റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോണ്‍ഗ്രസില്‍ ആര് മുഖ്യമന്ത്രിയാകണമെന്ന് വെള്ളാപ്പള്ളിമാർ തീരുമാനിക്കേണ്ടന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഖിഫില്‍

December 21, 2024 - 6:03 am

കോഴിക്കോട്: കോണ്‍ഗ്രസില്‍നിന്ന് ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഖിഫില്‍. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ രമേശ് ചെന്നിത്തലയാണെന്ന് എസ്‌എൻഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഡിസംബർ 20 വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് ദുല്‍ഖിഫില്‍ ഫേസ്ബുക്കില്‍ വെള്ളാപ്പള്ളിക്കെതിരെ പോസ്റ്റിട്ടത്.

തീരുമാനിക്കാനുള്ള ആർജ്ജവവും കരുത്തും ഈ പാർട്ടിക്ക് ഉണ്ട്.

‘കോണ്‍ഗ്രസില്‍നിന്ന് ആര് മുഖ്യമന്ത്രി ആകണം എന്ന് തീരുമാനിക്കാനുള്ള ആർജ്ജവവും കരുത്തും ഈ പാർട്ടിക്ക് ഉണ്ട്. അത് ജനങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിക്കുന്ന എംഎല്‍എമാരും പാർട്ടി നേതൃത്വവും മുന്നണിയും ഹൈക്കമാൻഡും തീരുമാനിക്കും. അതില്‍ വെള്ളാപ്പള്ളിമാർ ഇടപെടുന്നത് ശരിയല്ല’ -ദുല്‍ഖിഫില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം:

‘കോണ്‍ഗ്രസിന്റെ ഏറ്റവും കരുത്തുറ്റ നേതാക്കളില്‍ ഒരാളാണ് ബഹുമാന്യനായ രമേശ്‌ ചെന്നിത്തല. ജനാധിപത്യ മതേതര നിലപാടുകള്‍ എന്നും ഉയർത്തി പിടിക്കുന്ന രമേശ്‌ ചെന്നിത്തലക്ക് ഇനിയും ഉന്നത പദവികളില്‍ എത്താൻ വെള്ളാപ്പള്ളിയെ പോലൊരാളിന്റെ ശുപാർശയുടെ ആവശ്യമൊന്നുമില്ല. സംഘപരിവാർ ആശയങ്ങളുമായി ചേർന്ന് നിന്നുകൊണ്ട് പാർട്ടി ഉണ്ടാകുകയും എൻഡിഎയുടെ ഘടകകക്ഷിയായി നില്‍ക്കുകയും ചെയ്തവർ ഇന്ന് പല തരം സമീപനവുമായി മുന്നോട്ട് വരുന്നത് ജാഗ്രതയോടെയാണ് ഞങ്ങള്‍ നോക്കി കാണുന്നത്. കോണ്‍ഗ്രസില്‍ നിന്ന് ആര് മുഖ്യമന്ത്രി ആകണം എന്ന് തീരുമാനിക്കാനുള്ള ആർജ്ജവവും കരുത്തും ഈ പാർട്ടിക്ക് ഉണ്ട്.

അത് ജനങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിക്കുന്ന എംഎല്‍എമാരും പാർട്ടി നേതൃത്വവും മുന്നണിയും ഹൈക്കമാന്റും തീരുമാനിക്കും. അതില്‍ വെള്ളാപ്പള്ളിമാർ ഇടപെടുന്നത് ശരിയല്ല. എല്ലാ കാലത്തും എട്ടുകാലി മമ്മൂഞ്ഞിന്റെ സമീപനം സ്വീകരിക്കുന്ന വെള്ളാപ്പള്ളിയെ പോലുള്ളവരുടെ സർട്ടിഫിക്കറ്റ് രമേശ്‌ ചെന്നിത്തലയെപോലൊരു മതേതര നേതാവിന് ആവശ്യമില്ല. കേരളത്തില്‍ അടുത്ത തവണ വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് ജനങ്ങള്‍ തീരുമാനം എടുത്ത് മുന്നോട്ടു പോകുമ്പോള്‍ വെള്ളാപ്പള്ളിയെ പോലുള്ളവർ നടത്തുന്ന പ്രസ്താവനകള്‍ കുളം കലക്കാനുള്ള ശ്രമം ആണോ എന്ന് ജാഗ്രതയോടെ ഞങ്ങള്‍ നിരീക്ഷിക്കും’

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *