക്തമാക്കി